ബിഹാർ: ശക്തി സംഭരിക്കാൻ മഹാസഖ്യം

Posted on: September 26, 2020 7:25 am | Last updated: September 26, 2020 at 7:25 am

രാജ്യത്താകെ ബി ജെ പി തേരോട്ടം നടത്തുന്ന ഘട്ടത്തിൽ, പ്രതിപക്ഷ കക്ഷികളുടെ ഒന്നിച്ചുള്ള പ്രതിരോധത്തിന്റെ ആദ്യ പരീക്ഷണ വിജയമായിരുന്നു 2015ലെ ബിഹാർ തിരഞ്ഞെടുപ്പ്. ഇക്കുറിയും മഹാസഖ്യ പരീക്ഷണം തന്നെയാണ് ബി ജെ പിയേയും സഖ്യകക്ഷികളേയും നേരിടാൻ കോൺഗ്രസിന്റെയും ആർ ജെ ഡിയുടേയും നേതൃത്വത്തിൽ സജ്ജീകരിക്കുന്നത്.

ലാലു പ്രസാദ് യാദവിന്റെ ആർ ജെ ഡി, കോൺഗ്രസ്, നിതീഷ് കുമാറിന്റെ ജെ ഡി യു ഉൾപ്പെടെ ബി ജെ പി വിരുദ്ധ കക്ഷികൾ ചേർന്നാണ്് മഹാഘഡ്ബന്ധൻ (മഹാസഖ്യം) എന്ന പേരിൽ 2015ൽ സഖ്യം രൂപവത്കരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മഹാസഖ്യത്തിലെ കക്ഷിയായിരുന്ന നിതീഷ് കുമാറിന്റെ ജെ ഡി യു അധികാരം ലഭിച്ചതിന് ശേഷം മഹാസഖ്യം വിട്ട് ബി ജെ പിയോടൊപ്പം ചേർന്നു. വലിയ രാഷ്ട്രീയ ചതി. ഇതോടെ മഹാസഖ്യത്തിന് അധികാരം നഷ്ടമാകുകയും സഖ്യത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം എന്ന പേരിൽ സീറ്റ് പങ്കിട്ടെടുത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പരാജയം നേരിടേണ്ടി വന്നു. എന്നാൽ വീണ്ടും ബിഹാർ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പാർട്ടികളുടെ തരം തിരിക്കലിൽ ചെറിയ വിത്യാസങ്ങളുണ്ടെങ്കിലും ബി ജെ പി നയിക്കുന്ന എൻ ഡി എയും മഹാസഖ്യവും തമ്മിലാണ് ഇക്കുറിയും പോരാട്ടം നടക്കുക.

ലാലു പ്രസാദ് യാദവിന്റെ ആർ ജെ ഡിയും കോൺഗ്രസും മറ്റ് ചെറുകക്ഷികളും ചേർന്നാണ് മഹാസഖ്യം വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള കക്ഷികൾ ഒരുമിച്ച് നിൽക്കും. മഹാസഖ്യം കൂടുതൽ വിശാലമാക്കാൻ ആലോചിക്കുന്നതിന് പിന്നിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി കൂടിയുണ്ട്. യുവ നേതാക്കളെ മുന്നിൽ നിർത്തി തികച്ചും പുതുമയാർന്ന പോരാട്ടം നടത്താനാകുമോയെന്നാണ് സഖ്യം ആരായുന്നത്.

സി പി എം, സി പി ഐ, സി പി ഐ (എം എൽ) എന്നീ ഇടത് പാർട്ടികളെ സഖ്യത്തിന്റെ ഭാഗമാക്കാനാണ് നീക്കം. ഇതോടെ ആർ ജെ ഡിയുടെ തേജ്വസി യാദവ്, സി പി ഐയുടെ കനയ്യകുമാർ ഉൾപ്പെടെയുള്ള യുവ നിരയായിരിക്കും മഹാസഖ്യത്തിന്റെ മുന്നണി പോരാളികൾ. അതേസമയം, നേരത്തേ മഹാസഖ്യത്തിനൊപ്പമുള്ള ആർ എൽ എസ് പി അടക്കമുള്ള ചില കക്ഷികൾ ആർ ജെ ഡിയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് സഖ്യം ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നതായും വാർത്തകളുണ്ട്. മുൻ കേന്ദ്രമന്ത്രിയും ആർ എൽ എസ് പി നേതാവുമായ ഉപേന്ദ്ര കുശ്വാഹ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. നേതൃതലത്തിലുള്ള പ്രശ്‌നങ്ങളിൽ ആർ ജെ ഡി പരിഹാരം കണ്ടില്ലെങ്കിൽ തങ്ങൾക്ക് മറ്റ് വഴികൾ തേടുണ്ടിവരുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഏത് പ്രതിസന്ധിയും നീക്കാൻ കെൽപ്പുള്ള ബിഹാറിന്റെ പ്രിയ പുത്രൻ ലാലു പ്രസാദ് യാദവ് ഗോദയിലില്ലാത്തതിന്റെ പ്രശ്‌നമാണിതെല്ലാം. മകൻ തേജസ്വിയെ അംഗീകരിക്കാൻ പഴയ പല നേതാക്കൾക്കും സാധിക്കുന്നില്ല. എൻ ഡി എയിലെ അസ്വാരസ്യങ്ങൾ അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിനായി സജ്ജമായിട്ടുണ്ടെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. സ്വാഭാവികമായും നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാണ് എൻ ഡി എ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇക്കാര്യം ബി ജെ പി ദേശീയ നേതൃത്വം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ  കോണ്‍ഗ്രസും ഹിന്ദുത്വ താത്പര്യങ്ങളും

ജിതൻ റാം മാഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ അവാം മോർച്ച (സെക്യുലർ) എച്ച് എ എം (എസ്) മഹാസഖ്യം സഖ്യം വിട്ടത് എൻ ഡി എക്ക് വലിയ ഊർജം സമ്മാനിച്ചിട്ടുണ്ട്. മഹാസഖ്യത്തിന് വൻ തിരിച്ചടിയാണ് ഇതുണ്ടാക്കിയത്. ഭാവി കാര്യങ്ങളെ കുറിച്ച് തീരുമാനിക്കാൻ മാഞ്ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് എച്ച് എ എം വക്താവ് ഡാനിഷ് റിസ്‌വാൻ പറഞ്ഞത്. ‘ഞങ്ങൾ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു. ഒന്നു പോലും ചർച്ച ചെയ്യാൻ അവർ തയ്യാറായില്ല. വിഷയങ്ങൾ ചർച്ച ചെയ്യാൻ സമിതി രൂപവത്കരിക്കണമെന്ന നിർദേശവും കോൺഗ്രസ് ചെവികൊണ്ടില്ല. രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. രാഷ്ട്രീയം സാധ്യതകളുടെ ഇടമാണെ’ന്നും റിസ്‌വാൻ പറയുന്നു. ജെ ഡി യുവിൽ ലയിക്കാനാണ് സാധ്യതയെന്ന് മാഞ്ജിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. അങ്ങനെ എൻ ഡി എയിലെത്താനാണ് പദ്ധതി. നേരത്തേ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കടുത്ത വിമർശകനായ മാഞ്ജി ഈയിടെ സർക്കാറിന്റെ പദ്ധതികളെ വാഴ്ത്തി രംഗത്തെത്തിയിരുന്നു. നേരത്തേ എൻ ഡി എയിലായിരുന്ന മാഞ്ജി സമവായത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയിരുന്നു. നിതീഷിനായി മുഖ്യമന്ത്രി പദം ഒഴിഞ്ഞതോടെ എൻ ഡി എ വിട്ട് വിശാല സഖ്യത്തിലെത്തി. ബിഹാർ നിയമസഭയിലും ലെജിസ്‌ലേറ്റീവ് കൗൺസിലിലും എച്ച് എ എമ്മിന് ഓരോ അംഗങ്ങളുണ്ട്. മാഞ്ജി കൂടെയുണ്ടെങ്കിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പിന്തുണ ഉറപ്പിക്കാമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ കണക്കു കൂട്ടുന്നു. ഇതിന്റെ പ്രതിഫലനം രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടിയോടുള്ള സമീപനത്തിലാണ് കാണുന്നത്. പാസ്വാന്റെ പാർട്ടി എൻ ഡി എയിൽ വേണമെന്നില്ലെന്ന് നിതീഷ് നിലപാടെടുത്ത് കഴിഞ്ഞു. അസുഖബാധിതനായ സീനിയർ പാസ്വാൻ തന്റെ മകൻ ചിരാഗ് പാസ്വാനെയാണ് കാര്യങ്ങളൊക്കെ ഏൽപ്പിച്ചിരിക്കുന്നത്. ചിരാഗ് ആകട്ടേ നിതീഷ് കുമാറിന്റെ കടുത്ത വിമർശകനാണ്. നിതീഷിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി ഉറപ്പാണെന്ന് ചിരാഗ് തുറന്നടിക്കുന്നു. എൻ ഡി എയിൽ നീതി കിട്ടുന്നില്ലെങ്കിൽ മറ്റു വഴി തേടുമെന്നാണ് ചിരാഗിന്റെ ഭീഷണി. സത്യത്തിൽ നിതീഷ് ആഗ്രഹിക്കുന്നത് ഇത് തന്നെയാണ്. പക്ഷേ, പാസ്വാന്റെ പാർട്ടിയെ കൈയൊഴിയാൻ ബി ജെ പി ഒരുക്കമല്ല. നിതീഷ് അതിശക്തനാകാതിരിക്കാൻ തുറന്ന വിമർശനം നടത്തുന്ന ചിരാഗ് പാസ്വാൻ കൂടെയുണ്ടാകുന്നത് നല്ലതാണെന്ന് ബി ജെ പി നേതൃത്വം കരുതുന്നു. മാത്രവുമല്ല, പാസ്വാന്റെ പാർട്ടി മഹാസഖ്യത്തിൽ എത്തിയാൽ അത് അവർക്ക് നൽകുന്ന ഊർജം വലുതായിരിക്കുമെന്ന് ബി ജെ പി തിരിച്ചറിയുന്നു. ഒരു ഭാഗത്ത് മാഞ്ജിയുടെ വരവ്, മറുഭാഗത്ത് ചിരാഗിന്റെ ചാഞ്ചാട്ടം. രണ്ടും ചേരുമ്പോൾ വലിയ പ്രശ്‌നമില്ലെന്ന നിലപാടിലാണ് നിതീഷ്.

നിതീഷ് കുമാറിനെ ചതിക്കാൻ പോകുന്നത് അദ്ദേഹത്തിന്റെ അമിത ആത്മവിശ്വാസമാണ്. കർഷക സമരത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിൽ ഈ അഹങ്കാരം നിഴലിക്കുന്നുണ്ട്. സമരം തീർത്തും അനാവശ്യമാണെന്നും പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കർഷകർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണെന്നും നിതീഷ് കുമാർ പറയുന്നു. ബിഹാറിൽ ശക്തമായ പ്രക്ഷോഭം നടക്കുമ്പോൾ ഇങ്ങനെയൊരു നിലപാടെടുത്തത് അദ്ദേഹത്തിന്റെ ഒപ്പമുള്ളവരെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. കേന്ദ്രം അവതരിപ്പിച്ച മൂന്ന് ബില്ലുകൾക്കെതിരെയും ശക്തമായ പ്രതിഷേധവുമായി ആർ ജെ ഡിയും കോൺഗ്രസും രംഗത്തുണ്ട്. കർഷക സമരം ഏകോപിപ്പിക്കാൻ ഈ പാർട്ടികൾ പ്രധാന പങ്കു വഹിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിതീഷ് കുമാർ കാർഷിക ബില്ലിൽ മെല്ലപ്പോക്ക് നയം സ്വീകരിക്കുമെന്ന അനുമാനങ്ങൾ ബീഹാറിലെ പ്രതിക്ഷ പാർട്ടികൾക്കിടയിലുണ്ടായിരുന്നു. എന്നാൽ ഇതിനിടയിലാണ് ബില്ലിനെ അനുകൂലിച്ചും കർഷക സമരം തീർത്തും അനാവശ്യമാണെന്നും പറഞ്ഞ് നിതീഷ് കുമാർ രംഗത്തെത്തിയത്. ഫാം ബില്ലിനെക്കുറിച്ച് ഒന്നും അറിയാത്തവരാണ് ബില്ലിനെതിരെ വിമർശനം ഉന്നയിക്കുന്നതെന്നും നിതീഷ് കുമാർ പറയുന്നു. ഇത് അവസരമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
ഏതായാലും കൊവിഡ് ഭീതിക്കിടെ ബിഹാർ ബൂത്തിലേക്ക് പോകുകയാണ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലാണ് വോട്ടെടുപ്പ്. നവംബർ 10ന് ഫലപ്രഖ്യാപനം ഉണ്ടാകും. 243 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. അടിമുടി മാറ്റത്തോടെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടിംഗിന് അധികസമയം അനുവദിക്കും. സമ്പർക്കം പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രചരണവുമായിരിക്കും നടക്കുക. കൊവിഡ് അവസാനിക്കുന്ന ലക്ഷണങ്ങൾ കാണാത്ത സാഹചര്യത്തിൽ ജനപ്രതിനിധികളെ കണ്ടെത്താനും ജനങ്ങളുടെ ആരോഗ്യകാര്യം സംരക്ഷിക്കാനും പ്രതിവിധി കണ്ടത്തേണ്ടതുണ്ടെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറയുന്നത്.

ALSO READ  ക്ലാസ് മുറിയിൽ എന്ത് സംഭവിക്കും?

കപ്പിത്താനില്ലാതെ, യുവ നേതാക്കളിൽ വിശ്വാസമർപ്പിച്ച് നീങ്ങുന്ന മഹാസഖ്യം. സേഫ് സോണിലാണെന്ന് ഉറച്ച് വിശ്വസിക്കുന്ന എൻ ഡി എ സഖ്യം. ബിഹാറിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധം ആരുടെ കൂടെയെന്നറിയാനുള്ള ദിവസങ്ങളാണ് വരാനിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ വർഗീയ വിഭജന കോർപറേറ്റ് നയങ്ങൾ ശരിയായ നിലയിൽ ജനങ്ങളിൽ എത്തിക്കുകയെന്നത് തന്നെയാണ് നിതീഷിനെ സമ്മർദത്തിലാക്കാനുള്ള തന്ത്രം. കാരണം അദ്ദേഹം ബി ജെ പി പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറം കേന്ദ്ര നയങ്ങളെ പിന്തുണക്കുന്നയാളാണ്. വിജയിച്ച മുഖ്യമന്ത്രിയല്ല അദ്ദേഹം. കൊവിഡ് പ്രതിരോധത്തിലെ പാളിച്ച മാത്രം മതി ഇതിന് തെളിവ്. പ്രതിപക്ഷത്തിന്റെ ദൗർബല്യത്തിലാണ് അദ്ദേഹത്തിന്റെ ആശ്രയം മുഴുവൻ. യഥാർഥ സഖ്യം സാധ്യമാകുകയും കേന്ദ്ര- സംസ്ഥാന ഭരണത്തിന്റെ ജനവിരുദ്ധത കൃത്യമായി പ്രചാരണത്തിൽ കൊണ്ടുവരാനും സാധിച്ചാൽ ബിഹാറിൽ കാറ്റ് മാറിവീശും.