മോസ്‌കോയില്‍ നടന്ന ഇന്ത്യ- ചൈന ചര്‍ച്ചക്ക് മുമ്പ് അതിര്‍ത്തിയില്‍ വെടിപൊട്ടിയതായി റിപ്പോര്‍ട്ട്

Posted on: September 16, 2020 7:40 am | Last updated: September 16, 2020 at 12:32 pm

ന്യൂഡല്‍ഹി | അതിര്‍ത്തി സംഘര്‍ഷുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും മോസ്‌കോയില്‍ നടത്തിയ ചര്‍ച്ചക്ക് മുമ്പായി അതിര്‍ത്തിയില്‍ പ്രകോപന നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇരു വിഭാഗം സൈനികരും ആകാശത്തേക്ക് വെടിയുതിര്‍ത്തതായണ് റിപ്പോര്‍ട്ട്. 200 റൗണ്ട്‌വരെ വെടിയുതിര്‍ത്തെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചുഷൂല്‍ വെടിവെപ്പിനേക്കാള്‍ തീവ്രമായിരുന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് വെടിപ്പുണ്ടായത്. ഫിംഗര്‍ മൂന്ന്, നാല് മേഖലകളിലായിരുന്നു വെടിവെപ്പ് നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട് .

മോസ്‌കോയില്‍ നടന്ന പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടായിരുന്നില്ല. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്നും പ്രതിരോധ മന്ത്രിമാരുടെ മോസ്‌കോ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്ന മറുപടിയാണ് ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ചൈന നല്‍കിയത്.

അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ച് രാജ്യസഭയില്‍ ഇന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവന നടത്തും. നിലവിലെ പ്രിതസന്ധി തുടരുകയാണെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഇന്നലെ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.