മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് സോഷ്യല്‍ മീഡിയ

Posted on: September 17, 2020 3:32 pm | Last updated: September 17, 2020 at 4:24 pm

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനമായ ഇന്ന് ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് സോഷ്യല്‍ മീഡിയ. സെപ്തംബര്‍ 17 ദേശീയ തൊഴിലില്ലായ്മ ദിനമെന്ന ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. മോദിയുടെ ഭരണകാലം മുതല്‍ യുവാക്കള്‍ തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്ന സന്ദേശങ്ങളാണ് ട്വിറ്ററില്‍ വ്യാപകമാകുന്നത്.

തൊഴിലില്ലാതെയാണോ സര്‍ക്കാര്‍ അഞ്ച് ട്രില്യന്‍ സമ്പദ്ഘടന സ്വപ്‌നം കാണുന്നത്, മോദിജി നിങ്ങള്‍ വാഗ്ദാനം ചെയ്ത ജോലിയെവിടെ, യുവജനത വിഡ്ഢികളല്ല, ഞങ്ങള്‍ക്കാവശ്യം ജോലിയാണ് വ്യാജ വാഗ്ദാനങ്ങളല്ല, 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്ത്, യുവാക്കള്‍ നിരീക്ഷിക്കുന്നു, ജന്മദിനത്തില്‍ മോദിജിക്ക് നല്‍കാന്‍ അനുയോജ്യമായ സമ്മാനമാണ് ഇത് തുടങ്ങിയ ട്വീറ്റുകളാണ് ദേശീയ തൊഴിലില്ലായ്മ ദിനമെന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്നത്.

 

മാത്രമല്ല, പ്രധാനമന്ത്രിക്ക് ജന്മദിനം ആശംസിച്ചുള്ള ട്വീറ്റുകളേക്കാള്‍ ദേശീയ തൊഴിലില്ലായ്മ ദിനം എന്ന ഹാഷ്ടാഗിലാണ് ട്വീറ്റുകളുണ്ടായത്. ഹാപ്പി ബര്‍ത്ത് ഡേ പി എം മോഡി എന്ന ഹാഷ്ടാഗില്‍ 3.41 ലക്ഷം ട്വീറ്റുകളാണെങ്കില്‍ നാഷനല്‍ അണ്‍ എംപ്ലോയ്‌മെന്റ് ഡേ എന്ന ഹാഷ്ടാഗില്‍ 31 ലക്ഷം ട്വീറ്റുകളാണുണ്ടായത്.

കോണ്‍വൊക്കേഷന്‍ ഗൗണിട്ട് യുവാക്കള്‍ സമൂസ പൊരിക്കുന്ന പഴയ പ്രതിഷേധ ചിത്രങ്ങളും പലരും പോസ്റ്റ് ചെയ്തു. ഹിന്ദിയിലെ ഹാഷ്ടാഗ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇംഗ്ലീഷിലെ ഹാഷ്ടാഗ് ഒരുവേള ഒന്നാമതെത്തിയിരുന്നു.

 

ALSO READ  കൊവിഡ് ഗ്രാഫ് ഭയപ്പെടുത്തുന്നു; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി