Connect with us

Religion

ശീലമാക്കാം മിതവ്യയം

Published

|

Last Updated

ശിഷ്യൻ തന്റെ ഗുരുവിനോട് തനിക്കൊരു പുതിയ വസ്ത്രം വേണമെന്നറിയിച്ചു. ഗുരു തന്റെ മുറിയിലുണ്ടായിരുന്ന പുതിയൊരു വസ്ത്രമെടുത്ത് ശിഷ്യന് നൽകി. സന്തുഷ്ടനായി ശിഷ്യൻ തിരിച്ചുപോയി. സന്ധ്യയോടെ ഗുരു ശിഷ്യനോട് ചോദിച്ചു നീ തൃപ്തനല്ലേ, ഇനി മറ്റെന്തെങ്കിലും ആവശ്യമുണ്ടോ. ഇല്ല ഞാൻ തികച്ചും സന്തുഷ്ടനാണ് എന്നായിരുന്നു മറുപടി. ഗുരു വളരെ ജിജ്ഞാസയോടെ ചോദിച്ചു: നിന്റെ പഴയ വസ്ത്രം എന്ത് ചെയ്തു? “അത് ഞാൻ കിടക്കുന്ന പായയുടെ മുകളിൽ വിരിക്കാനായി മാറ്റിവെച്ചിരിക്കുന്നു.” അപ്പോൾ നേരത്തെ പായക്ക് മുകളിൽ വിരിച്ചിരുന്ന തുണിയോ? “അത് ഞാൻ ജനലിന് മറയാക്കി”. നേരത്തെ ജനൽ തുണികൊണ്ട് മറച്ചിരുന്നില്ലേ? “അതേ, പക്ഷേ, അതിപ്പോൾ ഞാൻ അടുക്കളയിൽ ഉപയോഗിക്കാൻ മാറ്റിവെച്ചിരിക്കുന്നു.” അപ്പോൾ അടുക്കളയിലെ പഴയ ശീലയോ? “അത് റാന്തൽ വിളക്ക് തുടക്കാൻ ഉപയോഗിക്കുന്നു”. നേരത്തെ റാന്തൽ തുടച്ചിരുന്നതോ? “അതുകൊണ്ടാണ് റാന്തലിന് തിരി ഇട്ടിരിക്കുന്നത്. പഴയത് കത്തിത്തീർന്നിരിക്കുന്നു”.

വിഭവ വിനിയോഗത്തിലുള്ള ഉത്തമ ഉദാഹരണമാണ് ഈ ഗുരുവിന്റെയും ശിഷ്യന്റെയും കഥ. ശിഷ്യന്റെ ഈ രീതി വീടുകളിൽ പ്രാവർത്തികമാക്കാവുന്നതാണ്. ഏതൊരു വസ്തുവിനെയും ഉപയോഗം പരമാവധിയാക്കുക. അങ്ങനെ സാമ്പത്തിക ലാഭം നേടുക. ഉപയോഗശൂന്യമായ ഒരു വസ്ത്രം അടുത്ത അഞ്ച് കാര്യങ്ങൾക്ക് പ്രത്യേകം ചെലവ് വരാതെ പുനരുപയോഗിക്കാൻ കഴിഞ്ഞുവെന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്. ലളിത ജീവിതത്തിന് മാത്രമല്ല ദുരുപയോഗം തടയാനും ഇത് ഏറെ സഹായകമാകും.

മിതവ്യയം എന്ന ആശയത്തിന് പ്രാധാന്യം വർധിച്ചുവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. 1999ൽ ആറ് ബില്യൻ ആയിരുന്ന ലോകജനസംഖ്യ 2020 ആയപ്പോഴേക്കും 7.8 ബില്യൻ ആയി വർധിച്ചു. എന്നാൽ, പ്രകൃതി വിഭവങ്ങളിൽ കാര്യമായ വർധനവ് ഒന്നും ഉണ്ടായിട്ടില്ല. മനുഷ്യന്റെ അമിതോപയോഗം മൂലം വിഭവങ്ങൾ തികയാതെ വരികയും ചെയ്യുന്നു. ആവശ്യത്തിനുള്ള ഭക്ഷണം എന്നതിൽ നിന്ന് അലങ്കാരത്തിനുള്ള ഭക്ഷണം എന്ന വ്യവസ്ഥിതിയിലേക്ക് മാറിയിരിക്കുന്നു. അതേസമയം, ലോകത്ത് ഏഴിൽ ഒരാൾ ഉറങ്ങാൻ പോകുന്നത് വിശക്കുന്ന വയറുമായാണ്. പാഴാക്കിക്കളയുന്ന ഭക്ഷണം ഉണ്ടെങ്കിൽ നല്ലൊരു അളവ് പട്ടിണി മാറ്റാൻ കഴിയുമെന്ന് ഇത്തരക്കാർ ഓർക്കണം. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പറയുന്നത് ഓരോ വർഷവും 1.3 ബില്യൻ ടൺ ഭക്ഷണം പാഴാക്കിക്കളയുന്നുവെന്നാണ്. ഇത് സബ് – സഹാറൻ ആഫ്രിക്കയിൽ മൊത്തം ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ അളവിന് തുല്യമാണ്. നമ്മുടെ വിഭവ വിനിയോഗത്തിലുള്ള അശ്രദ്ധ ഒരു തീരാദുരന്തത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുന്നത്. ഉപഭോഗ സംസ്‌കാരത്തിന് ഒരു മാറ്റം അത്യാവശ്യമാണ്.
ഐക്യരാഷ്ട്രസഭ കഴിഞ്ഞ വർഷം മൂന്ന് വിഷയമായിരുന്നു അന്താരാഷ്ട്ര വർഷമായി ആചരിക്കാൻ തീരുമാനിച്ചത്. തദ്ദേശീയ ഭാഷാ വർഷം, പീരിയോഡിക്കൽ ടെബിളിന്റെ 150ാം വാർഷികം, മിതത്വ വർഷം എന്നിവയായിരുന്നു അവ. ഇതിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മിതത്വബോധം ശീലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള മിതത്വവർഷാചരണം.

മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മനുഷ്യന്റെ അമിതോപയോഗം. ലോകത്ത് ദിനേന പ്രകൃതി വിഭവങ്ങൾ കുറഞ്ഞുവരുന്നു എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ജനസംഖ്യയിലെ ഗണ്യമായ വർധനവും പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗവും അവശ്യവസ്തുക്കൾ പോലും ലഭിക്കുന്നതിന് വിനയാകുന്നു.
വിശുദ്ധ ഖുർആൻ പറയുന്നു “പടർത്തപ്പെട്ടതും അല്ലാത്തതുമായ എല്ലാ തോട്ടങ്ങളും ഈന്തപ്പനകളും പലതരം കനികളും കൃഷികളും പരസ്പരം തുല്യത തോന്നുന്നതും എന്നാൽ സാദൃശ്യമല്ലാത്തതുമായ ഒലീവും ഉറുമാമ്പഴവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. കായ്ക്കുമ്പോൾ അതിന്റെ ഫലങ്ങൾ നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിനുള്ള ബാധ്യത നിങ്ങൾ കൊടുത്തു തീർക്കുകയും ചെയ്യുക. നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (അൽ അൻആം-141).

ഖുർആനിലൂടെ അല്ലാഹു വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗിക്കാനുള്ള നിർദേശം നൽകുന്നതോടുകൂടി അവയുടെ ദുർവിനിയോഗത്തെ ശക്തമായി താക്കീത് ചെയ്യുന്നുമുണ്ട്. നമ്മുടെ രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ കുടുംബ ബജറ്റുകളിൽ പുനഃക്രമീകരണം അത്യാവശ്യമാണ്. നമ്മുടെ ആവശ്യങ്ങളെ ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിങ്ങനെ തരംതിരിച്ച് അത്യാവശ്യങ്ങൾക്ക് മുൻഗണന നൽകുക. ഒരു വസ്തു വാങ്ങാൻ ആലോചിക്കുമ്പോൾ അത് നമുക്ക് ആവശ്യമുണ്ടോ എന്ന് ആദ്യം ചിന്തിക്കുക. നമ്മുടെ ആവശ്യങ്ങളെ ഏറ്റവും പ്രാധാന്യമുള്ളവയെ മുൻഗണനാക്രമത്തിൽ എഴുതുന്നതും നല്ലതായിരിക്കും. അങ്ങനെ നോക്കുമ്പോൾ കുറേ കാര്യങ്ങളെങ്കിലും അനാവശ്യമാണെന്ന് നമുക്ക് സ്വയം ബോധ്യപ്പെടും. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കുടുംബത്തിന്റെ വരുമാനവും സാമ്പത്തിക ശേഷിയും കണക്കിലെടുക്കണം. മറ്റുള്ളവരെ കണ്ട് ജീവിക്കാതെ അവനവനിലേക്ക് നോക്കി ജീവിക്കാൻ ശീലിക്കണം.

ആവശ്യത്തിനും അനാവശ്യത്തിനും വസ്തുക്കൾ വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മനുഷ്യൻ ഭൂമിയിൽ ആവിർഭവിച്ചതിന് ശേഷം എ ഡി 1800 വരെ ഉപയോഗിച്ച വിഭവങ്ങളുടെ അത്രയും ഇരട്ടിയാണ് കഴിഞ്ഞ 200 വർഷത്തിനകം ഉപയോഗിച്ചത് എന്ന വസ്തുത നാം തിരിച്ചറിയണം. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് മലിന ജലവുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം ഓരോ സെക്കൻഡിലും ഒരാൾ വീതം മരിക്കുന്നുണ്ട്. 100 കോടി പേർക്ക് ശുദ്ധജലം കിട്ടാക്കനിയായി മാറിയിരിക്കുന്നു.
ഇസ്്ലാം ദുർവിനിയോഗത്തെയും പിശുക്കിനെയും ശക്തമായി എതിർക്കുകയും ഇതിന് രണ്ടിനുമിടയിലുള്ള മിതവ്യയത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്.

പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറഞ്ഞു “സത്യവിശ്വാസികൾ ചെലവ് ചെയ്യുമ്പോൾ അമിതവ്യയം നടത്തുകയോ പിശുക്കി പിടിക്കുകയോ ചെയ്യാതെ മിതമായ മാർഗം സ്വീകരിക്കുന്നവരാകുന്നു “(അൽ ഫുർഖാൻ-67).
ഏതൊരു കാര്യത്തിലും മിതത്വം പാലിക്കൽ കൊണ്ട് നേട്ടമേ ലഭിക്കൂ. നമ്മുടെ സംസാരങ്ങളിലും ചലനങ്ങളിലും ആളുകളോട് ഇടപഴകുമ്പോഴും മിതത്വം പാലിക്കലാണ് ഉത്തമം. മുആദ്ബ്നു ജബൽ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹത്തെ യമനിലേക്ക് അയച്ചപ്പോൾ പ്രവാചകർ (സ്വ) തങ്ങൾ പറഞ്ഞു: താങ്കൾ ആഡംബര ജീവിതം ഒഴിവാക്കുക, ലൗകിക സുഖത്തിന് പിറകെ പോകുന്നവരല്ല അല്ലാഹുവിന്റെ ദാസന്മാർ. ദുനിയാവിലെ ജീവിതത്തേക്കാൾ പരലോകത്തിന് മുൻഗണന നൽകുന്ന ആശയമാണ് ഇസ്്ലാം മുന്നോട്ടുവെക്കുന്നത്. അതിനർഥം ദുനിയാവിനെ പാടേ ഉപേക്ഷിക്കുക എന്നല്ല. മറിച്ച് നല്ലതും ഹലാലായതുമായ എല്ലാ വിഭവങ്ങളും വിനിയോഗിക്കുകയും അല്ലാഹു നൽകിയതിൽ സംതൃപ്തിപ്പെടുകയുമാണ് വേണ്ടത്.

camuhammedshafeeque622@gmail.com

Latest