സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 4,351 പേര്‍ക്ക്

Posted on: September 17, 2020 6:06 pm | Last updated: September 17, 2020 at 9:34 pm

തിരുവനന്തപുരം | സംസ്ഥാനത്ത് പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ സാരമായ വര്‍ധന. ഇന്ന് 4,351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 4,081 പേരാണ്. 351 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 71 പേരുണ്ട്. 34,314 പേരാണ് കൊവിഡ് ബാധിതരായി നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. 2,737 പേര്‍ രോഗമുക്തരായി. 87,345 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. തിരുവനന്തപുരം- 820, കോഴിക്കോട്- 545, എറണാകുളം- 383, ആലപ്പുഴ- 367, മലപ്പുറം- 351, കാസര്‍കോട്- 319, തൃശൂര്‍- 296, കണ്ണൂര്‍- 260, പാലക്കാട്- 241, കൊല്ലം- 218, കോട്ടയം- 204, പത്തനംതിട്ട- 136, വയനാട്- 107, ഇടുക്കി- 104 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പത്തു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ജേക്കബ് (89), 14ന് മരിച്ച തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍ (49), 15ന് മരണപ്പെട്ട മലപ്പുറം സ്വദേശിനി മറിയക്കുട്ടി (75), ഒമ്പതിന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുല്ല (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), 10ന് മരിച്ച കൊല്ലം കുളക്കട സ്വദേശി ശശിധരന്‍ നായര്‍ (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീന്‍ (67), 11ന് മരണമടഞ്ഞ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ബാസ് (74) എന്നിവരുടെ സ്രവ പരിശോധനാ ഫലം പോസിറ്റീവാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിത മരണങ്ങള്‍ 489 ആണ്. ഇതു കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 141 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം- 804, കോഴിക്കോട്- 536, എറണാകുളം- 358, ആലപ്പുഴ- 349, മലപ്പുറം- 335, തൃശൂര്‍- 285, കാസര്‍കോട്- 278, കണ്ണൂര്‍- 232, പാലക്കാട്- 211, കൊല്ലം- 210, കോട്ടയം- 198, പത്തനംതിട്ട- 107, വയനാട്- 99, ഇടുക്കി- 79 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം.

എറണാകുളം- 16, തിരുവനന്തപുരം- 15, കാസര്‍കോട്- 12, തൃശൂര്‍, കണ്ണൂര്‍- എട്ടു വീതം, കൊല്ലം, പാലക്കാട്, മലപ്പുറം- 3 വീതം, ആലപ്പുഴ- 2, പത്തനംതിട്ട, വയനാട്- 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് രോഗബാധിതരായി.
തിരുവനന്തപുരം- 547, കൊല്ലം- 325, പത്തനംതിട്ട- 102, ആലപ്പുഴ- 196, കോട്ടയം- 120, ഇടുക്കി- 47, എറണാകുളം- 357, തൃശൂര്‍- 140, പാലക്കാട്- 114, മലപ്പുറം- 214, കോഴിക്കോട്- 275, വയനാട്- 79, കണ്ണൂര്‍- 97, കാസര്‍കോട്- 124 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,13,595 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,89,759 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,836 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3,081 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,87,796 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,92,765 സാമ്പിളുകളും പരിശോധനക്കയച്ചു.