കേന്ദ്രം തലയൂരുമ്പോള്‍ ബാധ്യതയാര്‍ക്ക് ?

മൊറട്ടോറിയം കാലാവധി കഴിഞ്ഞാലുള്ള ബേങ്കുകളുടെ നടപടികള്‍ക്ക് റിസര്‍വ് ബേങ്ക് പരിരക്ഷ ലഭിക്കുമെന്നതിനാല്‍ ഇതിന്റെ ബാധ്യത ഇടപാടുകാര്‍ തന്നെ വഹിക്കേണ്ടി വരും.
Posted on: September 21, 2020 4:05 am | Last updated: September 20, 2020 at 11:56 pm

ആഗോള തലത്തില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയ കൊവിഡ് കാലത്ത് ഇടപാടുകാര്‍ക്ക് ആശ്വാസമെന്ന നിലയില്‍ പ്രഖ്യാപിക്കപ്പെട്ട മൊറട്ടോറിയത്തിന്റെ ബാധ്യതയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തലയൂരുമ്പോള്‍ ഇത് വന്ന് പതിക്കുന്നത് ബേങ്കുകളുടെയും ഇടപാടുകാരുടെയും പിരടിയില്‍. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതു പോലെ മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടുകയാണെങ്കില്‍ ഇതുവഴി ബേങ്കുകള്‍ അതി ഭീമമായ ബാധ്യത നേരിടേണ്ടി വരുമെന്ന് സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മോറട്ടോറിയം കാലഘട്ടത്തിലുള്ള കൂട്ടുപലിശ ബേങ്കുകള്‍ക്ക് ബാധ്യതയാകുമെന്ന് ഇന്ത്യന്‍ ബേങ്ക് അസോസിയേഷന്‍ കണക്കുകള്‍ നിരത്തി സമര്‍ഥിക്കുകയും ചെയ്യുന്നു.

എന്നാല്‍ മോറട്ടോറിയം കാലാവധി അവസാനിച്ച സന്ദര്‍ഭത്തില്‍ പലിശ പൂര്‍ണമായി പിന്‍വലിക്കുകയോ പലിശ നിരക്ക് കുറക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇടപാടുകാര്‍ സമര്‍പ്പിച്ച ഹരജിയിലെ കണക്കുകള്‍ പ്രകാരം മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ വിഭാഗത്തില്‍ മാത്രം ഏകദേശം 10,000 കോടി രൂപ വരുമെന്നാണ്. പലിശ നിരക്ക് ഏറ്റവും താഴ്ന്നിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ബേങ്കുകളെ സംബന്ധിച്ച് ഈ ഭീമമായ തുക ഏറ്റെടുക്കുന്നത് അത്ര പ്രായോഗികമല്ല. ഇതിന് പരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് പകരം റിലീഫ് പ്രഖ്യാപിക്കണമെന്നാണ് ബേങ്കുകളുടെ ആവശ്യം.

അതേസമയം, ഈ പ്രതിസന്ധി വായ്പയെടുത്ത ഇടപാടുകാര്‍ കൂടി പരോക്ഷമായി നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൊറട്ടോറിയത്തിന്റെ അധിക ബാധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ കൊവിഡിന്റെ പേരില്‍ ഇളവ് നേടിയ പണം ഇടപാടുകാര്‍ ഉടന്‍ തന്നെ തിരികെ അടക്കുകയോ വായ്പ പുനഃക്രമീകരിക്കുകയോ വേണ്ടി വരും. ഇല്ലെങ്കില്‍ ബേങ്കുകള്‍ക്ക് കടുത്ത നടപടികളിലേക്ക് പ്രവേശിക്കേണ്ട അവസ്ഥ വരും. മൊറട്ടോറിയം കാലാവധി കഴിഞ്ഞാലുള്ള ബേങ്കുകളുടെ നടപടികള്‍ക്ക് റിസര്‍വ് ബേങ്ക് പരിരക്ഷ ലഭിക്കുമെന്നതിനാല്‍ ഇതിന്റെ ബാധ്യത ഇടപാടുകാര്‍ തന്നെ വഹിക്കേണ്ടി വരും. തൊഴില്‍ നഷ്ടവും കൊവിഡ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തില്‍ കിട്ടാക്കടം സംബന്ധിച്ച് ആശങ്കയിലായ ബേങ്കുകള്‍ കൂടുതല്‍ നഷ്ടത്തിലേക്ക് പോകാതിരിക്കാന്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ആദ്യഘട്ടമായി മൊറട്ടോറിയത്തിനു മുമ്പ്, ഫെബ്രുവരി അവസാനത്തോടെ കിട്ടാക്കടം (എന്‍ പി എ) ആയ അക്കൗണ്ടുകള്‍ക്ക് ബേങ്കുകള്‍ നോട്ടീസ് അയക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം മൊറട്ടോറിയം സ്വീകരിച്ച ഒരാള്‍ ഇതിനു ശേഷം അടവ് മുടക്കിയാല്‍ 90 ദിവസത്തിന് ശേഷം ബേങ്ക് എന്‍ പി എ നടപടികളിലേക്ക് നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബേങ്ക് നിര്‍ദേശിച്ച മൊറട്ടോറിയം ഇടപാടുകാര്‍ക്ക് പ്രതിമാസ ഗഡുക്കളുടെ (ഇ എം ഐ) തിരിച്ചടവിന് സാവകാശം ലഭിക്കുമെന്നതൊഴിച്ചാല്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. വായ്പകളുടെ മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാകുന്നില്ല എന്നതാണ് ഇതിന് പ്രധാന കാരണം. മൊറട്ടോറിയം ലഭിക്കുന്ന ഓരോ മാസത്തെയും പലിശ കൂടി തൊട്ടടുത്ത മാസം തന്നെ മുതലിനോട് ചേര്‍ക്കുകയും അതുകൂടി ചേര്‍ത്ത് വായ്പ പുനഃക്രമീകരിച്ച് അടുത്ത മാസം പലിശ കണക്കാക്കുകയും ചെയ്യും. ഇടപാടുകാരന്റെ ചുമലില്‍ ഇതിലൂടെ അധിക ബാധ്യതയാണ് വരുന്നത്. വാഹന, ഭവന വായ്പകള്‍ക്ക് മൊറട്ടോറിയം സ്വീകരിച്ചവരാണ് അധിക ബാധ്യത ചുമക്കേണ്ടി വരിക.

ALSO READ  യോഗിയുടെ ഗുജറാത്ത് ദളിതുകളെ വിരുന്നൂട്ടുന്ന വിധം

കൊവിഡിന്റെ ഒന്നാം ഘട്ടത്തില്‍ 2020 മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് വായ്പാ തിരിച്ചടവിന് മൊറട്ടോറിയം നല്‍കാനാണ് ആര്‍ ബി ഐ ബേങ്കുകളോട് നിര്‍ദേശിച്ചത്. രണ്ടാം ഘട്ടത്തില്‍ അത് വീണ്ടും മൂന്ന് മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് ആഗസ്റ്റ് 31 വരെയാക്കി. ഗ്രാമീണ ബേങ്കുകള്‍, ചെറുകിട ബേങ്കുകള്‍ അടക്കമുള്ള വാണിജ്യ ബേങ്കുകള്‍, ഹൗസിംഗ് സൊസൈറ്റികള്‍, സഹകരണ ബേങ്കുകള്‍, ബേങ്കിതര ധനസ്ഥാപനങ്ങള്‍ തുടങ്ങിയവയോടും മൊറട്ടോറിയം ലഭ്യമാക്കണമെന്ന് റിസര്‍വ് ബേങ്ക് നിര്‍ദേശിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബേങ്കുകള്‍ നല്‍കിയിരുന്ന മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെ മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്ക് ഇക്കാലയളവിലെ പലിശയും കൂട്ടുപലിശയും മുതലിന്മേല്‍ ചേര്‍ത്തുള്ള ഔട്ട് സ്റ്റാന്‍ഡിംഗ് തുക ബേങ്കുകള്‍ കണക്കാക്കി തുടങ്ങിയിട്ടുണ്ട്. ഇതുപ്രകാരം വലിയ തുക വായ്പയെടുത്തവര്‍ക്ക് മൊറട്ടോറിയം കാലയളവിലെ പലിശ അടക്കം ഭീമമായ തിരിച്ചടവ് വരും. ഔട്ട് സ്റ്റാന്‍ഡിംഗ് തുക കണക്കാക്കിയാല്‍ ശേഷിക്കുന്ന കാലയളവില്‍ നേരത്തേ അടച്ചിരുന്ന ഇ എം ഐ തുകയേക്കാള്‍ ഉയര്‍ന്ന ഇ എം ഐ അടക്കേണ്ടതായി വരും.

മൊറട്ടോറിയം ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിനു മുമ്പ് എട്ട് ശതമാനം പലിശ നിരക്കില്‍ ഔട്ട് സ്റ്റാന്‍ഡിംഗ് 20 ലക്ഷം രൂപ ഉണ്ടായിരുന്ന ഒരു ഇടപാടുകാരന്റെ ഇപ്പോഴത്തെ ഔട്ട് സ്റ്റാന്‍ഡിംഗ് ഏകദേശം 20.47 ലക്ഷം രൂപ വരും. 10 വര്‍ഷമാണ് ഈ വായ്പയുടെ ബാക്കി കാലാവധിയെങ്കില്‍ ഇദ്ദേഹത്തിന്റെ ഇ എം ഐ 24,835 രൂപയാകും. ഇത് നേരത്തേയുള്ള ഇ എം ഐയെക്കാള്‍ 570 രൂപ അധികമാണ്. മൊറട്ടോറിയം എടുത്ത ഒരാള്‍ക്ക് ഇതുവഴി ഏകദേശം 68,320 രൂപയുടെ അധിക ബാധ്യത വരും. അതേസമയം, മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രീം കോടതിയില്‍ വാദം നിലനില്‍ക്കെ ബേങ്കുകള്‍ ഈ രീതിയില്‍ ഔട്ട് സ്റ്റാന്‍ഡിംഗ് കണക്കാക്കുന്നതിനെതിരെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ആര്‍ ബി ഐ ചട്ടപ്രകാരം മൊറട്ടോറിയം കാലാവധി കഴിഞ്ഞാലുള്ള നടപടികള്‍ മാത്രമാണ് കൈക്കൊണ്ടതെന്നാണ് ബേങ്ക് അധികൃതരുടെ വിശദീകരണം.

ഔട്ട് സ്റ്റാന്‍ഡിംഗ് കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബേങ്കായ എസ് ബി ഐയില്‍ നിന്ന് 15 വര്‍ഷത്തെ കാലാവധിക്ക് 30 ലക്ഷം രൂപ ഭവന വായ്പയെടുത്ത ഇടപാടുകാരന്‍ മൂന്ന് മാസത്തെ മൊറട്ടോറിയം സ്വീകരിച്ചാല്‍ 2.34 ലക്ഷം രൂപയാണ് അധികമായി അടക്കേണ്ടിവരിക. ഏകദേശം എട്ട് ഇ എം ഐ ആണ് ഇടപാടുകാരന്‍ അധികമായി അടക്കേണ്ടി വരുന്നത്. എന്നാല്‍ ആറ് മാസത്തെ മൊറട്ടോറിയം സ്വീകരിച്ചാല്‍ ഇത് 4.54 ലക്ഷം രൂപയായും 16 അധിക ഇ എം ഐയായും വര്‍ധിക്കും.

ഇത്തരത്തില്‍ വായ്പാ തുകയും ശേഷിക്കുന്ന കാലാവധിയും ഇ എം ഐയും പലിശനിരക്കും വര്‍ധിക്കുന്നതിന് അനുസരിച്ച് അധിക ബാധ്യതയും വര്‍ധിക്കും. ഈ കണക്കുകള്‍ പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പിഴ ഈടാക്കുകയില്ല എന്നതു മാത്രമാണ് റിസര്‍വ് ബേങ്കിന്റെ മൊറട്ടോറിയം ആനുകൂല്യത്തില്‍ വായ്പയെടുത്ത ഇടപാടുകാരന് ലഭിച്ച നേട്ടം.

ALSO READ  സാമ്പത്തിക പതനം പാർലിമെന്റ് ചർച്ച ചെയ്യണം