National
രാജ്യസഭയിലെ പ്രതിഷേധം: രാഗേഷും കരീമും ഉള്‍പ്പെടെ എട്ട് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി | വിവാദമായ കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എം പിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവരും സസ്‌പെന്‍ഷനിലായവരില്‍ ഉള്‍പ്പെടും. ഇവര്‍ക്കു പുറമെ സഞ്ജയ് സിംഗ്, രാജു സതാവ്, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസൈന്‍ എന്നിവരാണ് നടപടിക്ക് വിധേയരായത്. ബി ജെ പി എം പിമാരുടെ പരാതിയില്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് നടപടി സ്വീകരിച്ചത്. സസ്പെന്‍ഡ് ചെയ്ത എം പിമാര്‍ സഭയില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ച് പ്രതിഷേധിച്ചതോടെ സഭ പത്തു മണി വരെ നിര്‍ത്തിവച്ചു.
കാര്‍ഷിക ബില്ലുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഒബ്രിയാന്‍ ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു. ഡെറിക് ഒബ്രിയാനോട് ഇന്ന് സഭ ചേര്‍ന്നയുടന്‍ തന്നെ പുറത്തുപോകാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. സഭയില്‍ ഇന്നലെ നടന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും രാജ്യസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണിതെന്നും അദ്ദേഹം പറഞ്ഞു.