എൻജിനീയറിംഗ് വിസ്മയമായി ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കം ഇന്ത്യയിൽ

Posted on: September 16, 2020 6:27 pm | Last updated: September 16, 2020 at 6:27 pm

ഷിംല| ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാതാ തുരങ്കമായ മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടൽ തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി. സമുദ്രനിരപ്പിൽ നിന്ന് 10,000 അടി ഉയരത്തിലുള്ള തുരങ്ക നിർമാണം പത്ത് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ആറ് വർഷം കൊണ്ടാണ് തുരങ്കം പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിർമാണത്തിൽ കാലതാമസം നേരിടുകയായിരുന്നു. ചീഫ് എൻജിനീയർ കെ പി പുരുഷോത്തമൻ പറഞ്ഞു.

തുരങ്കത്തിൽ 60 മീറ്റർ ഇടവിട്ട് സി സി ടി വി ക്യാമാറകളും അടിയന്തര സാഹചര്യങ്ങളിൽ രക്ഷപ്പെടുന്നതിന് 500 മീറ്റർ വ്യത്യാസത്തിൽ എമർജൻസി വാതിലും സജ്ജമാക്കിയിട്ടുണ്ട്. തുരങ്ക നിർമാണത്തിലൂടെ ഹിമാചൽ പ്രദേശിലെ മണാലിക്കും ലേക്കും ഇടയിലുള്ള ദൂരത്തിൽ 46 കിലോമീറ്റർ (നാല് മണിക്കൂർ) ലാഭിക്കാൻ കഴിഞ്ഞു. തീപ്പിടിത്തം  തടയാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ദുർഘടമായ പാതയായതിനാൽ നിർമാണം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് പുരുഷോത്തമൻ പറഞ്ഞു. 10.5 മീറ്റർ വീതിയുള്ള തുരങ്കത്തിന് ഇരുവശത്തും ഒരു മീറ്റർ വീതിയിൽ നടപ്പാതയുണ്ട്.

വർഷത്തിൽ അഞ്ച് മാസം മത്രം തുറക്കാനാകുന്ന റോഹ്താംഗ് പാസുമായി ബന്ധിച്ച് തുരങ്ക നിർമാണം നടത്തുന്നത് വെല്ലുവിളിയായിരുന്നതായി പ്രൊജക്ട് സംഘം ഡയറക്ടർ കേണൽ പരീക്ഷിത്ത് മെഹ്‌റ അഭിപ്രായപ്പെട്ടു