കൊവിഡാണെന്ന് ഭാര്യക്ക് സന്ദേശമയച്ച് കാമുകിക്കൊപ്പം മുങ്ങി; കൈയോടെ പിടികൂടി പോലീസ് 

Posted on: September 17, 2020 7:08 pm | Last updated: September 17, 2020 at 7:08 pm

മുംബൈ| കൊവിഡ് ബാധിതനാണെന്നും മരിക്കാൻ പോകുകയാണെന്നും പറഞ്ഞ് ഭാര്യക്ക് സന്ദേശമയച്ച് കാമുകിയുമായി നാട് വിട്ട യുവാവിനെ ഒടുവിൽ പൊലീസ് പിടികൂടി.  നവി മുംബൈയിൽ നിന്ന് ജൂലായ് 21 ന് കാണാതായ  28കാരനെയാണ് ഒന്നരമാസത്തിന് ശേഷം ബുധനാഴ്ച ഇൻഡോറിൽ പോലീസ് കണ്ടെത്തിയത്.

നവി മുംബൈയിലെ തലോജയിലാണ് ഭാര്യക്കും വീട്ടുകാർക്കുമൊപ്പം യുവാവ് താമസിച്ചിരുന്നത്. ഇതിന് പിന്നാലെ തനിക്ക് കൊവിഡാണെന്നും താൻ മരിക്കാൻ പോകുകയാണെന്നും ഭാര്യക്കും വീട്ടുകാർക്കും ഫോണിൽ സന്ദേശമയച്ച ശേഷം ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. രണ്ട് ദിവസം കാത്തിരുന്ന ശേഷം വീട്ടുകാർ പോലീസിൽ പരാതി നൽകി. പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വാഷിയിൽ വെച്ചാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തി. തുടർന്ന യുവാവിന്റെ ബൈക്കും താക്കോലും ഹെൽമെറ്റും ഓഫീസ് ബാഗും പേഴ്‌സും വാഷിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അത്മഹത്യയാണെന്ന സംശയത്തെ തുടർന്ന് വാഷി നദിയിലും തിരച്ചിൽ നടത്തി. എന്നാൽ വിവരമൊന്നും ലഭിച്ചില്ല.

നഗരത്തിലെ ഹൈവേകളിലെ സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എയ്‌റോളിയിലെ ഒരു ചെക്ക് പോയിന്റിലെ സി സി ടി വിയിൽ കാറിൽ ഒരു സ്ത്രീക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവ് കു ടുങ്ങുകയായിരുന്നു. വിവരമനുസരിച്ച് ഇൻഡോറിലെത്തിയ പോലീസ് മറ്റൊരു യുവതിയുമൊത്ത് താമസിക്കുന്ന യുവാവിനെ കണ്ടെത്തി. വീട് വാടകക്കെടുത്ത് വേറെ പേരിലായിരുന്നു ഇവിടെ താമസിച്ചിരുന്നത്. പോലീസ് ഇയാളെ കൈയോടെ പിടികൂടി തിരികെ നവി മുംബൈയിലെത്തിച്ചു.