Connect with us

Articles

കിട്ടിയാലൊരു മഅ്ദനി; പോയാലൊരു ജലീല്‍

Published

|

Last Updated

രക്തരൂഷിതമായ അവസാന കലാപത്തിന് കേരളമണ്ണ് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്, അഥവാ അത് തുടങ്ങിക്കഴിഞ്ഞു എന്നും പറയാം. ഇന്ത്യയിലെ അവശേഷിക്കുന്ന ഇടതു ഭരണത്തെ കേരള സംസ്ഥാനത്തു നിന്ന് തുടച്ചുനീക്കാനുള്ള വലതുപക്ഷത്തിന്റെ മഹാമുന്നണി പ്രത്യക്ഷമായും പരോക്ഷമായും എന്നേ രൂപപ്പെട്ടുകഴിഞ്ഞു. ദിനം ദിനം പൊട്ടുന്ന ബോംബുകള്‍ മറ്റൊന്നുമല്ല കേള്‍പ്പിക്കുന്നത്. അക്കൂട്ടത്തിലവസാനമടിച്ച ലോട്ടറിയാണ് മന്ത്രി കെടിജലീലിനെ ഇ ഡി ചോദ്യംചെയ്തു എന്ന വാര്‍ത്ത അഥവാ യാഥാര്‍ഥ്യാനന്തര യാഥാര്‍ഥ്യം(പോസ്റ്റ് ട്രൂത്ത്).

പോസ്റ്റ് ട്രൂത്തിനെ സംബന്ധിച്ച നിര്‍വചനമോ സൈദ്ധാന്തിക വ്യാഖ്യാനമോ നല്‍കേണ്ടതില്ലാത്ത വിധത്തില്‍ സ്പഷ്ടമായ ഒരു ഉദാഹരണമാണ് ജലീലുമായി ബന്ധപ്പെട്ട് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍. ജലീലിനെ ഇ ഡി ചോദ്യംചെയ്തു എന്ന വാര്‍ത്ത ബ്രേക്ക് ചെയ്ത ഉടനെ കേരളമെങ്ങും കലാപങ്ങള്‍ ആരംഭിച്ചു. ബി ജെ പി മുന്നില്‍ നിന്ന് നടത്തുന്ന സമരങ്ങള്‍ക്കൊപ്പം യു ഡിഎഫ് മുഖ്യകക്ഷികളായ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സമരങ്ങളുമുണ്ടായി. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു മുന്നിലേക്ക്, ഷാജികൈലാസ് സിനിമയിലെന്നോണം മറ്റൊരുവണ്ടി ഇടിച്ചുകയറ്റി അപകടംവരെ സൃഷ്ടിക്കാനുള്ള നിഷ്ഠൂരശ്രമം വരെ കാര്യങ്ങളെത്തിയിരിക്കുന്നു.

ഇതു കാണുമ്പോള്‍ രണ്ടു സംഭവങ്ങളാണ് പെട്ടെന്നോര്‍മ്മ വരുന്നത്. ഒന്നടുത്ത കാലത്തുണ്ടായതാണ്. മറ്റൊന്ന്കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായത്. ഒന്നാമത്തേത്, ശബരിമല സ്ത്രീപ്രവേശനത്തെ സംബന്ധിച്ച സുപ്രീം കോടതി വിധിയെതുടര്‍ന്ന് കേരളത്തിലരങ്ങേറിയ കലാപമാണെങ്കില്‍; രണ്ടാമത്തേത് മുമ്പൊരു ലോകസഭാ തിരഞ്ഞെടുപ്പുവേളയില്‍ പൊന്നാനി സീറ്റില്‍ ഇടതുപക്ഷത്തിന് അബ്ദുന്നാസര്‍ മഅ്ദനി നേതൃത്വം നല്‍കുന്ന പി ഡി പി പിന്തുണ കൊടുത്തതിനെ പൊതുബോധം ദുര്‍വ്യാഖ്യാനം ചെയ്തതാണ്. ഓരോന്നായി വിവരിക്കാം.

ശബരിമല സ്ത്രീപ്രവേശനത്തെ സംബന്ധിച്ച സുപ്രീം കോടതിവിധിയെന്താണെന്നോ മറ്റോ ഇവിടെ വിവരിക്കേണ്ടതില്ല. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്തധികാരമേറ്റ സര്‍ക്കാര്‍ എന്ന നിലയില്‍, സുപ്രീം കോടതി വിധി എന്തുതന്നെയായാലും നടപ്പാക്കും എന്ന കാര്യമേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുള്ളൂ. കൂട്ടത്തില്‍ ആ വിധിയിലേക്ക് നയിച്ച നിയമ വ്യവഹാരത്തിന്റെയും കേരളത്തിന്റെയും ചരിത്രം ലളിതമായി വിവരിക്കുകയും ചെയ്തു. ശബരിമല ശ്രീ അയ്യപ്പനെ തൊട്ടാണ് പിണറായി കളിക്കുന്നതെന്നും ഇതു നമ്മളവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ച് സംഘ്പരിവാറും മറ്റനേകം സാമുദായിക സംഘടനകളും നിരത്തിലിറങ്ങി. അവരെ പിന്തുണച്ച് യു ഡി എഫിലെ മുഖ്യകക്ഷികളായ കോണ്‍ഗ്രസും മുസ്‌ലിം ലീഗും രംഗത്തു വന്നതായിരുന്നു ഏറ്റവും പരിഹാസ്യമായ കാര്യം. സ്വന്തം കൊടി പൂഴ്ത്തിവെച്ച് നാമജപസമരത്തില്‍ പങ്കെടുക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി അവരുടെ അണികളോട് ആഹ്വാനം ചെയ്തത്. പരമ്പരാഗത ശത്രുക്കളായ മാര്‍ക്‌സിസ്റ്റുകാരെ കെട്ടുകെട്ടിക്കാന്‍ കിട്ടിയ അവസരം എന്ന നിലക്കും, ഇന്ന് ഹിന്ദു ക്ഷേത്രത്തിനെ സംബന്ധിച്ചാണ് ഈ വിധിയെങ്കില്‍ നാളെയിത് മുസ്‌ലിം പള്ളിയെയും ബാധിക്കും എന്നൊക്കെയുള്ള അതിവാദപ്പേടിയെ നേരിടുന്നു എന്ന മട്ടിലും ലീഗും ഏറെക്കൂറെ നാമജപസമരത്തിന് പിന്തുണ കൊടുത്തുകൊണ്ടിരുന്നു. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ മോരുംവെള്ളം കലക്കിക്കൊടുത്തു.

പൊന്നാനി ഇലക്ഷനില്‍ മഅ്ദനി എല്‍ ഡി എഫിന് പിന്തുണ കൊടുത്ത സംഭവമാണതിനു മുമ്പുണ്ടായത്. അതിരൂക്ഷമായ വേട്ടയാടലിന് വിധേയനായ വ്യക്തിത്വമാണ് മഅ്ദനി എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഹിന്ദുത്വ ഫാസിസത്തിന്റെ മുഖ്യായുധങ്ങളിലൊന്നായ മുസ്ലിം ഭീതിപരത്താനും, മുസ്ലിംവിരോധം പ്രയോഗത്തില്‍കൊണ്ടുവരാനും പറ്റിയ കൃത്യമായ ഇരയായിരുന്നു മഅ്ദനി. അന്ന് വളാഞ്ചേരിയിലോ കുറ്റിപ്പുറത്തോ മറ്റോ നടന്ന മുന്നണിറാലിയില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന സഖാവ് പിണറായിയോടൊപ്പം മഅ്ദനി വേദി പങ്കിട്ടു. മാത്രമല്ല, നേരത്തെ അദ്ദേഹത്തിനെതിരെ ഉണ്ടായ ഒരു ബോംബു സ്‌ഫോടനത്തില്‍ കാലു നഷ്ടപ്പെട്ടതിനാല്‍ വീല്‍ച്ചെയറിലാണദ്ദേഹം ഇരിക്കാറും സഞ്ചരിക്കാറുമെന്നതുകൊണ്ട്, സ്റ്റേജിലും അതേ വീല്‍ച്ചെയറിലാണിരുന്നത്. ആ വീല്‍ച്ചെയര്‍, അവിടെയിട്ടിരുന്ന മറ്റുകസേരകളെക്കാള്‍ സ്വല്പം ഉയരത്തിലായിരുന്നു. അതായത്, പിണറായി ഇരുന്ന കസേരയേക്കാളുമുയരത്തിലായിരുന്നു മഅ്ദനി ഇരുന്ന കസേര (വീല്‍ച്ചെയര്‍ എന്നത് ഇവിടെയെത്തുമ്പോള്‍ നാം സൗകര്യപൂര്‍വ്വം വിസ്മരിക്കേണ്ടതുണ്ട്). ഈ നടപടി, മുസ്ലിം മതമൗലികവാദത്തിനു മുന്നിലുള്ള ഇടതു-സോഷ്യലിസ്റ്റ്-മതേതര-പുരോഗമന-ജനാധിപത്യ രാഷ്ട്രീയത്തിന്റെ സമ്പൂര്‍ണ അടിയറവു പറച്ചിലാണെന്നും കേരളം പരിപൂര്‍ണമായി പിന്തിരിപ്പനായി മാറിയെന്നും ഇനിയിവിടെ വര്‍ഗീയതയുടെ കളി മാത്രമായിരിക്കുമെന്നും ഒക്കെ നിരീക്ഷകരുടെ അഭിപ്രായങ്ങള്‍ പാറിപ്പറന്നു. കുട്ടിക്കാലം തൊട്ട് കമ്യൂണിസ്റ്റായി പരസ്യപ്രവര്‍ത്തനം നടത്തുകയും എം എല്‍ എയും മന്ത്രിയും കേന്ദ്രക്കമ്മിറ്റി അംഗവുമൊക്കെയായി വളര്‍ന്ന പാലോളി മുഖ്യമന്ത്രിയായേക്കും എന്ന പ്രചാരണം, മുസ്ലിം വിരുദ്ധ പൊതുവികാരം ഉണ്ടാക്കുമെന്നൊക്കെ “ആദരണീയ” മാധ്യമവിശാരദന്മാരാല്‍ നിരീക്ഷിക്കപ്പെട്ടതിന്റെ പുറകെയാണ് ഈ നിരീക്ഷണവുമുണ്ടായതെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇനി, ഇപ്പോഴത്തെ സംഭവത്തിലേക്കുവരാം. തിരുവനന്തപുരം യു എ ഇകോണ്‍സുലേറ്റിലേക്കു വന്ന ബാഗേജുകളിലൂടെ (അവ നയതന്ത്ര ബാഗേജാണെന്നും അല്ലെന്നുമുള്ള വാദവിവാദങ്ങള്‍ അവസാനിച്ചിട്ടില്ല) സ്വര്‍ണം കടത്തിയത് സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജന്‍സികളായ കസ്റ്റംസ്, എന്‍ ഐ എ എന്നിവ ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെ വ്യക്തമാക്കിയതനുസരിച്ച്; റമസാന്‍ നോമ്പും ചെറിയ പെരുന്നാളും പ്രമാണിച്ച് കുറച്ചാളുകള്‍ക്ക് ഖുര്‍ആനും റമസാന്‍ കിറ്റും വിതരണം ചെയ്യാന്‍ കോണ്‍സുലേറ്റിനാഗ്രഹമുണ്ടെന്നും അതനുസരിച്ച് അവ ഏറ്റുവാങ്ങിതിന്റെ മണ്ഡലത്തിലെത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ്. ഇനി അതല്ല അദ്ദേഹം എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അതനുസരിച്ചുള്ള വിചാരണയും ശിക്ഷയും അദ്ദേഹം ഏറ്റുവാങ്ങട്ടെ. അതൊന്നുംആര്‍ക്കും തടയാന്‍ കഴിയില്ലെന്നത് പകല്‍ പോലെവ്യക്തമാണ്. അതല്ല ഇവിടെ ഉന്നയിക്കാന്‍ ശ്രമിക്കുന്ന കാര്യം.

“പ്രഖ്യാപിത” മതനിഷേധികളും പുരോഗമനകാരികളുമായ കമ്യൂണിസ്റ്റു(മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി സ്വതന്ത്രനായ കെ ടി ജലീല്‍, എന്തിനാണ് സര്‍ക്കാര്‍ ഔദ്യോഗികവാഹനത്തില്‍ മുസ്ലിങ്ങളുടെ വിശുദ്ധഗ്രന്ഥമായ ഖുര്‍ആന്‍ അതും ഒരു വിദേശരാജ്യത്തിന്റെ സംഭാവനയായി ലഭിച്ചത് കൊണ്ടുപോയത്? ശുദ്ധാത്മാക്കളായ പാര്‍ട്ടി അണികളെ ആശയക്കുഴപ്പത്തിലാക്കാന്‍ കഴിയുമോ എന്ന ശ്രമം ഒരിടത്ത്. അതിലേറെ, ശബരിമല സ്ത്രീപ്രവേശനത്തെ സംബന്ധിച്ച സുപ്രീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ ഹിന്ദുത്വ കലാപത്തിനു സമാനമായ അതേ വര്‍ഗീയ സമര സമാഹരണമാണിവിടെ നടക്കുന്നത്. പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിക്കുന്ന സര്‍ക്കാര്‍ വാഹനത്തില്‍ മുസ്ലിം വിശുദ്ധഗ്രന്ഥം കൊണ്ടു പോകുകയോ? ആ വണ്ടിയില്‍ ടെക്സ്റ്റു ബുക്കുകള്‍ കൊണ്ടു പോകുകയായിരുന്നുവെന്നും ബാക്കി വന്ന കുറച്ചുസ്ഥലത്താണ് ഈ കിറ്റുകള്‍ വെച്ചതെന്നും ഇതിനിടയില്‍ സൗകര്യപൂര്‍വം നാം വിസ്മരിക്കുകയും ചെയ്യുന്നു. (മറവിക്കെന്തൊക്കെ ഗുണങ്ങള്‍?).

മുസ്ലിങ്ങളോട് അമിതമായി ചാഞ്ഞുനില്‍ക്കുന്ന ഒരു ഹിന്ദുവിരുദ്ധ സര്‍ക്കാരാണ് പിണറായിയുടേത് എന്നു തെളിയിക്കാനുള്ള പരിശ്രമമാണ് സംഘപരിവാറും കോ ലീ ബി സഖ്യത്തിലവരുടെ ഐക്യത്തിലുള്ള കോണ്‍ഗ്രസും ലീഗും നടത്തുന്നത്. കേരളത്തിലെ യത്തീംഖാനകളില്‍, ഇതരസംസ്ഥാനങ്ങളിലെ അനാഥരായകുട്ടികളെ കൊണ്ടുവന്ന് പഠിപ്പിക്കാറുള്ളതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് മനുഷ്യക്കടത്ത് കേസാക്കി കോലാഹലം നടത്തിയതും ആ കേസ് എങ്ങുമെത്താതെ അവസാനിച്ചതും എല്ലാം ഇപ്പോള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഏതാണ്ട് അതിനു സമാനം തന്നെയാണ് ഈ സംഭവവും. അങ്ങിനെയാണെങ്കില്‍, മുസ്‌ലിംകള്‍ക്കുവേണ്ടി നിലക്കൊള്ളുന്ന ഒരു സര്‍ക്കാരാണ് പിണറായിയുടേത് എന്നോ മറ്റോതോന്നലുണ്ടായി അവരുടെ “വോട്ട് ബാങ്ക്” ഇടതിനനുകൂലമായി പ്രവര്‍ത്തിച്ചാലോ എന്ന അപകടം ഒഴിവാക്കാനാണ് ലീഗിന്റെ കളി. ഖുര്‍ആന്‍ മറയാക്കി സ്വര്‍ണം കടത്തുകയായിരുന്നു ജലീല്‍ എന്ന ആരോപണം പറയാതെ പറയുന്ന ഇരട്ടത്താപ്പാണ് അവരുടെ ആയുധം. കസ്റ്റംസോ, എന്‍ ഐ എയോ ഇ ഡിയോ ഉന്നയിക്കാത്ത ഈ ആരോപണം, വാട്ട്‌സപ്പിലൂടെയും മറ്റും കൊഴുപ്പിച്ചുവിടുകയാണിക്കൂട്ടര്‍.

ജലീലിന്റെ രാഷ്ട്രീയ ചരിത്രവും ഇതോടൊപ്പം വിചാരണ ചെയ്യപ്പെടുന്നുണ്ട്. നിരോധിക്കപ്പെടുന്നതിനു മുമ്പുള്ള സിമിയുടെ പ്രവര്‍ത്തകനായിരുന്നു ജലീലെന്നത് തുടര്‍ച്ചയായി എടുത്തോര്‍മ്മിപ്പിച്ച്, അദ്ദേഹത്തിലൂടെ ഒരു നവ-മഅ്ദനിയെ സൃഷ്ടിച്ചെടുക്കാനാവുമോ എന്നാണ് വര്‍ഗീയവാദികളും അവര്‍ക്ക് ഒത്താശ പാടുന്നവരും ശ്രമിക്കുന്നത്. യു എ ഇയില്‍, ഹിന്ദുക്ഷേത്രം പണിയുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ഏക്കര്‍ കണക്കിന് സ്ഥലം അനുവദിക്കപ്പെടുകയും അവിടെ ഭൂമി പൂജ നടക്കുകയും ചെയ്തുകഴിഞ്ഞിരിക്കുകയാണ്. നൂറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന സാംസ്‌ക്കാരിക-മതാത്മക വിനിമയങ്ങളാണ് അറേബ്യയും ഇന്ത്യയും തമ്മിലുള്ളത്. അതിനെ വരെ അപകടത്തിലാക്കിക്കൊണ്ടായാലും വിരോധമില്ല, അതിലൂടെ കേരളത്തില്‍ ലക്ഷ്യമിടുന്ന കക്ഷിരാഷ്ട്രീയ കാലുഷ്യത്തിലൂടെ വലതുപക്ഷത്തിന് ഭരണം പിടിക്കാനാവുമോ എന്ന ഒറ്റ ഉന്നത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. കാര്യങ്ങള്‍ കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പക്വതയും പാകതയുംഇല്ലാത്ത സമീപനങ്ങളില്‍ നിന്ന് മിതവാദ വലതുപക്ഷമെങ്കിലും വിട്ടു നില്‍ക്കുന്നത് യുക്തമായിരിക്കുമെന്നു മാത്രമേഇപ്പോള്‍ പറയാനുള്ളൂ.

Latest