Connect with us

Health

മലദ്വാര രക്തസ്രാവം: പേടിക്കേണ്ടതില്ല, പക്ഷേ അവഗണിക്കരുത്

Published

|

Last Updated

പലരും പുറത്തുപറയാനും ചികിത്സിക്കാനും മടിക്കുന്ന എന്നാൽ ഏറെ ആശങ്കപ്പെടുന്ന ആരോഗ്യ പ്രശ്‌നമാണ് മലദ്വാരത്തിലെ രക്തസ്രാവം. ജീവിത പങ്കാളിയോട് പോലും പറയാന്‍ ചിലര്‍ മടിക്കുന്നു. അവസാനം ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോഴാണ് ഡോക്ടറെ സമീപിക്കുക.

രക്തം തുള്ളിതുള്ളിയായി പോകുക, ചീറ്റിപ്പോകുക, മലത്തില്‍ പറ്റിപ്പിടിച്ച അവസ്ഥയില്‍ പോകുക എന്നിങ്ങനെ പല രീതിയില്‍ ഈ രക്തസ്രാവം ഉണ്ടാകാം. തുള്ളിയായി പോകുന്ന രക്തം മലദ്വാരത്തിന്റെ കീഴ്ഭാഗത്ത് നാല് സെന്റി മീറ്റര്‍ വരെയുള്ള ഭാഗത്തുനിന്നാകാം. മലത്തോടൊപ്പം കട്ടിയായി പോകുന്നത് വന്‍കുടലില്‍ നിന്നുള്ളതാകാം. ഇങ്ങനെ പോകുന്ന രക്തത്തിന്റെ നിറം ചുവപ്പും കറുപ്പുമാകാം. നിറം നോക്കി ഏതുഭാഗത്ത് നിന്നാണ് രക്തം വരുന്നതെന്ന് മനസ്സിലാക്കാം.

മലദ്വാരത്തിലെ ചെറിയ മുറിവുകള്‍ കാരണമാണ് രക്തസ്രാവമുണ്ടാകുന്നത്. രക്തക്കുഴല്‍ വീര്‍ക്കുകയും സമ്മര്‍ദം വരികയും ചെയ്യുന്നത് കാരണം രക്തക്കുഴല്‍ പൊട്ടിയാകാം. ചെറിയ വിള്ളലില്‍ നിന്നാകാം. വന്‍കുടലില്‍ തടിപ്പ്, അര്‍ബുദം വന്നാലും രക്തസ്രാവമുണ്ടാകും. അള്‍സര്‍ കാരണമായും രക്തം വരാം.

രക്തം കണ്ടാല്‍ ഉടനെ പരിഭ്രാന്തരാകേണ്ടതില്ല. വേദനയോടു കൂടിയാണ് രക്തം വരുന്നതെങ്കില്‍ വീട്ടില്‍ തന്നെ പഴങ്ങളും പച്ചക്കറികളും കഴിക്കുക. പിറ്റേദിവസം ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം. ശേഷം ഒരാഴ്ച കഴിഞ്ഞിട്ടും മാറ്റമില്ലെങ്കില്‍ വിശദ പരിശോധന ആവശ്യമായി വരും. അമിതമായ രീതിയിലുള്ള രക്തസ്രാവമാണെങ്കില്‍ ഉടനെ ചികിത്സ തേടണം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.ഷൈനി പ്രദീപ് (എവര്‍ഷൈന്‍ ഹോസ്പിറ്റല്‍, കൊച്ചി)

Latest