Connect with us

National

നാടകീയ രംഗങ്ങൾക്കിടയിൽ കാർഷിക ബില്ലുകൾ രാജ്യസഭ പാസ്സാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിപക്ഷത്തിൻെറ ശക്തമായ പ്രതിഷേധങ്ങൾക്കും നാടകീയ സ‌ംഭവങ്ങൾക്കുമിടയിൽ വിവാദ കാർഷിക ബില്ലുകൾ രാജ്യസഭ പാസ്സാക്കി. ശബ്ദ വോട്ടോടെയാണ് ബില്ല് പാസ്സായത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് വളരെ ചർച്ചകൾക്ക് വഴിയൊരുക്കുന്ന മൂന്ന് ബില്ലുകളിൽ രണ്ടെണ്ണമാണ് ഇന്ന് പാസ്സാക്കിയത്. വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി വിപുലമായ തോതിൽ കർഷകർക്ക് ഉത്പനങ്ങൾ വിറ്റഴിക്കുന്നതിനുള്ള ബില്ലും ഭൂമി പാട്ടത്തിന് നൽകുന്നതുമായി ബന്ധെപ്പെട്ട ബില്ലുമാണ് പാസ്സാക്കിയത്.

കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാ അധ്യക്ഷനു നേരെ പാഞ്ഞടുത്തു. പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങള്‍ മൈക്ക് തട്ടിയെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഭ അല്‍പസമയം നിര്‍ത്തിവെക്കുകയും ചെയ്തു.

കര്‍ഷക ബില്ലുകള്‍ ശബ്ദ വോട്ടിനിടാന്‍ സഭാ അധ്യക്ഷന്‍ ശ്രമിച്ചതോടെയാണ് പ്രതിപക്ഷ നിര ഇളകിയത്. ടിഎംസി എംപി ഡെറിക് ഓ ബെറിന്‍ അധ്യക്ഷന് നേരെ പാഞ്ഞടുക്കുകയും രാജ്യസഭാ റൂള്‍ബുക്ക് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. പിന്നാലെ ചെയറിന് മുന്നിലുള്ള ചില പേപ്പറുകള്‍ കീറിയെറിയുകയും ചെയ്തു. ഇതിനിടെ മറ്റു പ്രതിപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. സഭാ അധ്യക്ഷന്റെ മുന്നിലുള്ള മൈക്ക് പ്രതിപക്ഷ അംഗങ്ങള്‍ തകര്‍ത്തു. പ്രതിഷേധം ശക്തമായതോടെ സഭ ഉച്ചക്ക് 1.41 വരെ നിര്‍ത്തിവെച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും ബഹളം തുടർന്നു. ഇതിനിടയിലാണ് ബില്ല് ശബ്ദ വോട്ടോടെ പാസ്സാക്കിയതായി രാജ്യസഭാ അധ്യക്ഷൻ അറിയിച്ചത്.

സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമനിര്‍മ്മാണത്തിനെതിരെ രാജ്യത്തൊട്ടാകെയുള്ള കര്‍ഷകരുടെ പ്രതിഷേധം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

 

Latest