Articles
ന്യൂസ് റൂമുകളാണ്; കോടതി മുറികളല്ല

നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ വിചാരണ എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഒരേ സമയം സുശാന്ത് സിംഗിനെ അവഹേളിക്കുന്ന വിധവും കുറ്റാരോപിതരെ കുരിശിലേറ്റിയും ദേശീയ മാധ്യമങ്ങളുടെ ന്യൂസ് റൂമുകള്‍ കോടതിയാകുകയാണ്. നടന്നുകൊണ്ടിരിക്കുന്ന സി ബി ഐ അന്വേഷണത്തിന് സമാന്തരമായി മാധ്യമങ്ങള്‍ നടത്തുന്ന അന്വേഷണ വേട്ടയെ അന്വേഷണാത്മക ജേര്‍ണലിസത്തിന്റെ പരിധിയില്‍ പെടുത്താവുന്നതല്ല.
രണ്ട് വിധത്തിലുള്ള ക്രിമിനല്‍ നീതി നിര്‍വഹണ രീതികളുള്ളതില്‍ അഡ്വേഴ്‌സേറിയല്‍ സിസ്റ്റമാണ് ഇന്ത്യയില്‍ പ്രയോഗത്തിലുള്ളത്. ക്രിമിനല്‍ കേസിലെ ഇരു കക്ഷികളും തങ്ങളുടെ വാദങ്ങള്‍ നിഷ്പക്ഷനെന്ന് കരുതുന്ന ന്യായാധിപന് മുന്നില്‍ അവതരിപ്പിക്കുന്ന പ്രസ്തുത സംവിധാനത്തില്‍ കളിക്കളത്തിലെ ഒരു റഫറിയുടേതിന് സമാനമായ റോളാണ് ന്യായാധിപന് നിര്‍വഹിക്കാനുള്ളത്. കുറ്റാരോപിതനെ പ്രോസിക്യൂട്ട് ചെയ്യേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനാണ്. പോലീസും പ്രോസിക്യൂഷനും ഭരണകൂടത്തിനു വേണ്ടി ആ ദൗത്യം നിര്‍വഹിക്കുമ്പോള്‍ കുറ്റാരോപിതന് തന്റെ മേല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. മറ്റൊരര്‍ഥത്തില്‍ കുറ്റം സംശയാതീതം തെളിയിക്കപ്പെടാത്ത കാലമത്രയും കുറ്റാരോപിതന്‍ നിരപരാധിയാണെന്നാണ് ക്രിമിനല്‍ നിയമ തത്വം.
ക്രിമിനല്‍ നിയമ തത്വങ്ങളില്‍ സുപ്രധാനമായ കുറ്റാരോപിതന്റെ നിരപരാധിത്വ പരികല്പനക്ക് മൂന്ന് മാനങ്ങളുണ്ട്. പൊതുവില്‍ എല്ലാ വ്യക്തികളും വിശ്വസ്തരും അപരാധ മുക്തരുമായിരിക്കും എന്നതാണ് ഒന്നാമത്തേത്. പൊതുജനവും സമൂഹ അഭിപ്രായ രൂപവത്കരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളും സംശയങ്ങളുടെയും ഊഹാപോഹങ്ങളുടെയും പുകമറയാല്‍ നയിക്കപ്പെടുന്നു എന്നതിനാല്‍ മുന്‍വിധിയെ മുന്‍നിര്‍ത്തിയുള്ള വിധിതീര്‍പ്പിനെതിരെയുള്ള കരുതലാണ് രണ്ടാമത്തെ മാനം. ശക്തമായ നിയമവാഴ്ച നിലവിലില്ലാത്തിടത്ത് ഭരണകൂട അതിക്രമത്തില്‍ നിന്ന് കാവലൊരുക്കലും നിയമ തത്വം മുന്നോട്ടുവെക്കുന്ന ആശയമാണ്.
എന്നാല്‍ മാധ്യമ വിചാരണയുടെ ആസുര കാലത്ത് ഒരാള്‍ നിരപരാധിയാണെന്ന് നിസ്സംശയം തെളിയിക്കപ്പെടാത്ത കാലത്തോളം അയാള്‍ കുറ്റക്കാരനാണെന്ന നിലയില്‍ നിയമ തത്വത്തെ തലതിരിച്ച് വായിക്കാനാണ് മാധ്യമങ്ങളില്‍ പലതും താത്പര്യപ്പെടുന്നത്.
ജനാധിപത്യത്തിന്റെ നാലാം തൂണായും സംരക്ഷണ ഉത്തരവാദിത്വമുള്ള കാവല്‍ നായയായുമൊക്കെ മാധ്യമങ്ങള്‍ കണക്കാക്കപ്പെടുന്നു. ആധുനിക ലോകത്ത്, മനുഷ്യരായ എല്ലാവരും പൗരരാകുന്നത് ഒരു നിര്‍ണിത രാഷ്ട്രഗാത്രത്തിലെ അണുവാകുമ്പോഴാണ്. പൗരസമൂഹത്തെ സാമൂഹികവും രാഷ്ട്രീയവുമായി നിതാന്തം ജാഗ്രത്താക്കി മാറ്റുന്നത് മാധ്യമങ്ങളാണ്. പ്രാദേശികവും അന്തര്‍ദേശീയവുമായ വികസനങ്ങളും വികാസങ്ങളും പൗരന്‍മാരെ അറിയിക്കുന്നതും നിരന്തര മാറ്റങ്ങളെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുന്നതും മാധ്യമങ്ങളാണ്. രാഷ്ട്രീയ ഉത്കര്‍ഷേച്ഛയും അതിനു വേണ്ട ഇടമുറിയാത്ത പ്രവര്‍ത്തനവും ഒരു ശരിയായ ജനാധിപത്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ അടയാളമാണെങ്കില്‍ അത് സാധ്യമാക്കാന്‍ സഹായിക്കും ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍.
പക്ഷേ, ലക്ഷണമൊത്ത കോടതിയുടെ വേഷത്തിലാണ് മാധ്യമങ്ങള്‍ പലപ്പോഴും “പ്രൈം ടൈംമി”ലെത്തുന്നത്. സവിശേഷ പ്രാധാന്യമുള്ള വിഷയങ്ങളില്‍ മാധ്യമ വിചാരണ അതിശക്തമായി തന്നെ മുന്നോട്ടു പോകുന്നത് കാണാം. സെലിബ്രിറ്റികളോ സ്ത്രീ സാന്നിധ്യമോ ഉള്ള കേസാണെങ്കില്‍ ആവശ്യത്തിന് ചേരുവകളായി. അതില്‍ പിന്നെ പാനല്‍ ഡിബേറ്റില്‍ പ്രമുഖ അഭിഭാഷകര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെ എത്തുന്നു. വിചാരണാ കോടതിയിലെ ജഡ്ജിയുടെ ഭാവത്തില്‍ ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകന്‍ എതിര്‍ വിസ്താരം നടത്തിക്കളയുന്നത് വരെ കാണാം. ഒടുക്കം കേസന്വേഷണത്തില്‍ പ്രസക്തവും നിര്‍ണായകവുമായ തെളിവുകള്‍ കുഴിച്ചെടുക്കുക കൂടി ചെയ്തിട്ടാണ് ചര്‍ച്ച പലപ്പോഴും അവസാനിപ്പിക്കാറുള്ളത്. അപ്പോഴും അന്വേഷണ ഏജന്‍സികള്‍ കേസിന്റെ എല്ലാ വശവും പരിശോധിച്ച് വരുന്നേ ഉണ്ടാകുകയുള്ളൂ. അതിനു മുമ്പ് തന്നെ മാധ്യമ വിചാരണയില്‍ കുറ്റാരോപിതന്‍ സിവില്‍ ഡത്തിന് വിധേയനായിട്ടുണ്ടാകും.
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാ പരിരക്ഷയുള്ള മൗലികാവകാശമാണെന്നതു പോലെ നീതിപൂര്‍വമായ വിചാരണ കുറ്റാരോപിതന്റെയും മൗലികാവകാശമാണ്. ഭരണഘടനാനുഛേദം 21 ഉറപ്പു നല്‍കുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണ് നീതിപൂര്‍വമായ വിചാരണ ലഭ്യമാകാനുള്ള പൗരന്റെ അവകാശം. പ്രസ്തുത അവകാശത്തിനു മേല്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കൊടി പറക്കരുതെന്ന് മാത്രമല്ല സമ്പൂര്‍ണവും അതിര്‍ വരമ്പുകളില്ലാത്തതുമായ മൗലികാവകാശം എന്നത് ഇല്ല തന്നെ. അങ്ങനെ വരുമ്പോള്‍ ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ചും ശരിയായ നീതി നിര്‍വഹണത്തെ തടസ്സപ്പെടുത്തിയും മുന്നോട്ടു പോകുന്ന മാധ്യമ പ്രവര്‍ത്തനത്തെ മാധ്യമ ഗുണ്ടായിസമെന്ന് വിശേഷിപ്പിക്കുന്നതാകും ഉചിതം.
മാധ്യമ വിചാരണയുടെ ദുഃസ്വാധീനവും പ്രതിലോമകരമായ പൊതുബോധ സൃഷ്ടിയും മുഖേന നിയമ വ്യവഹാരങ്ങളെ വഴിതിരിച്ചു വിട്ടതിന്റെയും നീതിയെത്തന്നെ അട്ടിമറിച്ചതിന്റെയും നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ നീതിന്യായ ചരിത്രത്തിലുണ്ട്. അതില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു 1961ലെ കെ എം നാനാവതി കേസ്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ടാബ്ലോയ്ഡ് “ബ്ലിറ്റ്‌സി”ന്റെ എഡിറ്റര്‍ ആര്‍ കെ കരഞ്ചിയ കൊലപാതക കേസില്‍ കുറ്റാരോപിതന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ഇരയെ വില്ലനായി ചിത്രീകരിക്കുകയും ചെയ്തു. ഈ നീക്കം കേസ് വിചാരണ നടത്തിയ ജൂറി അംഗങ്ങളെ സ്വാധീനിച്ചപ്പോള്‍ കുറ്റാരോപിതനെ കുറ്റവിമുക്തനാക്കി. എന്നാല്‍ വിചാരണാ കോടതി വിധി തള്ളിയ ബോംബെ ഹൈക്കോടതി പുനര്‍ വിചാരണ നടത്തി കുറ്റാരോപിതന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷിച്ചു. പിന്നീട് സുപ്രീം കോടതി ഹൈക്കോടതി വിധിയെ ശരിവെക്കുകയുമുണ്ടായി.
കോടതിയലക്ഷ്യ നിയമം കോടതി നടപടികള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നില്ലെങ്കിലും അത് നീതിനിര്‍വഹണത്തെ ബാധിക്കുന്ന വിധമാകരുതെന്നത് ഇവിടെ പ്രസ്താവ്യമാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളുടെ വ്യാപ്തിയും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയും കൃത്യമായ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
മാധ്യമ വിചാരണയുടെയും സിവില്‍ ഡത്തിന്റെയും ഭീകരത അനാവൃതമാക്കുമ്പോഴും നീതി നിഷേധിക്കുന്നിടത്ത് അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച മാധ്യമ സമീപനത്തെ കാണാതിരിക്കുന്നത് ശരിയല്ല. പ്രിയദര്‍ശിനി മാത്തു, ജസീക്കാ ലാല്‍ കേസുകള്‍ അവ്വിധം അവിസ്മരണീയമാണ്. രണ്ടും അതിദാരുണ കൊലപാതക കേസുകളായിരുന്നു. കുറ്റാരോപിതര്‍ക്കെതിരെയുള്ള തെളിവുകള്‍ പരിഗണിക്കാതെയായിരുന്നു രണ്ട് കേസിലും വിചാരണാ കോടതി കുറ്റാരോപിതരെ കുറ്റമുക്തരാക്കിയത്. അവിടെയാണ് മാധ്യമങ്ങള്‍ ശക്തമായി നിലകൊണ്ടതും കേസില്‍ ഹൈക്കോടതി പുനഃപരിശോധന നടത്തി പ്രതികളെ ശിക്ഷിക്കുന്നതും.
മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടിയ സമൂഹം വലിയ തോതില്‍ അരാജകവും സ്വേഛാധിപത്യ ഭരണകൂടത്തിന്റെ വിളനിലവുമായിരിക്കും. മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് സ്വകാര്യതക്കുള്ള അവകാശമടക്കമുള്ള പൗരാവകാശങ്ങളെ അപ്രസക്തമാക്കും വിധം ഇടപെടല്‍ നടത്താനും ജുഡീഷ്യറിയെ തെറ്റായ ദിശയില്‍ വഴിനടത്താനും മാധ്യമങ്ങള്‍ മുതിരരുത്. ബ്രേക്കിംഗിനു വേണ്ടിയുള്ള ഭ്രാന്തമായ ആവേശത്തിനും സെന്‍സേഷനലിസത്തിനുമപ്പുറം ഉത്തരവാദിത്വ മാധ്യമ പ്രവര്‍ത്തനത്തിനുള്ള ശ്രമം നടത്തണം മാധ്യമങ്ങള്‍. സ്വയം നിയന്ത്രണം പാലിക്കുകയും നൈതികതയും പ്രൊഫഷനലിസവും കൈമുതലാക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് മാത്രമേ ജനാധിപത്യ സമൂഹത്തെ ക്രിയാത്മകമായി മുന്നോട്ടു നയിക്കാനാകൂ.