ആഭ്യന്തര ഉംറ ഉടന്‍ പുനരാരംഭിക്കും : ഹജ്ജ് മന്ത്രി

Posted on: September 21, 2020 10:02 pm | Last updated: September 21, 2020 at 10:02 pm

മക്ക |  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം ഉടന്‍ പുനഃരാരംഭിക്കുമെന്ന് സഊദി ഹജ്ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്തന്‍ അറിയിച്ചു. ഞായാറാഴ്ച ചേര്‍ന്ന തീര്‍ഥാടകരുടെ രണ്ടാമത് വെര്‍ച്വല്‍ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ നിയന്ത്രണങ്ങള്‍ പാലിച്ച് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്നും ആദ്യഘത്തില്‍ പരിമിതമായ ആളുകള്‍ക്കുമാത്രമായിരിക്കും അനുമതി ലഭിക്കുക

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഉംറ തീര്‍ത്ഥാടനം അനുവദിക്കുന്നത് . മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് രാജ്യം വരും കാലങ്ങളില്‍ ഉംറ തീര്‍ത്ഥാടനത്തിലേക്ക് മടങ്ങി വരുമെന്നും മന്ത്രി മന്ത്രി പറഞ്ഞു. ഉംറ തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവര്‍ മൊബൈലില്‍ ‘ ഉംറ ‘ ആപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത് . കൂടാതെ കൊവിഡ് മുക്തരാണെന്ന പിസിആര്‍ റിപ്പോര്‍ട്ടും നിര്‍ബന്ധമാണ് . ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച മുഴുവന്‍ നടപടിക്രമങ്ങളും പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും അനുമതി നല്‍കുക