ഇരുഹറം കാര്യാലയ മേധാവി മദീന മുനവ്വറയില്‍ സന്ദര്‍ശനം നടത്തി

Posted on: September 16, 2020 9:53 pm | Last updated: September 16, 2020 at 9:53 pm

മദീന | ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍സുദൈസ് പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ സന്ദര്‍ശനം നടത്തി. മദീന പള്ളിയിലും റൗളാ ശരീഫിലും നടപ്പിലാക്കിയ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. മുന്നൊരുക്കങ്ങള്‍ നടന്നു കണ്ട അദ്ദേഹം മുതിര്‍ന്ന ഹറം കാര്യാലയ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മസ്ജിദുന്നബവിയില്‍ ഒരുക്കിയ ആരോഗ്യ സുരക്ഷാ സേവനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. പള്ളിയില്‍ പുതുതായി ആരംഭിച്ച പ്രഥമ ശുശ്രൂഷാ സംവിധാനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ചടങ്ങില്‍ അടിയന്തര സുരക്ഷാ വകുപ്പ് ഡയറക്ടര്‍ അവാദ് അല്‍-ഉനൈസിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.

കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദിയില്‍ ഇരു ഹറമുകളിലേക്കും പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം ഒഴിവാക്കിയിരുന്നുന്നെങ്കിലും ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് മസ്ജിദുന്നബവിയിലേക്ക് നിബന്ധനകളോടെ വീണ്ടും പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍, ആരോഗ്യ സുരക്ഷയുടെ ഭാഗമായി മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് തുടരുകയാണ്.