Connect with us

National

യു പിയിലെ കൂട്ട ബലാത്സംഗം: നാലു പേര്‍ അറസ്റ്റില്‍, യുവതിയുടെ നില അതീവ ഗുരുതരം

Published

|

Last Updated

ലക്‌നോ | ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം നാക്കു മുറിച്ചെടുത്ത കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. സവര്‍ണ ജാതിക്കാരായ സന്ദീപ്, ഇയാളുടെ അമ്മാവന്‍ രവി, സുഹൃത്ത് ലുവ് കുഷ്, രാമു തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. അലിഗഢിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമാണ്. യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്.

ഈ മാസം 14 ന് ആണ് 19കാരിയായ യുവതി ബലാത്സംഗത്തിനിരയായത്. മാതാവിനും സഹോദരനുമൊപ്പം വയലില്‍ പോയപ്പോഴാണ് സംഭവം. സഹോദരന്‍ പുല്ലുമായി വീട്ടിലേക്ക് തിരിക്കുകയും മാതാവ് കുറച്ചപ്പുറത്തേക്ക് നീങ്ങുകയും ചെയ്ത സമയത്താണ് ക്രൂരമായ ബലാത്സംഗം നടന്നത്. യുവതിയുടെ കഴുത്തില്‍ ദുപ്പട്ട കൊണ്ട് മുറുക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് യുവതിയെ ബോധരഹിതയായ നിലയില്‍ വയലില്‍ കണ്ടെത്തിയത്. എന്നാല്‍, പരാതി നല്‍കി അഞ്ച് ദിവസത്തോളം പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.

കൂട്ട ബലാത്സംഗം, കൊലപാതക ശ്രമം, ദളിത് സംരക്ഷണ നിയമം എന്നീ ഐ പി സി വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തതായി ഹത്രസ് എസ് പി. വിക്രന്ത് വിര്‍ പറഞ്ഞു. സംഭവ സ്ഥലത്തു നിന്ന് എല്ലാ തെളിവുകളും ശേഖരിച്ചു കഴിഞ്ഞതായും കുറ്റപത്രം തയാറാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ രേഖകളും അടിയന്തര നടപടിക്കായി അതിവേഗ കോടതിയില്‍ സമര്‍പ്പിക്കും.

---- facebook comment plugin here -----

Latest