ജനാധിപത്യത്തിലെ കറുത്ത ഓര്‍മ

(രാജ്യസഭാ എം പി)
Posted on: September 24, 2020 5:00 am | Last updated: September 24, 2020 at 4:50 pm

ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു 2020 സെപ്തംബര്‍ 20. ഭരണഘടനാ വ്യവസ്ഥകളും നടപടി ചട്ടങ്ങളും കാറ്റിൽപറത്തി രാജ്യസഭയില്‍ കാര്‍ഷിക മേഖലയെ ബാധിക്കുന്ന രണ്ട് നിയമങ്ങള്‍ പാസാക്കി. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ എന്നിവയാണവ.

എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്റ്‌മെന്റ്) ബില്‍ സെപ്തംബര്‍ 22നാണ് പാസായത്. ഇവ മൂന്നും ഏപ്രില്‍ മാസത്തില്‍ ഓര്‍ഡിനന്‍സുകളായി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പാക്കേജിന്റെ ഭാഗമായാണ് ഓര്‍ഡിനന്‍സുകള്‍ വന്നത്. എന്നാല്‍ ഈ ഓര്‍ഡിനന്‍സുകളും കൊവിഡും തമ്മില്‍ യാതൊരു ബന്ധവുമില്ല. സമാനമായാണ് പൊതുമേഖലാ സ്വകാര്യവത്കരണ പദ്ധതികളും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

സെപ്തംബര്‍ 14 മുതല്‍ പാര്‍ലിമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തത് പ്രധാനമായും മുകളില്‍ പറഞ്ഞ ബില്ലുകളും സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്ന ബേങ്കിംഗ് റെഗുലേഷന്‍ അമെന്റ്‌മെന്റ് ബില്ലും തൊഴില്‍ നിയമങ്ങളില്‍ തൊഴിലാളി വിരുദ്ധ ഭേദഗതികള്‍ വരുത്തുന്ന മൂന്ന് ലേബര്‍ കോഡുകളും പാസാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തിന് ശേഷം 11 ഓര്‍ഡിനന്‍സുകളാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. വളരെ അടിയന്തര സ്വഭാവമുള്ള പ്രശ്‌നങ്ങളിലാണ് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത്. മോദി സര്‍ക്കാര്‍ 2020 മാര്‍ച്ചിനും സെപ്തംബറിനുമിടയില്‍ പുറപ്പെടുവിച്ച മിക്ക ഓര്‍ഡിനന്‍സുകളും ഒരു വിധത്തിലുള്ള അടിയന്തര പ്രാധാന്യവുമുള്ളവയായിരുന്നില്ല.

സുപ്രധാന ബില്ലുകള്‍ ചര്‍ച്ചക്കായി നിശ്ചയിക്കുന്ന കാര്യോപദേശക സമിതി യോഗത്തില്‍ ഇവ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മൂന്ന് കാര്‍ഷിക ബില്ലുകളും ബേങ്കിംഗ് റെഗുലേഷന്‍ ഭേദഗതി ബില്ലുമാണവ. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇവ നാലും നടപ്പ് സമ്മേളനത്തില്‍ തന്നെ പാസ്സാക്കണമെന്ന് സര്‍ക്കാര്‍ വാശിപിടിച്ചു. കാര്‍ഷിക മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതും രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കുന്നതുമാണ് പ്രസ്തുത ബില്ലുകള്‍. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കൃഷിക്കാര്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയര്‍ത്തുന്നത് പോലും സര്‍ക്കാര്‍ ഗൗനിച്ചില്ല. എന്‍ ഡി എ ഘടക കക്ഷികളായ അകാലിദള്‍, എല്‍ ജെ പി എന്നിവരുടെ പ്രതിഷേധവും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു.

വിവാദ ബില്ലുകള്‍ ലോക്‌സഭ ശബ്ദ‌വോട്ടോടെ പാസ്സാക്കി. ഈ ബില്ലുകള്‍ക്കെതിരെ രാജ്യസഭയില്‍ ഉയര്‍ത്തിയതുപോലെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പ്രധാന പ്രതിപക്ഷം ശ്രമിച്ചില്ല.

സെപ്തംബര്‍ 20ന് വിവാദ ബില്ലുകള്‍ രാജ്യസഭയുടെ പരിഗണനക്ക് വന്നു. ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നോട്ടീസ് പ്രതിപക്ഷം (സി പി എം, സി പി ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി എം കെ, കോണ്‍ഗ്രസ്, എല്‍ ജെ ഡി) നല്‍കിയിരുന്നു. ചര്‍ച്ച പൂര്‍ത്തിയായശേഷം പ്രതിപക്ഷം നല്‍കിയ നോട്ടീസുകളില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ആ സമയത്ത് ചെയറില്‍ ഉണ്ടായിരുന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ഷ് പ്രസാദ് വോട്ടിംഗിന് അനുവദിച്ചില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വോട്ടിംഗ് നടത്താതെ ശബ്ദവോട്ടോടെ പ്രതിപക്ഷ നോട്ടീസ് തള്ളിയതായി പ്രഖ്യാപിച്ചു. ഭരണഘടനാവിരുദ്ധവും സഭാ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധവുമായ ഡെപ്യൂട്ടി ചെയര്‍മാന്റെ ഈ നടപടിയാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പാര്‍ലിമെന്റില്‍ ഒരു വിഷയം പാസ്സാക്കാന്‍ പരിഗണിക്കുന്ന ഘട്ടത്തില്‍ ഒരു മെമ്പര്‍ എഴുന്നേറ്റുനിന്ന് വോട്ട് ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥ. ഇന്നേവരെയുള്ള കീഴ്‌വഴക്കവും അതാണ്. എല്ലാവരെയും നിരാശരാക്കിക്കൊണ്ട് ഈ തത്വങ്ങളാണ് ഡെപ്യൂട്ടി ചെയര്‍മാന്‍ അട്ടിമറിച്ചത്. ഭരണപക്ഷത്ത് നിന്ന് മന്ത്രിമാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രവര്‍ത്തിച്ചത്. വോട്ടെടുപ്പ് നടത്തിയാല്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് അവര്‍ ആശങ്കയിലായിരുന്നു. ഈ ഒറ്റക്കാരണം കൊണ്ടാണ് എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റില്‍ പറത്താന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുനിഞ്ഞത്. ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ചരിത്രത്തില്‍ ഇത്തരമൊരു അനുഭവം മുമ്പുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെയാണ് പാര്‍ലിമെന്റിന്റെ ചരിത്രത്തിലെ കറുത്ത ദിവസമാണ് സെപ്തംബര്‍ 20 എന്ന് പറയുന്നത്.

ALSO READ  അദാനി ഇച്ഛിച്ചതും മോദി കല്‍പ്പിച്ചതും

പാര്‍ലിമെന്റിനെയും പ്രതിപക്ഷത്തെയും അവഹേളിച്ച ഡെപ്യൂട്ടി ചെയര്‍മാന്റെ നടപടിക്കെതിരെ സഭക്കകത്ത് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഈ ബഹളത്തിനിടയില്‍ കാര്‍ഷിക മേഖലയിലെ രണ്ട് ബില്ലുകള്‍ പാസ്സായതായി ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഖ്യാപിച്ചു. പാര്‍ലിമെന്റിനോടുള്ള ബഹുമാനം സഭ ഭരണഘടനാനുസൃതമായും ചട്ടപ്രകാരവും പ്രവര്‍ത്തിക്കുമ്പോഴാണ്.

സെപ്തംബര്‍ 20ന് പ്രതിപക്ഷം പാര്‍ലിമെന്റില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് എട്ട് അംഗങ്ങളെ (കോണ്‍ഗ്രസ് – 3, സി പി ഐ-2, തൃണമുല്‍ – 2, എ എ പി- 1) സസ്‌പെന്‍ഡ് ചെയ്തത്. ഈ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലിമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ പ്രതിപക്ഷം വോട്ട് ആവശ്യപ്പെട്ടു. ചെയര്‍മാന്‍ അതും അംഗീകരിച്ചില്ല. ഏകാധിപത്യ സ്വഭാവത്തിലാണ് പാര്‍ലിമെന്റില്‍ പോലും കാര്യങ്ങള്‍ നടത്തുന്നതെങ്കില്‍ രാജ്യത്തിന്റെ ഭാവി എന്താണ്?

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എട്ട് എം പിമാരും 21 മുതല്‍ പാര്‍ലിമെന്റ് മന്ദിരത്തിനു മുമ്പില്‍ രാപകല്‍ ധര്‍ണ പ്രഖ്യാപിച്ചു. കര്‍ഷകരെ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന നയങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ വാശിപിടിക്കുന്നതിലും എട്ട് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ച് 22ന് പ്രതിപക്ഷം രാജ്യസഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.