മന്ത്രി കെ ടി ജലീല്‍ രാജിവെക്കില്ല; അത് സിപിഎം നിലപാടാണ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on: September 17, 2020 10:36 am | Last updated: September 17, 2020 at 12:32 pm

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീല്‍ ഒരു കേസിലും പ്രതിയല്ലെന്നും അദ്ദേഹം രാജിവെക്കേണ്ട് കാര്യമില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍.ജലീല്‍ രാജിവെക്കേണ്ട കാര്യമില്ല. അത് സിപിഎമ്മിന്റെ നിലപാടാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീല്‍ രാജിവെക്കുന്ന പ്രശ്നമില്ല. അന്വേഷണം നടക്കട്ടെ. ഒന്നും മറച്ചുവെക്കാനില്ല. എന്‍ ഐ എ വിളിപ്പിച്ചു അദ്ദേഹം പോയി. അതില്‍ എന്താണ് തെറ്റെന്നും തന്നെ കണ്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായി വരേണ്ട ആള്‍ കേന്ദ്ര മന്ത്രി വി മുരളീധരനാണ്. അദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് സ്വര്‍ണക്കടത്ത് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടല്ല നടന്നത് എന്നാണ്‌

രണ്ടാമത്തെ ആള്‍ അനില്‍ നമ്പ്യാരാണ്. ഇയാളാണ് പ്രതികള്‍ക്ക് ബുദ്ധി പറഞ്ഞുകൊടുത്തത്. അന്വേഷണം അങ്ങോട്ടേക്ക് പോകാതെ കേസ് അവസാനിക്കില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.