മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരം: കേരള മുസ്‌ലിം ജമാഅത്ത്

Posted on: September 24, 2020 9:09 pm | Last updated: September 25, 2020 at 11:38 am

കോഴിക്കോട് | വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും സര്‍വ്വാദരണീയവുമാണെന്നിരിക്കെ പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

വിശ്വസിക്കാനും അവിശ്വസിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങള്‍ അനാദരിക്കപ്പെടരുത്. അപ്പോള്‍ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന വിവാദങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടുകള്‍ക്ക് പകരം വിവേകപരമായ സമീപന രീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ യോഗത്തില്‍ കെ.പി അബൂബക്കര്‍ മൗലവി പട്ടുവം, പ്രെഫ: എ.കെ അബ്ദുല്‍ ഹമീദ്, സി.പി മൂസ ഹാജി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സിദ്ദീഖ് ഹാജി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സൈഫുദ്ദീന്‍ ഹാജി, സി പി സെയ്തലവി ചെങ്ങര സംബന്ധിച്ചു.