ഒരു മന്ത്രികൂടി പ്രതി: സ്വര്‍ണക്കടത്തില്‍ പുതിയ ആരോപണവുമായി ചെന്നിത്തല

Posted on: September 16, 2020 12:45 pm | Last updated: September 16, 2020 at 4:35 pm

തിരുവനന്തപുരം | സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന് പുറമെ മറ്റൊരു മന്ത്രിക്ക്കൂടി ബന്ധമുണ്ടെന്ന ആരോപണവുായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മന്ത്രിയുടെ പേരു കൂടി പുറത്ത് വരുന്നുണ്ട്. അത് ആരാണെന്ന് എനിക്കറിയാം. ഇപ്പോള്‍ പറയുന്നില്ല. പക്ഷേ സര്‍ക്കാര്‍ തന്നെ അത് വ്യക്തമാക്കണമെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ മന്ത്രി ആരെന്ന് മാധ്യമങ്ങള്‍ സ്വന്തം നിലക്ക് അന്വേിച്ച് കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം നല്‍കാന്‍ താന്‍ നേരത്തെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നല്‍കിയില്ല. ഇത് ഓര്‍മിപ്പിക്കാനായി ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാറിന് ഇന്ന് വീണ്ടും കത്ത് നല്‍കും. തരാന്‍ കൂട്ടാക്കത്തത് അടിമുടി അഴിമതി ആയതിനാലാണ്. മുഖ്യമന്ത്രി പിണറായി വിജയന് സമരങ്ങളോട് ഇപ്പോള്‍ എതിര്‍പ്പാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരത്തോട് എതിര്‍പ്പ് തോന്നുന്നത് ആശ്ചര്യകരമാണ്. അഴിമതി ആരാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഗള്‍ഫില്‍ പോയപ്പോള്‍ എത്ര പണം പിരിച്ചുവെന്നും പുറത്ത് വരേണ്ടതല്ലേയെന്നും ചെന്നിത്തല ചോദിച്ചു.