Connect with us

National

പാക്കിസ്ഥാന്‍ ഭീകര പ്രവര്‍ത്തനത്തിന്റെ പ്രഭവ കേന്ദ്രമാണെന്നത് ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട വസ്തുത: യു എന്നില്‍ ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്നലെ കശ്മീര്‍ വിഷയം പാക്കിസ്ഥാന്‍ യു എന്നില്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തിയത്. യു എന്‍ അജന്‍ഡയില്‍ പൂര്‍ത്തിയാകാത്ത ഏതെങ്കിലും വിഷയമുണ്ടെങ്കില്‍ അത് ഭീകരവാദ ഭീഷണി ഇല്ലാതാക്കുക എന്നുള്ളതാണെന്ന് യു എന്നിലെ ഇന്ത്യന്‍ സ്ഥിരം ദൗത്യ സംഘത്തിന്റെ പ്രഥമ സെക്രട്ടറി വിദിഷ മെയ്ത്ര പറഞ്ഞു.

ഭീകര പ്രവര്‍ത്തനത്തിന്റെ പ്രഭവ കേന്ദ്രമാണ് പാക്കിസ്ഥാന്‍ എന്നത് ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കുകയും അവര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് പാക്കിസ്ഥാന്‍. ഇതിനു പുറമെ അവരെ രക്തസാക്ഷികളായി വാഴ്ത്തുകയും ചെയ്യുന്നു. അല്‍ഖാഇദയുടെ മുന്‍ തലവന്‍ ഉസാമ ബിന്‍ ലാദനെ രക്തസാക്ഷിയായി ചിത്രീകരിച്ചു കൊണ്ട് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വിദിഷ് മെയ്ത്ര. ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ ജമ്മു കശ്മീരിനെ സംബന്ധിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന വിദ്വേഷാത്മക പ്രസ്താവനകളെ ഇന്ത്യ തള്ളിക്കളയുന്നതായി അവര്‍ പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഉന്നതതല സമ്മേളനത്തില്‍ സംസാരിക്കവെ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി ആണ് ജമ്മു കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നത്. ജമ്മു കശ്മീര്‍, ഫലസ്തീന്‍ വിഷയങ്ങളാണ് യു എന്നില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളെന്ന് ഖുറൈശി പറഞ്ഞു. സ്വയം നിര്‍ണയത്തിനുള്ള അവകാശം പ്രദാനം ചെയ്യുമെന്ന യു എന്‍ വാഗ്ദാനം പാലിച്ചു കാണുന്നതിനു വേണ്ടി കശ്മീര്‍ ജനത ഇപ്പോഴും കാത്തിരിക്കുകയാണെന്നും ഖുറൈശി വ്യക്തമാക്കി.

ഐക്യരാഷ്ട്ര സംഘടന പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചരിത്രപരമായ സന്ദര്‍ഭത്തിലും വ്യാജ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതിനെ ജനറല്‍ അസംബ്ലി തള്ളിപ്പറയുമെന്നാണ് ഇന്ത്യ കരുതിയിരുന്നതെന്ന് മെയ്ത്ര പറഞ്ഞു.

Latest