Connect with us

Kerala

ആംബുലന്‍സിലെ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് രോഗിയായ 19കാരിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ 108 ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കായംകുളം കീരിക്കാട് സൗത്ത് പനക്കല്‍ച്ചിറയില്‍ വി നൗഫലിനെയാണ് ഈ മാസം 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞുവന്ന പ്രതിയുടെ കൊവിഡ് ടെസ്റ്റുകള്‍ എല്ലാം നെഗറ്റീവ് ആണെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു. കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും. കേസില്‍ ഒരു മാസത്തിനകം അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കും.

കേസന്വേഷിക്കാന്‍ പ്രത്യേക പത്തംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന വകുപ്പ് അടക്കം ചുമത്തിയ സാഹചര്യത്തില്‍ അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവിനാണ് അന്വേഷണ ചുമതല. പീഡനത്തിനിരയായ പെണ്‍കുട്ടി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഈമാസം അഞ്ചിന് രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പന്തളത്തെ ചികിത്സാ കേന്ദ്രത്തിലും ഒപ്പമുണ്ടായിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആംബുലന്‍സ് ഡ്രൈവറായ നൗഫലിന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കാതെ 18 കിലോമീറ്റര്‍ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയില്‍ 42കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവന്നാണ് പെണ്‍കുട്ടിയെ പന്തളത്ത് എത്തിച്ചത്. ഇതിനിടയിലായിരുന്നു ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്തിന് സമീപത്തെ നാല്‍ക്കാലിക്കല്‍ പാലത്തിന് സമീപം വച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

---- facebook comment plugin here -----