എടച്ചേരി അഗതി മന്ദിരത്തിലെ നൂറോളം പേര്‍ക്ക് കൊവിഡ്; പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

Posted on: September 17, 2020 8:33 am | Last updated: September 17, 2020 at 10:16 am

കോഴിക്കോട് | കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലാണ് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവിടേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘത്തേയാണ് ഇവിടേക്ക് നിയോഗിച്ചിരിക്കുന്നത്.

അഗതിമന്ദിരത്തിലെ ഇത്രയും പേര്‍ക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കും മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. കോഴിക്കോട്ട് ഇന്ന് 468 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനിടെ, കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഴുവന്‍ ജീവനക്കാര്‍ക്കും തിങ്കളാഴ്ച കൊവിഡ് പരിശോധന നടത്തും.