ഐക്യരാഷ്ട്ര സഭയുടെ ഘടനയില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന് പ്രധാനമന്ത്രി

Posted on: September 26, 2020 8:15 pm | Last updated: September 27, 2020 at 8:10 am

ന്യൂഡല്‍ഹി |  ഐക്യരാഷ്ട്ര സഭയുടെ ഘടനയില്‍ നിര്‍ണായക പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന യു എന്‍ രക്ഷാസമിതിയില്‍ നിന്ന് എത്ര കാലം ഇന്ത്യയെ പുറത്ത് നിര്‍ത്താനാകുമെന്നും മോദി ചോദിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ദുര്‍ബലരായിരുന്ന കാലത്ത് ഞങ്ങള്‍ ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ശക്തരായപ്പോള്‍ ഞങ്ങള്‍ ഭീഷണിയും ഉയര്‍ത്തിയില്ല. ഒരു രാജ്യത്തിന് എത്രകാലം കാത്തിരിക്കേണ്ടി വരും.

സമാധാന പാലനത്തിനിടെ ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടപ്പെട്ട രാജ്യമാണ് ഇന്ത്യ. രാജ്യം ഐക്യരാഷ്ട്ര സഭക്ക് നല്‍കിയ സംഭാവനകള്‍ കാണുമ്പോള്‍ ഇന്ന് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നത്, ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്ക് കാര്യമായ പങ്കാളിത്തം ലഭിക്കണം.

യു.എന്നിന്റെ കഴിഞ്ഞ 75 വര്‍ഷത്തെ പ്രകടനത്തെ വിലയിരുത്തുകയാണെങ്കില്‍ നിരവധി മികച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. എന്നാല്‍ അതേസമയം തന്നെ ഗൗരവതരമായ ആത്മപരിശോധന നടത്തേണ്ട സമയങ്ങളുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം കൊവിഡിനെതിരായ പോരാട്ടത്തിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ യു എന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് പരിശോധിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.