Connect with us

Kerala

പുതിയ ന്യൂനമർദം; മഴ കനക്കും; ഇടുക്കി മുതൽ കാസർഗോഡ് വരെ റെഡ് അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ കൂടുതൽ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ എട്ട് ജില്ലകളിലാണ്  റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയ‌ം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്ത് യെല്ലോ അലർട്ടുമാണ്. കോട്ടയം മുതൽ കാസർകോട് വരെ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും നാളെയും ഓറഞ്ച് അലർട്ടാണ്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നതാണ് അതീവ ജാഗ്രത ഏർെപടുത്താൻ കാരണം. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത്തവണത്തെ മണ്‍സൂണ്‍ സീണണിലെ 11-ാമത്തെ ന്യൂനമര്‍ദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. ശക്തമായ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴക വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

 

Latest