Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഡോ. റിയ ആന്‍ തോമസിന്റെ കസ്റ്റഡിക്ക് പോലീസ് ഇന്ന് അപേക്ഷ നല്‍കും

Published

|

Last Updated

പത്തനംതിട്ട | പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ റിമാന്‍ഡില്‍ കഴിയുന്ന കമ്പനി ഡയറക്ടര്‍ ഡോ. റിയ ആന്‍ തോമസിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലിസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. 2000 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലെ അഞ്ചാം പ്രതിയും സ്ഥാപന ഉടമയുടെ മകളുമാണ് ഡോ. റിയാ ആന്‍ തോമസ്.

ഒഴിവിലായിരുന്ന ഇവരെ വ്യാഴാഴ്ച രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍ നിന്നാണ് കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി എസ് രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക വിനിയോഗം, അക്കൗണ്ട് വിവരങ്ങള്‍, പങ്കാളിത്തം തുടങ്ങിയവ ചോദിച്ചറിഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന റിയയുടെ പിതാവും കമ്പനി മാനേജിങ് ഡയറക്ടറുമായ തോമസ് ഡാനിയേല്‍(റോയി), മാതാവ് പ്രഭാ തോമസ്,  സഹോദരങ്ങളായ റീനു, റേബ എന്നിവരുടെ മൊഴി അടിസ്ഥാനമാക്കിയുമായിരുന്നു ചോദ്യം ചെയ്യല്‍.

അഞ്ചാം പ്രതി റിയയ്ക്ക് കേസില്‍ മുഖ്യപങ്കാളിത്തമെന്നാണ് പോലിസിന്റെ നിഗമനം. ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പില്‍ കമ്പനി രൂപീകരിച്ചത് കൂട്ടായ തീരുമാനത്തിലൂടെയെന്നും റിയ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും പരാതി ലഭിച്ചു. പത്തനംതിട്ടയില്‍ ലഭിച്ച പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. 2019 ലെ ഉപഭോക്തൃ തര്‍ക്ക നിയമം സെക്ഷന്‍ 35 പ്രകാരം പത്തനംതിട്ട വാഴമുട്ടം സ്വദേശിനി റോസമ്മ വര്‍ഗീസ് ആണ് കമ്മീഷനെ സമീപിച്ചത്. 2 ഇടപാടുകളിലായി 3 ലക്ഷത്തിലധികം തുക നിക്ഷേപിച്ചിരുന്നു. എന്നാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും മുതലോ പലിശയോ തിരികെ കിട്ടിയില്ലെന്നുമാണ് 74 കാരിയുടെ പരാതി. പരാതിയില്‍ എതിര്‍കക്ഷികളായ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭാ തോമസ് എന്നിവര്‍ അടുത്ത മാസം 19ന് ഹാജരാകണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Latest