കാര്‍ഷിക ബില്ല്: ശബ്ദ വോട്ടിന് കാരണം പാസാകില്ലെന്ന സംശയം-എളമരം കരീം

Posted on: September 20, 2020 8:16 pm | Last updated: September 21, 2020 at 8:21 am

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ല് പാസാക്കിയ നടപടി പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഇല്ലാത്തതെന്ന് രാജ്യസഭാംഗമായ എളമരം കരീം . ശബ്ദ വോട്ടോടെ ബില്ല് പാസാക്കാന്‍ തീരുമാനിച്ചത് പാസാകില്ലെന്ന് സര്‍ക്കാരിന് സംശയം ഉണ്ടായതിനാലാണെന്നും എളമരം കരീം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെയും ഭരണഘടനയെയും അവഹേളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

സമരം ചെയ്യുന്ന ലക്ഷക്കണക്കിന് കര്‍ഷകരുടെ വികാരമാണ് 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രകടിപ്പിച്ചത്. അതിനെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു സര്‍ക്കാര്‍. ഡപ്യൂട്ടി ചെയര്‍മാന് എതിരെ അവിശ്വാസത്തിനു ഇടത് പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി. നോട്ടീസ് ചര്‍ച്ച ചെയ്യുന്നത് വരെ ഡപ്യുട്ടി ചെയര്‍മാനെ മാറ്റി നിര്‍ത്തണം. നാളത്തെ സഭാ സമ്മേളനം കൂടി പരിഗണിച്ചു കൂടുതല്‍ പ്രതിഷേധം ആലോചിക്കും. ബില്ലിനെ എതിര്‍ക്കുന്ന 12 പ്രതിപക്ഷ പാര്‍ട്ടികളാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഇടത് പാര്‍ട്ടികള്‍ക്ക് പുറമെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എന്‍സിപി, സമാജ്വാദി പാര്‍ട്ടി, മുസ്ലിം ലീഗ് തുടങ്ങിയ 12 പാര്‍ട്ടികളുടെ പിന്തുണയും പ്രമേയത്തിനുണ്ടെന്നും എളമരം കരീം പറഞ്ഞു