കുഞ്ഞാലിക്കുട്ടി യു എ ഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നു:കോടിയേരി

Posted on: September 20, 2020 5:56 pm | Last updated: September 20, 2020 at 8:32 pm

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി യു എ ഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കാനാണ് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ അടിയന്തിരമായി എന്‍ ഐ എക്ക് കൈമാറണം. അല്ലെങ്കില്‍ ഇത്രയും നിരുത്തരവാദിത്വപരമായ പ്രസ്താവനക്ക് കുഞ്ഞാലിക്കുട്ടി മാപ്പ് പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഈന്തപ്പഴത്തിലും സ്വര്‍ണമാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി തെളിവുകള്‍ കൈമാറാന്‍ തയ്യാറാകണം. കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവിതം കൊണ്ട് പന്താടുകയാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ് യു എ ഇ. ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക് അയച്ചതാണ് ഖുര്‍ആനും ഈന്തപ്പഴവും. ഇത് കേന്ദ്ര സര്‍ക്കാറിന്റെ കസ്റ്റംസ് ക്ലിയറന്‍സ് ചെയ്തതുമാണ്. അങ്ങനെയിരിക്കെ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്നും ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണ്ണമാണെന്നും ധ്വനിപ്പിക്കുന്ന രീതിയില്‍ കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിക്കുകയാണ്.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കുന്ന പ്രസ്താവന നടത്തിയ പാര്‍ലിമെന്റ് അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കേസ് എടുക്കുകയും വേണം.
കേരളത്തോടുള്ള പ്രത്യേക താല്‍പര്യത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് യു എ ഇ കോണ്‍സുലേറ്റ് ആരംഭിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരേണ്ടതാണ്. എന്നാല്‍ അതൊന്നും ചെയ്യാതെ യു എ ഇ എന്ന രാജ്യത്തെതന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്.ബി ജെ പിക്കുവേണ്ടി ഏതറ്റംവരേയും പോകാന്‍ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി, അപകടകരമായ നീക്കങ്ങളാണ് നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.