കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട്; ലൈഫ് പദ്ധതി ലക്ഷ്യത്തിലേക്ക് കുതിക്കുന്നു

Posted on: September 24, 2020 7:56 pm | Last updated: September 24, 2020 at 10:21 pm

തിരുവനന്തപുരം | കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കുന്ന ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 14 ജില്ലകളിലായി പണിയുന്ന 29 ഭവന സമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചതോടെയാണിത്. 29 ഭവന സമുച്ചയങ്ങളിലായി 1,285 കുടുംബങ്ങള്‍ക്കാണ് വീട് ലഭിക്കുക. മൊത്തം 181.22 കോടി രൂപ ചെലവു വരുന്ന ഈ സമുച്ചയങ്ങള്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും.

ലൈഫിന്റെ മൂന്നാം ഘട്ടമായാണ് ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്ക് ഭവന സമുച്ചയങ്ങളില്‍ പാര്‍പ്പിടം നല്‍കുന്നത്. സ്ഥലം വാങ്ങി വീടുവെച്ചുകൊടുക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അങ്ങനെ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 1,35,769 ഗുണഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. ഭവന സമുച്ചയങ്ങള്‍ക്ക് 300ഓളം സ്ഥലങ്ങള്‍ കണ്ടെത്തുകയും 101 എണ്ണം നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 12 സമുച്ചയങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. 101 സമുച്ചയങ്ങളും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.

ഭവന നിര്‍മാണരംഗത്ത് സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഇടപെടലാണ് കേരളത്തിന്റെ ലൈഫ്. തലചായ്ക്കാനിടമില്ലാത്ത ഒരു കുടുംബവും കേരളത്തില്‍ ഉണ്ടാകരുതെന്ന ദൃഢനിശ്ചയത്തിലാണ് ഈ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. ഇതിനകം തന്നെ 2,26,518 വീടുകള്‍ പൂര്‍ത്തിയാക്കി. ഒന്നര ലക്ഷത്തോളം പേര്‍ക്കുള്ള വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതിയിലൂടെ രണ്ടായിരത്തിലേറെ വീടുകള്‍ നിര്‍മിച്ചു കൈമാറി. പട്ടികജാതി വകുപ്പ് 19,247 വീടുകളും പട്ടികവര്‍ഗ വകുപ്പ് 1,745 വീടുകളും ഫിഷറീസ് വകുപ്പ് 4,177 വീടുകളും പൂര്‍ത്തിയാക്കി. മൊത്തം 8,068 കോടി രൂപയാണ് ഇതുവരെ വീടുനിര്‍മാണത്തിനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്. വ്യത്യസ്ത പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

ലൈഫിലെ മൂന്നു ഘട്ടങ്ങളിലും ഉള്‍പ്പെടാതെ പോയ നിരവധി പേര്‍ വീടെന്ന സ്വപ്നവുമായി കഴിയുന്നുണ്ട്. അവരുടെ സ്വപ്നവും സര്‍ക്കാര്‍ സഫലമാക്കും. അതിനു വേണ്ടിയാണ് ലൈഫ് മിഷന്‍ വീണ്ടും അപേക്ഷ ക്ഷണിച്ചത്. തികച്ചും സുതാര്യമായ പ്രക്രിയയിലൂടെ ഗുണഭോക്തൃ പട്ടികയുണ്ടാക്കി അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ വീടു ലഭ്യമാക്കും.

വീടില്ലാത്തവര്‍ക്ക് വീടും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഒരുക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധഃസ്ഥിതരുടെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികളുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനും കരിവാരിത്തേക്കാനും ചിലര്‍ രംഗത്തുണ്ടെ ന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍, ജനങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളോ അപവാദ പ്രചാരണമോ കാരണം സര്‍ക്കാര്‍ ഉപേക്ഷിക്കില്ല- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക്

കൊവിഡിന് ശേഷമുള്ള കാലം വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യംവെക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ നിര്‍മാണത്തിന് ഇന്ന് തുടക്കം കുറിച്ചു. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിന്റെയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഒമ്പത് ഏക്കര്‍ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണ് മെഡ്‌സ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം 150 കോടി രൂപയാണ്. 80 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. മെഡിക്കല്‍ ഗവേഷണം, പുതിയ മെഡിക്കല്‍ ഉപകരണങ്ങളുടെ വികസിപ്പിക്കല്‍, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിര്‍ണയം തുടങ്ങി വൈദ്യശാസ്ത്ര ഉപകരണ വിപണി ആവശ്യപ്പെടുന്ന എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് മെഡ്‌സ് പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്.