സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം; അട്ടിമറിയില്ലെന്ന് ഉദ്യോഗസ്ഥ സമതി

Posted on: September 17, 2020 6:53 am | Last updated: September 17, 2020 at 10:37 am

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് ഡോക്ടര്‍ എ കൗശിഗന്‍ അധ്യക്ഷനായ സമിതിയുടെയും നിഗമനം.

ഇക്കഴിഞ്ഞ ആഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപ്പിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്. തീപ്പിടുത്തത്തിന് കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായിരുന്ന ടേബിള്‍ ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണെന്നാണ് ഡോ.എ കൗശിഗന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘവും കണ്ടെത്തിയിരിക്കുന്നത്.നേരത്തെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗവും,ഫയര്‍ ഫോഴ്‌സും സമാനമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. തീപ്പിടുത്തത്തില്‍ 25 ഫയലുകള്‍ക്ക് മാത്രമാണ് നാശനഷ്ടമുണ്ടായതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.