Connect with us

Kerala

കേരളം ഭീകരവാദികളുടെ കേന്ദ്രം: സമാന അഭിപ്രായവുമായി വി മുരളീധരനും പി ടി തോമസും

Published

|

Last Updated

കൊച്ചി |  കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണവുമായി കോണ്‍ഗ്രസ് നേതാവ് പി ടി തോമസും ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും. കേരളം തീവ്രവാദികളുടേയും ദേശവിരുദ്ധരുടേയും സുരക്ഷിത താവളമായി മാറിയെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. അല്‍ ഖാഈദ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും എന്‍ ഐ എ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇരു നേതാക്കളുടേയും പ്രതികരണം. എന്നാല്‍ അറസ്റ്റിലായവര്‍ മലയാളികള്‍ അല്ലെന്നിരിക്കെയാണ് ഇരു നേതാക്കളും ഇത്തരത്തില്‍ ഒരു അഭിപ്രായം രേഖപ്പെടുത്തിയതെന്നത് ശ്രദ്ധേയമാണ്.

കേരളവും കൊച്ചിയും ഭീകരരുടെ കേന്ദ്രമായെന്ന് പി ടി തോമസ് പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ ഒരു ഭാഗത്ത് സ്വര്‍ണക്കള്ളക്കടത്തുകാരും മറുഭാഗത്ത് കസ്റ്റംസിനേയും എന്‍ ഐ എയേയും പോലുള്ള ദേശീയ ഏജന്‍സികളെ വെട്ടിച്ച് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരുമാണ്. അല്‍ഖാഇദ പോലുള്ള സംഘടനകളില്‍ നിന്നുള്ളവരെ കേരളത്തില്‍ നിന്നും പിടികൂടിയിരിക്കുകയാണ്. കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്നത് ഞെട്ടലോടെയാണ് കേള്‍ക്കേണ്ടത്.

രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന തീവ്രവാദികളുടെ സാന്നിധ്യമാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അത് ഗൗരവത്തോടെ കാണേണ്ട കാര്യം തന്നെയാണ്. കേരളത്തിലെ ഇന്റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണെന്നും പി ടി തോമസ് പറഞ്ഞു.

കേരളം ദേശ വിരുദ്ധരുടെയും തീവ്രവാദികളുടെയും സുരക്ഷിത താവളമാവുന്നു എന്നായിരുന്നു വി മുരളീധരന്റെ ആരോപണം.

Latest