Connect with us

Covid19

കൊവിഡ് പറഞ്ഞ് പൂര്‍ണഗര്‍ഭിണിക്ക് ആശുപത്രികള്‍ യഥാസമയം ചികിത്സ നൽകിയില്ല; ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു

Published

|

Last Updated

മലപ്പുറം | കൊവിഡിന്റെ പേരില്‍ പൂര്‍ണഗര്‍ഭിണിയെ മെഡിക്കല്‍ കോളജുകളും സ്വകാര്യ ആശുപത്രികളും യഥാസമയം ചികിത്സ നൽകാത്തതിന്റെയൊടുവിൽ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു. ഗര്‍ഭിണി നേരത്തേ കൊവിഡ് പോസിറ്റീവായത് ചൂണ്ടിക്കാട്ടിയാണ് പല ആശുപത്രികളും കൈയൊഴിഞ്ഞത്. ഒരാശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്ക് 36 മണിക്കൂറോളമാണ് ഗര്‍ഭിണിക്കും കുടുംബത്തിനും ഓടേണ്ടിവന്നത്. മാധ്യമപ്രവർത്തകൻ കിഴിശ്ശേരി എന്‍ സി ഷരീഫ്- സഹല ദമ്പതികള്‍ക്കാണ് ഈ ദുര്യോഗം.

ഗര്‍ഭിണിക്ക് നേരത്തേ കൊവിഡ് പോസിറ്റീവ് ആയെങ്കിലും ഈ മാസം 15ന് നെഗറ്റീവ് ആയിരുന്നു. പ്രസവവേദന വന്നതോടെ ശനിയാഴ്ച പുലര്‍ച്ചെ 4.30ന് ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് യുവതി പോയത്. എന്നാല്‍, കൊവിഡ് ആശുപത്രിയായതിനാല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മടക്കി. തുടര്‍ന്ന് രാവിലെ 11 ഓടെ മഞ്ചേരിയില്‍ നിന്നും കോഴിക്കോട് കോട്ടപറമ്പുള്ള മാതൃശിശു ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ഉച്ചയോടെ കോട്ടപറമ്പ് ഗവ. ആശുപത്രിയിലെത്തിയെങ്കിലും ഒ പി സമയം കഴിഞ്ഞെന്നു പറഞ്ഞ് അവിടെനിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. വഴിമധ്യേ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയെ സമീപ്പിച്ചെങ്കിലും അഡ്മിറ്റാവാന്‍ പറഞ്ഞ ശേഷം ചികിത്സ തടയപ്പെട്ടു.

ഒടുവില്‍ മുക്കം കെ എം സി ടി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ഫലവുമായി ശനിയാഴ്ച വൈകുന്നേരം ആറരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കെ എം സി ടിയില്‍ നടത്തിയ സ്‌കാനിങ്ങില്‍ കുഞ്ഞുങ്ങള്‍ക്ക് മിടിപ്പില്ലെന്ന് വ്യക്തമായിരുന്നു. ഇതിനിടെ മലപ്പുറം ഡി എം ഒ. ഡോ. സക്കീന ആരോഗ്യമന്ത്രി കെ കെ ശൈലജയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വൈകിയെങ്കിലും ഗര്‍ഭിണിയെ ചികില്‍സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് തയാറായത്.

ആരോഗ്യമന്ത്രി മെഡിക്കല്‍ കോളജ് സുപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ട് ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതുപ്രകാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കി വൈകീട്ടോടെ ശസ്ത്രക്രിയവഴി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.