Kerala
തിരുവനന്തപുരം വിമാനത്താവളം; കോണ്‍ഗ്രസ് നിലപാട് തന്നോട് ആലോചിക്കാതെ- ശശി തരൂര്‍

തിരുവനന്തപുരം | ആദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം കൈമാറിയ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ശശിതരൂര്‍ എം പി. വിമാനത്താവള വിഷയത്തില്‍ കെ പി സി സി ഒരു നിലപാടിലെത്തുന്നതിന് മുമ്പ് സ്ഥലം എം പിയായ തന്റെ ഭാഗം കേട്ടില്ലെന്ന് തരൂര്‍ പ്രതികരിച്ചു. ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പ്രതികരണം.
പാര്‍ട്ടി ഒരു നിലപാട് എടുക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാവരുമായി ആലോചിക്കം. ഞാന്‍ തിരുവനന്തപുരം എം പിയാണ്. എന്നാല്‍ പാര്‍ട്ടി തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ എന്നോട് ആലോചിക്കാതെയാണ് നിലപാടെടുത്തത്. അവര്‍ ഇത് എന്നോട് കൂടി സംസാരിക്കണമായിരുന്നു. എനിക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വാദങ്ങള്‍ മുന്നോട്ട് വെക്കാനുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഞാനിത് ആവര്‍ത്തിച്ചതുമാണ്. എന്ത് കൊണ്ടാണ് ഈ വിഷയത്തില്‍ എനിക്ക് വ്യത്യസ്തമായ നിലപാടുള്ളതെന്ന് ഞാന്‍ പലയാവര്‍ത്തി പറഞ്ഞതാണ്.
പക്ഷേ അത്ഭുതകരമെന്ന് പറയട്ടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നിലപാടുകളെ പിന്താങ്ങുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. അവര്‍ക്കൊരുപക്ഷേ അവരുടെ കാരണങ്ങള്‍ ഉണ്ടായേക്കാം. എനിക്ക് എന്റേതായ കാരണങ്ങളുമുണ്ട് . തിരുവനന്തപുരം ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നം കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ടതാണ്. എന്റ ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ ജീവിതത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നല്ല കമ്പനികളെ കൊണ്ടുവരുന്നതിനുള്‍പ്പെടെ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം വിമാത്താവളം ആദാനിക്ക് കൈമാറിയതിനെ എതിര്‍ക്കുന്ന നിലപാടാണ് എല്‍ ഡി എഫും യു ഡി എഫുമെല്ലാം എടുത്തത്. ഇതിന് വിഭിന്നമായ നിലപാട് തുടക്കം മുതല്‍ തരൂര്‍ സ്വീകരിച്ചിരുന്നു.