ത്രികക്ഷി കരാര്‍: ഗുണഫലം കാത്തിരുന്ന് കാണാം

കാര്യങ്ങള്‍ നേര്‍വഴിക്ക് പോകുമെന്ന് തെളിയിക്കേണ്ടത് അറബ് രാജ്യങ്ങളുടെ കടമയാണ്. അതിന് അവര്‍ക്ക് സാധിച്ചാല്‍ ഈ കരാറിന്റെ പേരിലുള്ള എല്ലാ തരം സൗഹൃദങ്ങളും ന്യായീകരിക്കപ്പെടും. ചരിത്രപരം എന്ന വിശേഷണത്തിന് ഈ ഉടമ്പടി അര്‍ഹമാകും.
Posted on: September 16, 2020 4:01 am | Last updated: September 16, 2020 at 1:27 pm

ചരിത്രപരമെന്ന് ആഗോള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ത്രികക്ഷി കരാറാണ് വൈറ്റ്ഹൗസില്‍ പിറന്നിരിക്കുന്നത്. ഇസ്‌റാഈലുമായി യു എ ഇയും ബഹ്‌റൈനും സമ്പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നുവെന്നതാണ് ഈ കരാറിന്റെ സവിശേഷത. ഈ രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തികവും തന്ത്രപരവുമായ സഹകരണം ശക്തമാകും. യു എ ഇ ഇതിനകം സാങ്കേതികവിദ്യാ കൈമാറ്റ രംഗത്ത് ഇസ്‌റാഈലുമായി സഹകരിക്കുന്നുണ്ട്. ആ സഹകരണം മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിക്കും. തീര്‍ച്ചയായും ഫലസ്തീന്‍ വിഷയവും ഈ ഉടമ്പടിയില്‍ കടന്നു വരുന്നുണ്ട്. വെസ്റ്റ്ബാങ്കില്‍ നിന്ന് ഇസ്‌റാഈല്‍ സമ്പൂര്‍ണമായി പിന്‍വാങ്ങുമെന്ന ഉറപ്പ് ഉടമ്പടിയുടെ ഭാഗമായി ജൂതരാഷ്ട്രം നല്‍കുമെന്നാണ് അറിയുന്നത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്്യാന്റെ പ്രതിനിധിയും യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്്യാനാണ് യു എ ഇക്ക് വേണ്ടി കരാറില്‍ ഒപ്പുവെച്ചത്.

വിദേശകാര്യ മന്ത്രി അബ്ദുല്ലത്വീഫ് അല്‍ സയാനിയാണ് ബഹ്‌റൈനിന് വേണ്ടി ഒപ്പിട്ടത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഒപ്പുവെച്ചു. അമേരിക്കയുടെ മാധ്യസ്ഥ്യത്തിലാണ് ഈ സഹകരണ നീക്കം നടക്കുന്നത് എന്നതിനാല്‍ വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിലടക്കം നിര്‍ണായക സ്വാധീനം അവര്‍ക്കുണ്ട്. ട്രംപിന്റെ മരുമകനും മുഖ്യ ഉപദേഷ്ടാവുമായ ജെയേര്‍ഡ് കുഷ്‌നറാണ് പ്രധാന ഇടനിലക്കാരന്‍. 1979ല്‍ ഈജിപ്തും 1994ല്‍ ജോര്‍ദാനും നടന്ന വഴിയേ നടക്കുകയാണ് യു എ ഇയും ബഹ്‌റൈനും.
സമാധാന കരാറുകളെയും നയതന്ത്ര ബന്ധ സംസ്ഥാപനങ്ങളെയും അപ്പടി കൊള്ളാനോ തള്ളാനോ സാധിക്കില്ല. ശത്രുതയുടെയും ഭിന്നതയുടെയും സാധ്യതകളെ പ്രത്യക്ഷത്തില്‍ പ്രതിരോധിക്കുന്നു എന്നതിനാല്‍ സാമാന്യമായി ഇത്തരം നീക്കങ്ങളെ സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. എന്നാല്‍ അവയുടെ ഫലപ്രാപ്തി നോക്കിയാണ് ഉടമ്പടികളുടെ മഹത്വം നിശ്ചയിക്കേണ്ടത്. അകറ്റി നിര്‍ത്തലിന്റെയും തൊട്ടുകൂടായ്മയുടെയും കാലം കഴിഞ്ഞുവെന്നും പരസ്പരാശ്രിത ലോകത്ത് പരമാവധി സഹകരിച്ചു കൊണ്ട് സ്വന്തം താത്പര്യങ്ങള്‍ നേടിയെടുക്കുകയാണ് വേണ്ടതെന്നുമുള്ള തത്വമാണ് യു എ ഇ മുന്നോട്ട് വെക്കുന്നത്.

ഈ ആശയം നടപ്പാക്കാനുള്ള സ്വാതന്ത്ര്യം ഒരു പരമാധികാര രാജ്യമെന്ന നിലയില്‍ യു എ ഇക്കുണ്ട്. ഫലസ്തീന്‍ രാഷ്ട്രം എക്കാലത്തേക്കും അസാധ്യമാക്കുമായിരുന്ന വെസ്റ്റ്ബാങ്ക് അധിനിവേശം ജൂതരാഷ്ട്രം നിര്‍ത്തിവെച്ചത് തങ്ങളുടെ പുതിയ നയത്തിന്റെ ആദ്യ ഗുണഫലമാണെന്ന് യു എ ഇ അവകാശപ്പെടുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സാധ്യമാക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമെന്നും സമാധാനപരമായ സഹവര്‍ത്തിത്വം ഈ സ്വാധീനത്തിനുള്ള മുന്നുപാധിയാണെന്നും യു എ ഇയും ബഹ്‌റൈനും കരുതുന്നു. അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കുന്നതിലൂടെ ഈ ദൗത്യം കൂടുതല്‍ എളുപ്പമാകുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.
യു എ ഇ- ഇസ്‌റാഈല്‍ കരാറിന്റെ ഭാവി ഗുണഫലങ്ങള്‍ കാത്തിരുന്ന് കാണണം. എന്നാല്‍ ആര്‍ക്കാണ് ഉടന്‍ ഗുണം കിട്ടാന്‍ പോകുന്നതെന്ന് വ്യക്തമാണ്. ആദ്യത്തെയാള്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെയാണ്. അദ്ദേഹം അവിടെ കടുത്ത അധികാര പ്രതിസന്ധിയിലാണ്. മൂന്ന് അഴിമതിക്കേസുകളിലാണ് അദ്ദേഹം വിചാരണ നേരിടുന്നത്. രാജ്യത്താകെ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. നെതന്യാഹു രാജിവെക്കാതെ തെരുവുകള്‍ അടങ്ങില്ലെന്ന് പ്രക്ഷോഭകാരികള്‍ പ്രഖ്യാപിക്കുന്നു.

ALSO READ  രാഷ്ട്രീയ കേസുകൾ എഴുതിത്തള്ളാമോ ?

ഈ സാഹചര്യത്തില്‍ യു എ ഇയുമായുള്ള കരാര്‍ ആഘോഷിക്കുകയാണ് നെതന്യാഹു അനുകൂലികള്‍.
ഡൊണാള്‍ഡ് ട്രംപാണ് ഈ കരാറിന്റെ മറ്റൊരു ഗുണഭോക്താവ്. രണ്ടാമൂഴത്തിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ ചുരുങ്ങുന്ന സമ്പദ് വ്യവസ്ഥയാണ് അമേരിക്കയുടേത്. ട്രംപ് ഭരണകൂടത്തിന്റെ എല്ലാ അഹങ്കാരങ്ങളെയും തകര്‍ത്തെറിഞ്ഞാണല്ലോ കൊവിഡ് പടര്‍ന്നു പിടിച്ചത്. ഇതെല്ലാം മറച്ച് പിടിക്കാനുള്ള അന്താരാഷ്ട്ര വിജയമായി ട്രംപ് അനുകൂലികള്‍ ഈ കരാര്‍ കൊണ്ടാടും. അദ്ദേഹത്തെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്ത് ഈ അപദാനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

ഇസ്‌റാഈലിനെ എത്രമാത്രം വിശ്വസിക്കാമെന്നതാണ് ഈ കരാറിനെ വിലയിരുത്തുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. 1967ലെ ആറ് ദിന യുദ്ധത്തില്‍ വെറും 132 മണിക്കൂറിനുള്ളില്‍ സിറിയയില്‍ നിന്ന് ജൂലാന്‍ കുന്നുകളും ജോര്‍ദാനില്‍ നിന്ന് വെസ്റ്റ്ബാങ്കും കിഴക്കന്‍ ജറൂസലമും ഈജിപ്തില്‍ നിന്ന് ഗാസയും സിനായിയും പിടിച്ചടക്കിയ രാജ്യമാണ് ഇസ്‌റാഈല്‍. ഓസ്‌ലോ കരാര്‍ അടക്കം നിരവധി ഉടമ്പടികള്‍ പിറന്നെങ്കിലും ഈ അതിര്‍ത്തിയില്‍ നിന്ന് കാര്യമായി പിന്നോട്ട് പോകാന്‍ ആ രാജ്യം തയ്യാറായിട്ടില്ല. യു എന്‍ പ്രമേയം ലംഘിച്ച് പുതിയ അധിനിവേശങ്ങള്‍ നടത്തുകയാണ് ചെയ്തത്.

നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കന്‍ ജറൂസലമിലടക്കം അന്ന് ഇസ്‌റാഈല്‍ നടത്തിയ അധിനിവേശത്തെ എല്ലാ അന്താരാഷ്ട്ര സമിതികളും കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി തള്ളിപ്പറയുകയാണ്. പക്ഷേ, ജൂതരാഷ്ട്രത്തെ നിലക്ക് നിര്‍ത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. ഈ ചരിത്രം മുന്‍നിര്‍ത്തിയാണ് ഫലസ്തീന്‍ ജനത യു എ ഇയുടെയും ബഹ്‌റൈനിന്റെയും നിലപാടിനെ ശക്തമായി എതിര്‍ക്കുന്നത്. അനുഭവം വെച്ചാണ് അവര്‍ സംസാരിക്കുന്നത്. അങ്ങനെയല്ല, കാര്യങ്ങള്‍ നേര്‍വഴിക്ക് പോകുമെന്ന് തെളിയിക്കേണ്ടത് അറബ് രാജ്യങ്ങളുടെ കടമയാണ്. അതിന് അവര്‍ക്ക് സാധിച്ചാല്‍ ഈ കരാറിന്റെ പേരിലുള്ള എല്ലാ തരം സൗഹൃദങ്ങളും ന്യായീകരിക്കപ്പെടും. ചരിത്രപരം എന്ന വിശേഷണത്തിന് ഈ ഉടമ്പടി അര്‍ഹമാകും.

പൊതു ശത്രുവിനെതിരെ കൈ കോര്‍ക്കുന്നുവെന്നാണ് നെതന്യാഹു ഈ കരാറിനെ വിശേഷിപ്പിച്ചത്. ഇത്തരം വംശീയ അജന്‍ഡയിലേക്ക് കാര്യങ്ങളെ ചുരുട്ടിക്കെട്ടുകയെന്നത് അമേരിക്കയുടെ തന്ത്രമാണ്. അതില്‍ അറബ് ഭരണാധികാരികള്‍ വീഴരുത്. അറബ് ലീഗിലും മറ്റ് കൂട്ടായ്മകളിലും വിള്ളലുണ്ടാക്കുന്ന ഒന്നായി ഈ സൗഹൃദം മാറുകയും അരുത്. ആരും ആര്‍ക്കും മുകളിലോ താഴെയോ അല്ലാത്ത യഥാര്‍ഥ സൗഹൃദം സാധ്യമാകട്ടെ.