കിയാ സോനറ്റിന്റെ വില പ്രഖ്യാപിച്ചു; 6.71 ലക്ഷം മുതല്‍

Posted on: September 18, 2020 2:49 pm | Last updated: September 18, 2020 at 3:29 pm

ഏറെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടയില്‍ കിയാ മോട്ടോര്‍സ് ഇന്ത്യയിലെ അവരുടെ മൂന്നാമത്തെ വാഹനമായ കിയാ സോനറ്റിന്റെ വില വിവരം പ്രഖ്യാപിച്ചു. 6.71 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

നേരത്തെ 2020 ഓട്ടോ എക്‌സ്‌പോയില്‍ ആയിരുന്നു കിയാ ഇന്ത്യയിലെ മൂന്നാമത്തെ വാഹനത്തെ അവതരിപ്പിച്ചത്. പിന്നീട് പ്രൊഡക്ഷന്‍ റെഡി മോഡലും അവതരിപ്പിച്ചു. ശേഷം 70 രാജ്യങ്ങളിലേക്കുള്ള എക്‌സ്‌പോര്‍ട്ട് അടക്കം സോനറ്റിനെ മികച്ച വിലയില്‍ തന്നെ അവതരിപ്പിച്ചിരിക്കുകയാണ് കിയാ.

കിയയുടെ തന്നെ സെല്‍ട്ടോസില്‍ കണ്ടത് പോലെ രണ്ട് വക ഭേദങ്ങളാണ് സോനറ്റിനുള്ളത്. ജി.ടി. ലൈനും ടെക് ലൈനും. രണ്ടും ചേര്‍ത്ത് അകെ 6 വേരിയന്റുകളിലാണ് സോനറ്റ് മാര്‍ക്കറ്റില്‍ ലഭ്യമാവുക. പെട്രോളിലും ഡീസലിലും അവതരിപ്പിക്കുന്ന വാഹനത്തില്‍ ഓട്ടോമാറ്റിക്, മാന്വല്‍ കൂടെ iMT ഗിയര്‍ സംവിധാനവും ലഭ്യമാണ്. 7 സ്പീഡ് ഡ്യൂവല്‍ ക്ലെച് സംവിധാനം പെര്‍ഫോമന്‍സ് കൂട്ടാനും സഹായിക്കുന്നുണ്ട്. 1.2 ലിറ്റര്‍, 1 ലിറ്റര്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരു 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കിയ സോണറ്റിനു കരുത്തു പകരും.

സെഗ്മന്റില്‍ തന്നെ മികച്ച ഫീച്ചറുകളായി വെന്റിലേറ്റഡ് സീറ്റുകളും വൈറസ് പ്രൊട്ടക്ഷന്‍ വായു ശുദ്ധീകരണ സംവിധാനവും UVO അപ്പിക്കേഷന്‍ ഫീച്ചറുകളും ബോസ് മ്യൂസിക് സിസ്റ്റവും വാഹനത്തെ ഒരുപടി മുന്നിലെത്തിക്കും. കൂടെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് യോജിച്ച ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ശ്രദ്ധേയമാണ്.

നജീബ് റഹ്മാന്‍ കെ.പി