Connect with us

Kerala

'കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല'; എസ് വൈ എസ് പാതയോര സമരം ഇന്ന്

Published

|

Last Updated

കോഴിക്കോട്  | രാജ്യത്തെ പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന അന്താരാഷ്ട്ര എയര്‍പോര്‍ട്ടായ കോഴിക്കോട് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങള്‍ക്കെതിരെ ” കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല ” എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഇന്ന് പാതയോര സമരം സംഘടിപ്പിക്കും. കോഴിക്കോട് – മലപ്പുറം ദേശീയ പാതയിലെ 54 കിലോ മീറ്റര്‍ ദൂരം പ്രധാന ടൗണുകളില്‍ 20 പ്രവര്‍ത്തകര്‍ വീതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു സമരത്തില്‍ അണിചേരും. വൈകുന്നേരം 5 മണി മുതല്‍ 5.30 വരെയാണ് സമരം നടക്കുക.

പ്രധാന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ കൂടുതലായി ആശ്രയിക്കുന്ന പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇടിമുഴിക്കല്‍ – ചങ്ങരംകുളം, കരിങ്കല്ലത്താണി – ചിറക്കല്‍, കോഴിക്കോട് – കുഞ്ഞിപ്പള്ളി, കോഴിക്കോട് – അടിവാരം, അടിവാരം – സുല്‍ത്താന്‍ ബത്തേരി എന്നീ കേന്ദ്രങ്ങളില്‍ അനുബന്ധ സമരങ്ങള്‍ നടക്കും. കോഴിക്കോട് മുതലക്കുളത്തു എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫിയും, മലപ്പുറം കുന്നുമ്മലില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാടും ആദ്യ കണ്ണിയായി സമരത്തില്‍ അണിചേരും. സംസ്ഥാന, ജില്ലാ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കും.
32 വര്‍ഷമായി പൊതുമേഖലയില്‍ വളരെ ലാഭകരമായി പ്രവര്‍ത്തിച്ചു വരുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണം എന്നതാണ് സമരത്തിലെ പ്രധാന ആവശ്യം. മലബാറിന്റെ വാണിജ്യ കാര്‍ഷിക വ്യാവസായിക ടൂറിസ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടിയ കോഴിക്കോട് വിമാനത്താവളത്തിനു അര്‍ഹിക്കുന്ന പരിഗണന ഇതുവരെ ലഭിച്ചില്ല. തുടര്‍ച്ചയായുള്ള അവഗണന ഇനിയും തുടരാന്‍ അനുവദിച്ചു കൂടാ.

റണ്‍ വേ നീളം വര്‍ധിപ്പിക്കുക, ഇമാസ് സ്ഥാപിക്കുക, വിമാനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഏപ്രണ്‍ വീതി കൂട്ടുക, ഡൊമെസ്റ്റിക് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ കണക്റ്റിവിറ്റി ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന കാലതാമസം ഒഴിവാക്കണം. എല്ലാ വലിയ വിമാനങ്ങള്‍ക്കും ഡി ജി സി എ, ഐ സി എ ഒ എന്നീ ഏജന്‍സികളുടെ മുഴുവന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കുന്ന എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ മാസം നടന്ന വിമാനാപകടത്തിന്റെ പേരില്‍ മാത്രം അനുമതി നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല. മലബാറിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് വലിയ തോതില്‍ ഉപകാരപ്പെടുന്ന എയര്‍പോര്‍ട്ടിനോടു അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെയാണ് എസ് വൈ എസ് കഴിഞ്ഞ ഒരു മാസമായി പ്രക്ഷോഭം നടത്തിവരുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി സമര പ്രഖ്യാപനം, നില്‍പ്പ് സമരം, ചര്‍ച്ച സമ്മേളനം, സമര സംഗമം തുടങ്ങിയ പരിപാടികള്‍ നടന്നു. കേരളത്തില്‍ നിന്നും മുഴുവന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ക്കും, എം എല്‍ എ മാര്‍ക്കും വിഷയത്തില്‍ ഇടപെടണമെന്ന് കാണിച്ചു കത്തയക്കുകയും, കേന്ദ്ര സര്‍ക്കാരിന് ഒരു ലക്ഷം ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്.