ഡല്‍ഹി വംശഹത്യ: പോലീസിന്റെ കുറ്റപത്രം തട്ടിപ്പെന്ന് ബൃന്ദാ കാരാട്ട്

Posted on: September 24, 2020 5:34 pm | Last updated: September 24, 2020 at 5:34 pm

ന്യൂഡല്‍ഹി| ഡല്‍ഹി വംശഹത്യയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരേ സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് രംഗത്ത്. ഇത് തട്ടിപ്പ് കുറ്റപത്രമാണെന്ന് ബൃന്ദാ കാരാട്ട് ആരോപിച്ചു. ഇതൊരു കുറ്റപത്രമല്ല, ഇത് തട്ടിപ്പ് കുറ്റപത്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹി പോലീസ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബൃന്ദ പറഞ്ഞു.

വര്‍ഗീയ ആക്രണണത്തിന് യഥാര്‍ഥത്തില്‍ ഉത്തരവാദികളായ കപില്‍ മിശ്രയെ പോലുള്ളവരെ കുറ്റപത്രത്തില്‍ വെള്ളപൂശുകയും സി എ എക്കെതിരേ പ്രതിഷേധിച്ച തങ്ങളെ ഇന്ത്യാ വിരുദ്ധരെന്നും ഭരണഘടനാ വിരുദ്ധരെന്നും മുദ്ര കുത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നു. ഇത് ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും ബൃന്ദ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍, വിദ്യാര്‍ഥി നേതാവ് കവല്‍പ്രീത് കൗര്‍, ശാസ്ത്രജ്ഞന്‍ ഗൗര്‍ റാസ, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ആക്രണണത്തിന് ഗൂഡാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പോലീസ് ആരോപിച്ചിരുന്നു. പൗരത്വ ബില്ലിനെതിരേ ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന പ്രതിഷേധത്തിലാണ് ആക്രമണം ഉണ്ടായത്. ആക്രണത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.