ഒപെക്: സാങ്കേതിക സമിതി യോഗം ചേര്‍ന്നു, നാളെ മോണിറ്ററിംഗ് യോഗം

Posted on: September 16, 2020 10:54 pm | Last updated: September 16, 2020 at 10:54 pm

വിയന്ന | പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിന്റെ സംയുക്ത സാങ്കേതിക സമിതി (ജെ ടി സി) യുടെ 44-ാമത് യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്നു. സെപ്തംബര്‍ 17 വ്യാഴാഴ്ച നടക്കുന്ന ജോയിന്റ് മിനിസ്റ്റീരിയല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ കോണ്‍ഫറന്‍സിന് മുന്നോടിയായാണ് യോഗം ചേര്‍ന്നത്.

ആഗോളവ്യാപകമായി കൊവിഡ് പടര്‍ന്നുപിടിച്ചതോടെ എണ്ണ വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ എണ്ണ ഉത്പാദനത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയിരുന്നു. കൊവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണ വിപണിയിലെ പുരോഗതിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനാണ് പ്രത്യേക യോഗം ചേരുന്നതെന്ന് ഒപെക് പ്രധിനിധി ബാര്‍ക്കിന്‍ഡോ പറഞ്ഞു. നിലവിലെ വെല്ലുവിളികള്‍ നേരിടാനും എണ്ണ വിപണിയില്‍ സ്ഥിരത കൈവരിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു