Connect with us

National

അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ സേനയെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല: രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ ലഡാക്ക് അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തിയിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട രാജ്യസഭാ എം പിമാരുടെ ചോദ്യത്തിനു മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ലഡാക്ക് അതിര്‍ത്തിയിലെ പട്രോളിംഗിനെ ചൊല്ലിയാണ് ചൈനയുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പ്രദായിക രീതിയിലുള്ള സൈനിക വിന്യാസമാണ് അതിര്‍ത്തിയില്‍ വരുത്തിയിട്ടുള്ളത്. പട്രോളിംഗില്‍ നിന്ന് ഇന്ത്യന്‍ സേനയെ തടയാന്‍ ലോകത്തെ ഒരു ശക്തിക്കുമാകില്ല.
നിയന്ത്രണ രേഖയില്‍ നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്താനാണ് ചൈന ശ്രമിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രകോപനപരമായ സൈനിക നീക്കങ്ങളാണ് കഴിഞ്ഞ മാസം അവസാനം മുതല്‍ ചൈനയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. അവരുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ വൈരുധ്യമുണ്ട്.

അതിര്‍ത്തി പ്രശ്‌നത്തില്‍ സമാധാനപരമായ പരിഹാരമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് മടിക്കില്ല.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുമ്പോഴും സംയമനം പാലിക്കുകയും ധീരതയോടെ നിലകൊള്ളുകയും ചെയ്ത ഇന്ത്യന്‍ സൈന്യത്തെ മന്ത്രി അഭിനന്ദിച്ചു. ഏത് സാഹചര്യത്തെയും നേരിടാന്‍ സൈന്യം സുസജ്ജമാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Latest