Connect with us

Editorial

പാലാരിവട്ടം പാഠമാകണം

Published

|

Last Updated

വിവാദമായ പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഭാര പരിശോധന നടത്തിയ ശേഷമേ പാലം പൊളിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് തള്ളി പൊളിച്ചു പണിയാന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതി നല്‍കുകയുണ്ടായി സുപ്രീം കോടതി. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി എത്രയും പെട്ടെന്ന് പുതിയ പാലം പണിയാനുള്ള നടപടികളുമായി സര്‍ക്കാറിന് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. നിലവിലെ പാലം നിര്‍മിച്ച ആര്‍ ഡി എസ് പ്രൊജക്ട്‌സ് ലിമിറ്റഡും, പാലത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുത്ത കിറ്റ്‌കോയും (സംസ്ഥാന സര്‍ക്കാറിന് കൂടി പങ്കാളിത്തമുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് കിറ്റ്‌കോ) പാലം പൊളിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ചെന്നൈ ഐ ഐ ടിയുടെ പഠനത്തിന്റെയും, ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് സുപ്രീം കോടതി തീരുമാനം.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിയാവുന്നത്ര വേഗത്തില്‍ പാലം പൊളിച്ച് പുതിയത് നിര്‍മിക്കുമെന്നും ഇ ശ്രീധരന്റെ പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. എട്ട് മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരനും അറിയിച്ചു. ഇ ശ്രീധരന്റെ രൂപകല്‍പ്പന അനുസരിച്ച് പുതുക്കിപ്പണിയുന്ന പാലത്തിന് അദ്ദേഹം ഉറപ്പ് നല്‍കുന്ന ഉപയോഗ കാലാവധി നൂറ് വര്‍ഷവും നിര്‍മാണച്ചെലവ് 18 കോടി രൂപയുമാണ്. പാലം പൊളിക്കാതെ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാന്‍ 10 കോടി വേണം. ഇതിന്റെ ഉപയോഗ കാലാവധി പരമാവധി 20 കൊല്ലമാണ്. ഈ സാഹചര്യത്തില്‍ പുനര്‍നിര്‍മാണം തന്നെയാണ് അഭികാമ്യം. 47.7 കോടി രൂപ ചെലവില്‍ നിര്‍മിച്ച 750 മീറ്റര്‍ നീളമുള്ള ഇപ്പോഴത്തെ പാലം പൂര്‍ണമായും പൊളിച്ചു നീക്കാതെയായിരിക്കും പുതുക്കിപ്പണിയുന്നത്. പഴയ പാലത്തിന്റെ 480 മീറ്റര്‍ വരുന്ന ഭാഗത്താണ് ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഈ ഭാഗമായിരിക്കും ഭാഗികമായി പൊളിച്ചു പണിയുക.

സംസ്ഥാനത്തിന് ഏറെ നാണക്കേട് വരുത്തിയ ഒരു സംഭവമാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെ തകര്‍ച്ച. 2014 സെപ്തംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങി 2016 ഒക്ടോബര്‍ 12ന് തുറന്നുകൊടുത്ത പാലത്തില്‍ ഒമ്പത് മാസത്തിനകം, 2017 ജൂലൈയില്‍ വിള്ളല്‍ കണ്ടെത്തുകയായിരുന്നു. 18 പിയര്‍ ക്യാപുകളില്‍ പതിനാറെണ്ണത്തിലും 102 ആര്‍ സി സി ഗര്‍ഡറുകളില്‍ 97 എണ്ണത്തിലും വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. നിര്‍മാണത്തിലെ അപാകതയാണ് കാരണം. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

പാലാരിവട്ടം പാലത്തിന്റെ മാത്രം കാര്യമല്ല ഇത്. രാജ്യത്ത് നിരവധി പാലങ്ങളും റോഡുകളും കെട്ടിടങ്ങളും നിര്‍മാണം കഴിഞ്ഞ് ഏറെ കഴിയുന്നതിനു മുമ്പേ തകരുകയും പാലങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ബിഹാര്‍ കിഷന്‍ഗഞ്ജ് ജില്ലയിലെ പത്ഥര്‍ഗട്ടി പഞ്ചായത്തില്‍ കങ്കയ് പുഴക്ക് കുറുകെ 1.42 കോടി മുതല്‍ മുടക്കി നിര്‍മിച്ച പാലം തകര്‍ന്നു വീണത് ഒരാഴ്ച മുമ്പാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കാത്തിരിക്കവെയാണ് സംഭവം. ജില്ലയിലെ പത്തിലധികം ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതായിരുന്നു ഈ പാലം. ഇതുസംബന്ധിച്ച് സംസ്ഥാന ജലസേചന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മധ്യപ്രദേശിലെ സിയോണി ജില്ലയിലെ വൈന്‍ഗംഗക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ 140 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നു വീണത് മൂന്നാഴ്ച മുമ്പാണ്. പാലത്തിന്റെ മുക്കാല്‍ ഭാഗവും തൂണുകളും തകര്‍ന്ന് നദിയില്‍ വീണു. പ്രധാനമന്ത്രിയുടെ പി എം ജി എസ് വൈ പദ്ധതി പ്രകാരം 3.7 കോടി രൂപ ചെലവിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടതു പോലെ നമ്മുടെ എന്‍ജിനീയര്‍മാരിലും ഉദ്യോഗസ്ഥ പ്രമുഖരിലുമുള്ള ഒരു വിഭാഗത്തിന്റെ ധാര്‍മികതയില്ലായ്മയിലേക്കും മോശം ജോലി സംസ്‌കാരത്തിലേക്കുമാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കാലങ്ങളായി അഴിമതിയുടെ കൂത്തരങ്ങാണ് പൊതുമരാമത്തിന്റെ നിര്‍മാണ സംരംഭങ്ങളേറെയും. സര്‍ക്കാര്‍ എന്‍ജിനീയര്‍മാര്‍ക്ക് ഒന്നാമതായി ആഭിമുഖ്യം വേണ്ടത് നാടിനോടും ജനങ്ങളോടുമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് പണിയുന്ന പാലങ്ങളും റോഡുകളും ഉറപ്പിലും മേന്മയിലും മികച്ചു നില്‍ക്കണമെന്ന ബോധം അവര്‍ക്ക് വേണം. എന്നാല്‍ ഉദ്യോഗസ്ഥ പ്രമുഖരില്‍ പലര്‍ക്കും ഇത്തരം പദ്ധതികള്‍ വഴിവിട്ട സമ്പാദ്യത്തിനുള്ള മാര്‍ഗമാണ്. ജനങ്ങളോടും നാടിനോടുമല്ല കരാറുകാരോടാണ് അവര്‍ക്ക് കൂറും ആഭിമുഖ്യവും. 2017 സെപ്തംബറില്‍ പൊതുമരാമത്ത് വകുപ്പിന്റെ എന്‍ജിനീയറിംഗ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പൊതുമരാമത്തിലെ അഴിമതിയെക്കുറിച്ച് തുറന്നടിച്ചിരുന്നു. “ജീവിക്കാന്‍ മതിയാകുന്ന ശമ്പളം കിട്ടുന്നുണ്ടെങ്കിലും ചിലര്‍ക്ക് തൃപ്തിയാകുന്നില്ല. ഒരു പ്രത്യേക തരം ആര്‍ത്തിയാണ് അവര്‍ക്ക്. കിട്ടുന്നതെല്ലാം പോന്നോട്ടെ എന്നതാണ് അവരുടെ രീതി.” ഇത്തരക്കാരാണ് പൊതുമരാമത്ത് വകുപ്പിന് ചീത്തപ്പേരുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുഭവമാണല്ലോ ഏറ്റവും നല്ല ഗുരുനാഥന്‍. പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനം കഴിഞ്ഞ് നാല് വര്‍ഷത്തിനകം പൊളിച്ചു പണിയേണ്ടി വന്നതും മറ്റു പല വന്‍ പദ്ധതികളില്‍ നിന്ന് കിട്ടിയ സമാനമായ അനുഭവവും സര്‍ക്കാറിനും ഉദ്യോ ഗസ്ഥ മേഖലക്കും പാഠമാകേണ്ടതാണ്. മേലിലെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത ശ്രദ്ധയും ജാഗ്രതയും വേണം. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരല്ല. മിടുക്കരും വിശ്വസ്തരുമുണ്ട് ഈ ഗണത്തിലും ധാരാളം പേര്‍. ഇത്തരക്കാരെ കണ്ടെത്തി സംസ്ഥാനത്തിന്റെ നിര്‍മാണ മേഖലയിലെ മേല്‍നോട്ടം അവരെ ഏല്‍പ്പിക്കണം. പശ്ചാത്തല സൗകര്യ വികസനത്തിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന ഒരു പൊതുമരാമത്ത് നയത്തിന് 2018 ഒക്‌ടോബറില്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പാതകള്‍ക്ക് അന്തര്‍ദേശീയ നിലവാരവും സുരക്ഷിതത്വവും അഴിമതിരഹിതമായ നിര്‍മാണവും ഉറപ്പാക്കാന്‍ ലക്ഷ്യമാക്കുന്ന ഈ നയത്തിന്റെ ഭാഗമായി എന്‍ജിനീയര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനും തീരുമാനമുണ്ടായിരുന്നു. ഇതെത്രയും വേഗം പ്രാവര്‍ത്തികമാക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്.

Latest