Connect with us

Articles

ഈ കുറ്റപത്രം ജനാധിപത്യത്തിനെതിരെ

Published

|

Last Updated

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ തെരുവുകളില്‍ ഉയര്‍ന്ന സമരങ്ങളെ അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ സംഘര്‍ഷം വളര്‍ത്തിയെടുക്കുകയാണ് അവര്‍ ആദ്യം ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരങ്ങള്‍ നടന്നുവന്ന മേഖലകള്‍ കേന്ദ്രീകരിച്ച് യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ച്, രാജ്യത്തിനെതിരെ സമരം ചെയ്യുന്നവരെ പാഠം പഠിപ്പിക്കുമെന്നും സമരക്കാരെ കൈകാര്യം ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ലെങ്കില്‍ ആ പണി തങ്ങള്‍ ഏറ്റെടുത്തുകൊള്ളാമെന്നുമൊക്കെ പ്രഖ്യാപിച്ചവരില്‍ ബി ജെ പിയുടെ നേതാക്കളായ കപില്‍ മിശ്രയെപ്പോലുള്ളവരുണ്ടായിരുന്നു.

സമരം അടിച്ചമര്‍ത്തുന്നതിന് ഡല്‍ഹി പോലീസിന് അന്ത്യശാസനം നല്‍കുക കൂടി ചെയ്തു കപില്‍ മിശ്ര. ഇവരടക്കമുള്ള നേതാക്കള്‍ ഡല്‍ഹിക്ക് പുറത്തു നിന്ന് ആളുകളെ ഇറക്കിയാണ് അക്രമങ്ങള്‍ സംഘടിപ്പിച്ചത് എന്ന് ആരോപണമുണ്ട്. അക്രമിസംഘങ്ങള്‍ക്ക് ആയുധങ്ങള്‍ ലഭ്യമാക്കിയതും ഇവരാണെന്ന ആക്ഷേപം നിലനില്‍ക്കുന്നു.
കപില്‍ മിശ്രക്ക് പുറമെ ഡല്‍ഹി നിയമസഭാംഗം മോഹന്‍ സിംഗ് ബിഷ്ത്, മുന്‍ അംഗം ജഗദീഷ് പ്രധാന്‍, പാര്‍ലിമെന്റ് അംഗം സത്യപാല്‍ സിംഗ്, ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കനയ്യ ലാല്‍ എന്നീ ബി ജെ പി നേതാക്കള്‍ക്കെതിരെയും കലാപത്തിലെ പങ്കാളിത്തം സംബന്ധിച്ച് പരാതികളുണ്ട്. കുറഞ്ഞത് നാല് പരാതികളെങ്കിലും ഇവരുടെ പേര് പരാമര്‍ശിച്ച് ഡല്‍ഹി പോലീസ് മുമ്പാകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടന്നിരുന്ന സ്ഥലത്തേക്ക് സായുധരായ അക്രമി സംഘത്തെ നയിച്ചെത്തിയ കപില്‍ മിശ്രയെക്കുറിച്ച് പരാമര്‍ശിക്കുന്നതാണ് ഒരു പരാതി. അതില്‍പ്പോലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പോലീസിന് തോന്നിയില്ല. അമിത് ഷാ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ്, വര്‍ഗീയ സംഘര്‍ഷത്തിന്റെ ദിവസങ്ങളില്‍ ഡല്‍ഹി പോലീസ് പ്രവര്‍ത്തിച്ചത് എന്നും അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കി മാറിനില്‍ക്കുകയോ അക്രമി സംഘത്തിനൊപ്പം ചേരുകയോ ആണ് പോലീസ് ചെയ്തത് എന്നും ആരോപണമുണ്ട്. കലാപക്കേസുകളുടെ അന്വേഷണത്തിന്റെ കാര്യത്തിലും അതേ പക്ഷപാതിത്വം കാണിക്കുകയാണ് ഡല്‍ഹി പോലീസ്.
ബി ജെ പി നേതാക്കള്‍ക്കെതിരായ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുക മാത്രമല്ല, സംഘര്‍ഷത്തില്‍ ഇരയാക്കപ്പെടുകയും സ്വത്തുവകകള്‍ക്ക് നഷ്ടം നേരിടുകയും ചെയ്തത് സംബന്ധിച്ച് പരാതി നല്‍കാനെത്തിയവര്‍ക്കു മേല്‍ കേസെടുക്കുക കൂടി ചെയ്യുന്നുണ്ട് ഡല്‍ഹി പോലീസ്. ശിവ് വിഹാറിലെ ഹാഷിം അലി, കരാവല്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്, കലാപകാരികള്‍ തന്റെ ഉപജീവന മാര്‍ഗമായ ടൈലറിംഗ് ഷോപ്പ് നശിപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു. ഈ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന പോലീസ്, ശിവ് വിഹാറിലെ തന്നെ ധര്‍മേന്ദ്ര എന്നയാള്‍ നല്‍കിയ പരാതിക്കൊപ്പം അലിയുടെ പരാതിയും ചേര്‍ത്തു. ദിവസങ്ങള്‍ക്ക് ശേഷം അലിയുടെ വീട്ടില്‍ പോലീസെത്തിയത് മൂത്ത മകനെ അന്വേഷിച്ചായിരുന്നു. മകന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ അലിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഈ നിലക്ക് നടക്കുന്ന അന്വേഷണത്തിനിടയിലാണ് സി പി ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസറും സാമൂഹിക പ്രവര്‍ത്തകനുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെ പേരുള്‍പ്പെടുത്തിയുള്ള കുറ്റപത്രം ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. വര്‍ഗീയ സംഘര്‍ഷത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളെന്ന നിലയിലാണ് ഇവരുടെ പേരുള്‍പ്പെടുത്തിയത് എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ട്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ കുറ്റസമ്മത മൊഴിയില്‍ ഇവരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും അതാണ് കോടതി മുമ്പാകെ സമര്‍പ്പിച്ചത് എന്നുമാണ് ഡല്‍ഹി പോലീസിന്റെ വിശദീകരണം. ആരോപണ വിധേയരിലൊരാളുടെ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ടതുകൊണ്ട് മാത്രം ഇവരെ പ്രതിചേര്‍ക്കാനാകില്ലെന്നും പോലീസ് വിശദീകരിക്കുന്നു.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായ ദേവാംഗണ കലിത, നടാഷ നര്‍വാള്‍ എന്നിവരുടെ കുറ്റസമ്മത മൊഴിയിലാണ് ജയതി ഘോഷ്, അപൂര്‍വാനന്ദ്, രാഹുല്‍ റോയ് എന്നിവരെക്കുറിച്ച് പറയുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടുവെന്നും പ്രതിഷേധവുമായി ഏതറ്റം വരെയും പോകണമെന്ന് ഇവര്‍ നിര്‍ദേശിച്ചുവെന്നും വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു. ജാമിഅ മില്ലിയ്യയിലെ ഗുല്‍ഫിഷ ഫാത്വിമയുടെ കുറ്റസമ്മത മൊഴിയാണ് മറ്റൊന്ന്. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായ കെടുത്താന്‍ പാകത്തില്‍ സമരം സംഘടിപ്പിക്കാന്‍ തനിക്ക് നിര്‍ദേശം ലഭിച്ചുവെന്നും വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കാന്‍ യെച്ചൂരി, യോഗേന്ദ്ര യാദവ്, ചന്ദ്രശേഖര്‍ രാവണ്‍, ഉമര്‍ ഖാലിദ് തുടങ്ങിയ നേതാക്കള്‍ ജാമിഅയിലെത്തിയെന്നും ഫാത്വിമ മൊഴി നല്‍കിയെന്ന് പോലീസ് പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരം (യു എ പി എ) കേസുകള്‍ നേരിടുന്നവരാണ് മൂന്ന് പേരും.
കലാപത്തെക്കുറിച്ചുള്ള അന്വേഷണമെന്ന പേരില്‍ ഡല്‍ഹി പോലീസ് നടത്തുന്നത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെക്കുറിച്ചുള്ള അന്വേഷണമാണെന്ന് മൂന്ന് വിദ്യാര്‍ഥികളെ പ്രതിചേര്‍ത്തതില്‍ നിന്ന് ബോധ്യപ്പെടുന്നുണ്ട്. യെച്ചൂരി അടക്കമുള്ളവരെക്കുറിച്ച് പരാമര്‍ശിക്കുന്നതും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ പേരിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളാണ് ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിന് പിന്നിലെന്ന് വരുത്തുക എന്ന രാഷ്ട്രീയ അജന്‍ഡയുടെ നടത്തിപ്പുകാരായി ഡല്‍ഹി പോലീസ് മാറിയിരിക്കുന്നു. തീവ്ര പ്രതിഷേധത്തിന് മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചുവെന്നതാണ് വിദ്യാര്‍ഥികളുടെ “കുറ്റസമ്മത മൊഴി”. വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ച് സര്‍ക്കാറിനെതിരെ തിരിച്ചുവെന്നതും. യെച്ചൂരി അടക്കമുള്ളവര്‍ക്കുമേല്‍ യു എ പി എ ചുമത്താന്‍ ഡല്‍ഹി പോലീസിന്, നിലവിലെ സാഹചര്യത്തില്‍, ഇതിനപ്പുറമൊന്നും ആവശ്യമില്ല.
ഭരണകൂടത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍, വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍, നീതി നിഷേധിക്കപ്പെടുന്നുവെന്ന് വ്യക്തമാകുമ്പോള്‍ അതിനെതിരെ സംഘടിക്കാന്‍ ആവശ്യപ്പെടാന്‍ ഒക്കെ തയ്യാറാകുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. നാവടക്കി പണിയെടുക്കാന്‍ നിര്‍ദേശിച്ച അടിയന്തരാവസ്ഥയല്ല, നാവ് വളക്കുന്നവരെ നിശ്ശബ്ദരാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നമ്മുടെ രാജ്യത്തെന്ന് ഏതാനും വര്‍ഷങ്ങളായി നമ്മള്‍ പറഞ്ഞു വരുന്നതാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഫലപ്രദമായ നടപ്പാക്കലിന് എല്ലാ ഏജന്‍സികളെയും ഉപയോഗിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത്, ആ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചത് അവിടമൊരു തടവറയാക്കി മാറ്റിക്കൊണ്ടും ജനാധിപത്യ അവകാശങ്ങളൊക്കെ ഇല്ലാതാക്കിയുമാണ്. അതേ അവസ്ഥ രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മാത്രമേ, യെച്ചൂരി അടക്കമുള്ളവരുടെ പേര് പരാമര്‍ശിച്ച്, ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തെ കാണാനാകൂ. കലാപത്തിന്റെ സൃഷ്ടിയില്‍ വലിയ പങ്കുവഹിച്ച ബി ജെ പി നേതാക്കള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് ഡല്‍ഹി പോലീസ് തീരുമാനിക്കുമ്പോള്‍ പ്രത്യേകിച്ചും.

പൊതുവിലുള്ള ന്യായാന്യായ വിചാരമാണ് മുകളില്‍ പറഞ്ഞത്. കേരളത്തില്‍ പുതുതായി രൂപമെടുത്ത ആചാരമനുസരിച്ച് മാറ്റമുണ്ട്. യു എ പി എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയുടെ മൊഴിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടാലോ അവരുമായി ഫോണിലോ മറ്റോ സംസാരിച്ചുവെന്ന “രേഖ” പുറത്തുവന്നാലോ കുറ്റവാളി തന്നെയാണ്! അതനുസരിച്ച് സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയതി ഘോഷ്, അപൂര്‍വാനന്ദ്, രാഹുല്‍ റോയ് എന്നിവരൊക്കെ കുറ്റവാളികളായിക്കഴിഞ്ഞു. ഡല്‍ഹി പോലീസിന്റെ സമ്മര്‍ദം സഹിക്കാതെയാകണം ഈ വിദ്യാര്‍ഥികള്‍ “കുറ്റസമ്മത മൊഴി” നല്‍കിയിട്ടുണ്ടാകുക. മൊഴിയില്‍ പേരുണ്ട്, സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന പരാമര്‍ശമുണ്ട്. സര്‍ക്കാറിനെതിരെ സമരം ചെയ്യുക എന്നാല്‍ രാജ്യത്തിനെതിരെ സമരം ചെയ്യുക എന്നതില്‍ കുറഞ്ഞൊരു അര്‍ഥമില്ല. സ്വര്‍ണക്കടത്ത് രാജ്യത്തിനു നേര്‍ക്കുള്ള ആക്രമണമാകയാല്‍, അതിലെ പ്രതികളുടെ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ടവരും അവരുമായി സംസാരിച്ചവരുമൊക്കെ “രാജ്യദ്രോഹി”കളാകാതെ തരമില്ലല്ലോ എന്ന ന്യായമനുസരിച്ച് യെച്ചൂരിയെയും കൂട്ടരെയും യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യേണ്ടതാണ്! പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാന്‍ ആഹ്വാനം ചെയ്തത് പരസ്യമായിട്ടാണെന്നത് കൂടി കണക്കിലെടുത്താല്‍ അറസ്റ്റിന് ഇനിയും വൈകിക്കൂടാ!

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest