Connect with us

Articles

DISCUSSION കൊവിഡ് വിഴുങ്ങുമോ അച്ചടി മാധ്യമങ്ങളെ?

Published

|

Last Updated

നാട്ടിലായാലും മറുനാട്ടിലായാലും നാട്ടിലെ വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുന്നവരാണ് മലയാളികള്‍. മാധ്യമ സമീപനങ്ങളില്‍ കാലാനുസൃതമായ മാറ്റമുണ്ടായെങ്കിലും വര്‍ത്തമാന പത്ര വായന കൈവിടാത്തതാണ് മലയാളി ശീലം.

സാംസ്‌കാരികമായി ആര്‍ജ്ജിച്ചെടുത്തതാണ് ആ ശീലം. എന്നാല്‍ മഹാമാരിയുടെ കാലത്ത് വിവിധ മേഖലകളില്‍ അത് സൃഷ്ടിച്ച വെല്ലുവിളികള്‍ മാധ്യമ മേഖലയിലും പ്രതിഫലിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ രംഗം സജീവമായതോടെ അച്ചടി മാധ്യമങ്ങളുടെ കാലം കഴിഞ്ഞുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് ഈ കാലത്തും വരും കാലത്തും വര്‍ത്തമാന പത്രങ്ങള്‍ക്കുള്ള പ്രസക്തിയും സാധ്യതകളും പങ്കുവക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍:

ഇനിയും മാറ്റിവയ്ക്കാന്‍ ആകാത്ത മാറ്റം ആസന്നം

ഉണ്ണി രാജന്‍ ശങ്കര്‍,
(എഡിറ്റര്‍, ദി ഇന്ത്യന്‍ എക്‌സ്പ്രസ് ന്യൂഡല്‍ഹി)

കോവിഡ് 19 നമ്മുടെ ജീവിതത്തിലെ നിരവധി മാറ്റങ്ങളെ ധ്രുതഗതിയിലാക്കി. പരമ്പരാഗത രീതിയില്‍ നിന്ന് മാറി പുതിയ രീതിയില്‍ വര്‍ത്തമാന പത്രങ്ങള്‍ വിതരണം ചെയ്യുന്നതാണ് അതിലൊന്ന്. അച്ചടിയില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള രൂപാന്തരണം യു.എസില്‍ നമ്മള്‍ കണ്ടതുപോലെ. ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ വായനക്കരിലേക്കെത്താനുള്ള ആശയങ്ങളും രീതികളും പ്രാവര്‍ത്തികമാക്കാന്‍ അച്ചടി മാധ്യമങ്ങളെ ഈ പ്രതിസന്ധി ഇതിനകം നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ലോക്ക്‌ഡൌണ്‍ കാലത്ത് ഞങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വായനക്കാരുടെ ഫോണിലേക്ക് പിഡിഎഫ് ഫോര്‍മാറ്റിലാണ് എത്തിച്ചിരുന്നത്.

മാധ്യമപ്രവര്‍ത്തനം വരും ദിവങ്ങളില്‍ മുമ്പത്തേതുപോലെയോ അതില്‍ക്കൂടുതലോ പ്രസക്തമായിരിക്കുമ്പോഴും ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ കൂടുതലായി വായനക്കാരിലേക്കെത്താന്‍ വര്‍ത്തമാനപത്രങ്ങള്‍ നോക്കിയേക്കാം. അച്ചടിക്കുന്ന പത്രങ്ങള്‍ ഉടന്‍ അപ്രത്യക്ഷ്യമാകുമെന്നല്ല ഞാന്‍ ഒരു തരത്തിലും സൂചിപ്പിക്കുന്നത്. ഓണ്‍ലൈനായി വാര്‍ത്തകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അവരിലേക്കെത്താന്‍ വര്‍ത്തമാന പത്രങ്ങള്‍ക്ക് വഴി കണ്ടെത്തേണ്ടതായും വരും.

ഗുണനിലവാരമുള്ള മാധ്യമ പ്രവര്‍ത്തനത്തിന് സമയവും പ്രയത്‌നവും ഊര്‍ജവും ആവശ്യമാണെന്നും അത് ചിലവേറിയതാണെന്നും വായനക്കാരെ നമ്മള്‍ ബോധ്യപ്പെടുത്തണം. സ്ഥിരീകരിക്കപ്പെടാതെ ഫോര്‍വേര്‍ഡുകളായി നിങ്ങളുടെ ഫോണില്‍ ലഭിക്കുന്ന കാര്യത്തേക്കാള്‍ നിങ്ങള്‍ക്ക് വര്‍ത്തമാന പത്രം നല്‍കുന്ന ഉള്ളടക്കത്തെ വ്യത്യസ്തമാക്കുന്നത് ജേര്‍ണലിസമാണ്. അതുകൊണ്ട് ഫോണിലോ കംപ്യുട്ടറിലോ വായിക്കുമ്പോഴും നിങ്ങളതിനെ പിന്തുണയ്ക്കുകയും പ്രതിഫലം നല്‍കുകയും വേണം. ഈ പ്രതിസന്ധി മലയാളമടക്കം എല്ലാ ഭാഷകളിലുമുള്ള വര്‍ത്തമാന പത്രങ്ങള്‍ക്ക് മാറ്റം ആസന്നമാക്കിയിരിക്കുന്നു ഇനിയും അനന്തമായി മാറ്റിവയ്ക്കാനാകാത്തതാണ് ആ മാറ്റം.

പത്രവായനയ്ക്ക് പകരമില്ല

ജെ. ഗോപീകൃഷ്ണന്‍
(സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, ദി പയനീര്‍. ന്യൂ ഡല്‍ഹി)

മറ്റേതു മേഖലകളിലുമുള്ളതിന് സമാനമായൊരു പ്രതിസന്ധി മാത്രമാണ് കോവിഡ് മഹാമാരി പത്ര വ്യവസായത്തിലും സൃഷ്ടിച്ചത്. സഞ്ചാര, ഗതാഗത നിയന്ത്രണം പത്രവിതരണത്തെ ബാധിച്ചിരുന്നെങ്കിലും ആ വിഷയങ്ങള്‍ക്കും പതുക്കെ മാറ്റം വരുകയാണ്. ഇതേ തുടര്‍ന്ന് വര്‍ത്തമാന പത്രങ്ങള്‍ക്ക് ചിലവ് ചുരുക്കാനും പത്രങ്ങള്‍ പാഴാക്കിക്കളയുന്നത് ഒഴിവാക്കാനും അച്ചടി കുറയ്‌ക്കേണ്ടി വന്നു. പത്രങ്ങള്‍ക്കൊപ്പം കോവിഡ് പകരുമെന്ന വ്യാജവര്‍ത്തകളും വന്നു. ചില വെബ്‌സൈറ്റുകളും വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിക്കാരുമാണ് ഇത് പ്രചരിപ്പിച്ചിരുന്നത്. ഈ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച പരിഭ്രാന്തി വിഫലമായി. ഉല്പാദനം കുറഞ്ഞതിനാല്‍ പരസ്യങ്ങള്‍ ഇല്ലാത്തതായിരുന്നു മറ്റൊരു പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ ഉല്‍പ്പാദനവും നിര്‍മ്മാണവും വര്‍ദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഡിജിറ്റല്‍ ന്യൂസും മൊബൈല്‍ ഫോണിലൂടെയോ ടിവിയിലൂടെയോയുള്ള വാര്‍ത്തകളും അച്ചടി മാധ്യമങ്ങള്‍ക്ക് പകരമാകില്ല. ആധികാരികവും പലകുറി സ്ഥിരീകരിക്കപ്പെട്ടതുമായ വാര്‍ത്തകള്‍ അച്ചടി മാധ്യമങ്ങളിലൂടെ മാത്രമേ വരൂ. പത്രവായനയ്ക്ക് മറ്റൊന്നും പകരം വയ്ക്കാനാകില്ല. വായനാശീലത്തിന്റെ കേന്ദ്രബിന്ദുവാണ് പത്രവായനാശീലം. വ്യക്തി ജീവിതത്തില്‍ വിജ്ഞാന രൂപീകരണത്തിന്റെയും ശേഖരണത്തിന്റെയും അടിസ്ഥാനമാണത്. ലോകത്തിലേക്കും സമൂഹത്തിലേക്കുമുള്ള പ്രഥമ ജാലകം. മറ്റു മാധ്യമരൂപങ്ങള്‍ അച്ചടി മാധ്യമങ്ങളുടെ പ്രതിയോഗികളല്ല, മറിച്ച് വിജ്ഞാനശേഖരണത്തിന്റെയും രൂപീകരണത്തിന്റെയും മൂല്യവര്‍ധിത കേന്ദ്രങ്ങളാണ്. അതുകൊണ്ട് വര്‍ത്തമാനപത്ര വ്യവസായം നിലവില്‍ നേരിടുന്ന തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. ജീവിതവും സംവിധാനങ്ങളും സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ പത്രവ്യവസായ മേഖലയും സമാനമായ അവസ്ഥയിലേക്ക് തിരിച്ചെത്തും.

മലയാള അച്ചടി മാധ്യമങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല

വെങ്കിടേഷ് രാമകൃഷ്ണന്‍
(ചീഫ് ഓഫ് ബ്യൂറോ & സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍, ഫ്രണ്ട്‌ലൈന്‍ മാസിക. ന്യൂ ഡല്‍ഹി)

കോവിഡ് ഉണ്ടാക്കിയ മാധ്യമ പരിസരം അടിസ്ഥാന പരമായി അച്ചടി മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അച്ചടി മാധ്യമങ്ങളില്‍ ശരാശരി 50 ശതമാനം മുതല്‍ 70 ശതമാനം വരെ സര്‍ക്കുലേഷനില്‍ ഇടിവ് വന്നിട്ടുണ്ടെങ്കിലും മലയാള മാധ്യമങ്ങളില്‍ മാത്രം വലിയ തകര്‍ച്ച സംഭവിച്ചിട്ടില്ല. ഇതിന് പ്രധാന കാരണം മലയാളികള്‍ക്ക് പത്രങ്ങളോടുള്ള അടുപ്പവും അവബോധവുമാണ്.

മറ്റ് ഭാഷകളിലെ അച്ചടി മാധ്യമങ്ങള്‍ക്ക് തകര്‍ച്ച സംഭവിച്ചാലും മലയാള മാധ്യമങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എല്ലാ മലയാളികളെ പോലെ ശൈശവ കാലം മുതല്‍ പത്രവായന സ്വഭാവത്തിന്റെ ഭാഗമായിരുന്നു. വീടിന് സമീപം വായനശാല ഉണ്ടായത് കൂടാതെ വീട്ടില്‍ മൂന്ന് പത്രങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ അച്ചടി മാധ്യമങ്ങള്‍ പുതിയ വിവര സാങ്കേതിക വിദ്യയില്‍ ഇ പേപ്പര്‍ രൂപത്തിലാണ് വായിക്കുന്നത്. കോവിഡ് കാരണം മാധ്യമങ്ങള്‍ അച്ചടിക്കാനുള്ള ന്യൂസ് പ്രിന്റിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ന്യൂസ് പ്രിന്റ് ഉല്‍പ്പാദിപ്പിക്കുന്ന ബ്രസീലില്‍ മൊത്തത്തിലുള്ള ഉല്‍പാദനത്തിന്റെ 30 ശതമാനമായി കുറഞ്ഞതായാണ് ഏകദേശ കണക്ക്. ഇതേ അവസ്ഥ തുടരുകയാണെകില്‍ അച്ചടിക്കാന്‍ കടലാസില്ലാത്ത അവസ്ഥ അഭിമുഖികരിക്കേണ്ടി വരും.

എന്നാല്‍ കോവിഡ് കാലത്ത് വീട്ടില്‍ ഇരുന്ന് അച്ചടി മാധ്യമങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് സ്ഥിരമായി വായിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായാണ് കണ്ടു വരുന്നത്. ഇ പേപ്പര്‍, ഇ മാഗസിന്‍ എന്നിവ വായിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയും സ്വീകാര്യത വര്‍ദ്ധിച്ചു വരുന്നതായും കാണാന്‍ കഴിയുന്നു.

വായനയുടെ പൂര്‍ണ്ണത പത്രത്തിലൂടെ മാത്രം

ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍
(എഡിറ്റോറിയല്‍ ഡയറക്ടര്‍, ഖലീജ് ടൈംസ്, ദുബൈ)

ലോകത്ത് അച്ചടി മാധ്യമങ്ങള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. മലയാള പത്രങ്ങളെ അപേക്ഷിച്ചു മറ്റു ഭാഷകളിലുള്ള പത്രങ്ങള്‍ പേജുകളുടെ എണ്ണത്തില്‍ വലിയ കുറവ് വരുത്തികഴിഞ്ഞു. പത്ര വായന മലയാളികളുടെ ജീവിത ചര്യ ആയത് കൊണ്ടാണ് പ്രതിസന്ധി മലയാള പത്രങ്ങളെ തളര്‍ത്താത്തത്. മലയാളികള്‍ക്ക് വായന ശീലമുണ്ടായത് കൊണ്ട് എന്ത് പ്രതിസന്ധിയിലും മലയാള പത്രം മുന്നോട്ട് പോകും.

അടുത്ത 20 വര്‍ഷത്തേക്ക് മലയാള പത്രങ്ങള്‍ ഏത് ഭീഷണിയും നേരിടുകയില്ല. സാമൂഹ്യ മാധ്യമങ്ങളുടെ കടന്ന് കയറ്റം മറ്റ് ഭാഷകളിലെ പത്രങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മലയാള പത്രങ്ങള്‍ക്ക് കാര്യമായ ഇടിവ് ഉണ്ടാക്കിയില്ല. യു എ ഇ യില്‍ നിന്നും പുറത്തിറങ്ങുന്ന പ്രമുഖ ഇംഗ്ലീഷ് പത്രങ്ങള്‍ പലതും പേജുകളുടെ എണ്ണം ഗണ്യമായി കുറച്ചു കഴിഞ്ഞു.

കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് മലയാള പത്രങ്ങള്‍ ഒന്നും പ്രതിസന്ധിയിലാകാത്തതിന് കാരണം മലയാളിയുടെ ആഴത്തിലുള്ള വായനയാണ്. സാമൂഹ്യ മാധ്യങ്ങളിലെ വായന ഒരിക്കലും പൂര്‍ണ്ണമാകില്ല. വായനയുടെ പൂര്‍ത്തീകരണം സാധ്യമാകണമെങ്കില്‍ പത്രങ്ങള്‍ തന്നെ വായിക്കണം. അറിവ് വര്‍ദ്ധിക്കണമെങ്കില്‍ വായന അത്യാവശ്യമാണ്.

വായനക്കാര്‍ വില നല്‍കിയാല്‍ അധികാരികളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താം

ആര്‍. രാജഗോപാല്‍
(എഡിറ്റര്‍, ദി ടെലഗ്രാഫ്, കല്‍ക്കട്ട)

മഹാമാരിക്ക് മുന്‍പ് പത്രവായനയുടെ ഭാവിയെക്കുറിച്ച് എനിക്കത്ര വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ പത്രങ്ങള്‍ വായിച്ചിരുന്നുവെങ്കില്‍ അതെന്റെ ജീവിത വൃത്തിയുടെ അല്ലെങ്കില്‍ വയറ്റില്‍ പിഴപ്പിന്റെ ഭാഗമായി മാത്രമായിരുന്നു. പത്രഭാഷയില്‍ പറഞ്ഞാല്‍ എന്തൊക്കെ “മിസ്” ചെയ്തു (ഏതെല്ലാം വാര്‍ത്തകള്‍ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തിന് കൊടുക്കാന്‍ പറ്റിയില്ല എന്നും ഏതൊക്കെ സഹപ്രവര്‍ത്തകന്റെ സമാധാനം നശിപ്പിക്കണം എന്ന സങ്കുചിത ഉദ്ദേശത്തോടെ മാത്രം യാന്ത്രികമായ പത്രവായന) എന്നറിയാന്‍ വേണ്ടിയാണ് ഞാന്‍ പത്രം വായിച്ചിരുന്നത്. കുട്ടിക്കാലത്തെ ആവി പറക്കുന്ന പത്രങ്ങളും ഉണങ്ങാത്ത ലഹരിപിടിപ്പുക്കുന്ന മഷിയുടെ വാസനയുമൊക്കെ എന്നേ മറഞ്ഞുപോയി. പക്ഷെ കോവിഡ് കാലത്തെ അനുഭവങ്ങള്‍ എന്നില്‍ വീണ്ടും പ്രതീക്ഷ ഉണര്‍ത്തുന്നു.

നമുക്കറിയില്ല എന്ന് സത്യസന്ധതയോടെ, വിനയത്തോടെ പറയുവാന്‍ ഈക്കാലം എന്നെ പഠിപ്പിച്ചു. ചില സമൂഹമാധ്യമങ്ങളിലെ നുണപ്രചാരണങ്ങള്‍, അഭ്യൂഹങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ചില ടെലിവിഷന്‍ ചാനലുകളിലെ ആക്രോശങ്ങള്‍, അലറിവിളിക്കും മേളകള്‍ ഇവയെല്ലാം എന്നെ വീണ്ടും പത്രങ്ങളിലേക്കു ആകര്‍ഷിക്കുന്നു. പത്രങ്ങളുടെ ഭാവി ഇപ്പോഴും ഉത്കണ്ഠാജനകമാണ്. പക്ഷെ ഒരു പത്രം എന്തായിരിക്കണം എന്നും എന്താവാന്‍ പാടില്ല എന്നും ഓര്‍ക്കാന്‍ നമുക്ക് ഒരവസരം ലഭിച്ചു. അതൊരു ചെറിയ കാര്യമല്ല.

പ്രിയ്യപ്പെട്ട വായനക്കാരോട് ഹൃദയത്തില്‍ തട്ടി ഒരപേക്ഷ. നല്ല വില കൊടുത്തു പത്രം വാങ്ങാന്‍ തയ്യാറാകൂ. വില കുറയുംതോറും വാര്‍ത്തയുടെ മൂല്യവും വിശ്വാസ്യതയും കുറയും. പത്രം പരസ്യക്കാരുടെ വരുതിയിലാക്കാന്‍ സാധ്യത കൂടും. നിങ്ങള്‍ കൂടുതല്‍ വിലകൊടുക്കാന്‍ തയ്യാറായാല്‍ ഒരു പത്രത്തിന് പരസ്യക്കാരെ, അധികാരം കൈയ്യാളുന്നവരെ നിറുത്തേണ്ടിടത്തു നിറുത്താം.15 വര്‍ഷം പിന്നിട്ട സിറാജിന്റെ ദുബൈ എഡിഷന് എന്റെ എല്ലാവിധ ഭാവുകങ്ങളും. നല്ലതിന് വേണ്ടി സധൈര്യം നിലകൊള്ളുക, നിലപാടുകളെടുക്കുക. നല്ലതു വരും.

അച്ചടി മാധ്യമങ്ങള്‍ മലയാളിക്ക് ജീവിതത്തിന്റെ ഭാഗം

ഡി വര്‍ഗീസ് കെ ജോര്‍ജ്
(അസോസിയേറ്റ് എഡിറ്റര്‍, ദി ഹിന്ദു, ന്യൂഡല്‍ഹി)

അച്ചടി മാധ്യമങ്ങള്‍ മലയാളിക്ക് ദിനചര്യയുടെയും ജീവിത ശൈലിയുടേയും ഭാഗമാണ്. 2000 ശേഷം പത്ര വായന തുടങ്ങിയ തലമുറയെ സംബന്ധിച്ചടത്തോളം ഡിജിറ്റല്‍ പത്രവും, അച്ചടി പത്രവും തമ്മില്‍ വലിയ അന്തരമില്ല. കോവിഡ് കാലഘട്ടത്തിന് മുന്നേ ലോകത്ത് അച്ചടി മാധ്യമങ്ങള്‍ വലിയ വെല്ലുവിളിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ വിതരണം സംബന്ധിച്ച് വലിയ വെല്ലുവിളി നമുക്ക് മുന്നിലുണ്ട്. എനിയുള്ള കാലഘട്ടത്തില്‍ അച്ചടി മാധ്യമങ്ങളുടെ മുന്നോട്ട് പോക്ക് മാറ്റങ്ങള്‍ വഴി തുറക്കും. കേരളത്തിലെ ഉപഭോക്ത സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ പരസ്യ വിപണി നിലനിന്നിരുന്നത്. പുതിയ പ്രതിസന്ധിയില്‍ കേരളത്തിലെ പുതിയ ഉപഭോക്ത സംസ്‌കാരം മാധ്യമ ലോകത്ത് എങ്ങനെ നിലനിര്‍ത്തും എന്നുള്ളതും ചോദ്യമാണ്. ലോകത്ത് വലിയ മാറ്റങ്ങളുടെ പാതയിലാണ് മാധ്യമ ലോകം.

അച്ചടി മാധ്യമങ്ങള്‍ അതിന്റെ ഭൗതികസ്വത്വത്തില്‍ നിലനില്‍ക്കും

ഇ സനീഷ്
(അവതാരകന്‍, ന്യൂസ് 18)

അച്ചടി മാധ്യമങ്ങളിലെ ചെറിയ കാലത്തെ കാലഘട്ടത്തിന് ശേഷം ടി വി മാധ്യമപ്രവര്‍ത്തനത്തിലേക്ക് മാറിയപ്പോള്‍ ഇനി പഴയപോലെ പത്രം വായിക്കില്ലല്ലോ എന്നായിരുന്നു ആ തുടക്കകാലത്തെ തോന്നല്‍, എന്നാലങ്ങനെയല്ല ഉണ്ടായത്. പത്രവായന പൂര്‍വ്വാധികം ആവശ്യവും ആവേശവുമായി മാറി. ദിവസം മുഴുവനും, നമ്മള്‍ ആദ്യമറിയുകയും കൊടുക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ പിറ്റേന്ന് പത്രത്തിലൂടെ അടുക്കടുക്കായി പിന്നെയും വായിച്ചാലേ സംഗതി പൂര്‍ണമാകൂ എന്ന തോന്നലുണ്ടായി. സാമൂഹ്യ മാധ്യമങ്ങളുടെ കടന്ന് കയറ്റമുണ്ടായിട്ടും പത്രവായന ശീലം കെട്ട് പോയില്ല.

കോവിഡും മറ്റുമൊക്കെ ചേര്‍ന്ന് പത്രത്തെ കൊല്ലുമെന്ന് വളരെ ഗൗരവപ്പെട്ടവര്‍ പറയുന്നുണ്ട്. ശമ്പളമൊക്കെ പലയിടത്തും പ്രതിസന്ധിയാണ് എന്ന് അറിയുന്നുണ്ട്. എന്നാലും കേരളത്തിലെങ്കിലും പത്രം അതിന്റെ ഭൗതികസ്വത്വത്തില്‍ തന്നെ നിലനില്‍ക്കുമെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. കിന്‍ഡില്‍ പോലുള്ള ഡിവൈസുകളും, ഓഡിയോ ബുക്ക് പോലുള്ള സംവിധാനങ്ങളും വന്നിട്ടും ഹിറ്റായിട്ടും കടലാസ് പുസ്തകങ്ങള്‍ അപ്പാടെ ഇല്ലാതാവുകയല്ല ചെയ്യുന്നത് എന്ന കാഴ്ച എനിക്ക് ഈ ആലോചനയ്ക്ക് ബലം നല്‍കുന്നുണ്ട്.

പത്രമാധ്യമസ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി നിലനില്‍ക്കാവുന്നതേയുള്ളൂ. എന്നാലങ്ങനെ മാത്രമല്ല,പത്രം അതിന്റെ ആദിമരൂപത്തില്‍ തന്നെ നാട്ടില്‍ ഉണ്ടാകും. ഇപ്പോഴത്തെ പ്രതിസന്ധികളൊക്കെ താണ്ടി നില്‍ക്കുമെന്നു തന്നെയാണ് വിചാരിക്കുന്നത്. സ്പര്‍ശം എന്നത് മനുഷ്യന് പ്രധാനപ്പെട്ട ഒരു സംഗതിയാണ്. കോവിഡ് സ്പര്‍ശത്തെ താല്‍ക്കാലികമായി മോശം കാര്യമാക്കിയിട്ടുക്കിയിട്ടുണ്ടാകാം. എന്നാല്‍ തൊട്ടും വായിക്കാനാകുന്ന പത്രം എണ്ണത്തില്‍ തീരെ കുറവല്ലാത്ത ചിലര്‍ക്കെങ്കിലും അത്യാവശ്യമായവ തന്നെയാണ്. പത്രം അത് കൊണ്ട് നിലനില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

അച്ചടിച്ച പത്രത്തിന്റെ സൗന്ദര്യം വേറെയാണ്

നിഷ പുരുഷോത്തമന്‍ 
(അവതാരക, മനോരമ ന്യൂസ്)

പത്രവായന തന്നെയാണ് അറിവിന്റെ ലോകത്തേയ്ക്കുള്ള വാതായനം തുറന്നത്. ഇപ്പോള്‍ കൂടുതല്‍ ഇഷ്ടം ഇംഗ്ലീഷ് പത്രങ്ങളുടെ എഡിറ്റ് പേജില്‍ വരുന്ന കോളങ്ങള്‍ വായിക്കാനാണ്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ങ്ടന്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയവയിലെ കോളങ്ങള്‍ ഓണ്‍ ലൈന്‍ വായിക്കും. ഒരു പത്രം മാത്രം വായിച്ചാല്‍ ഒരു സംഭവത്തിന്റെ പൂര്‍ന്ന ചിത്രം കിട്ടണമെന്നില്ല. പ്രത്യേകിച്ചും വിദേശമാധ്യമങ്ങളില്‍ പലതും കൃത്യമായ പക്ഷമുള്ളവരാണ്. ഡിജിറ്റലൈസേഷന്‍ പത്രങ്ങളുടെ സാധ്യതയേറ്റുകയേ ഉള്ളൂ. മിക്കവരും സ്വന്തം ആപ്പുകളും ഇറക്കിക്കഴിഞ്ഞു. ഇതെല്ലാം യുവാക്കളെ പത്രലോകത്ത് ചേര്‍ത്തു നിര്‍ത്തും. എങ്കിലും കടലാസില്‍ അച്ചടിച്ച പത്രത്തിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്.

അച്ചടി മാധ്യമങ്ങള്‍ അതിജീവനത്തിന്റെ പാതയില്‍

ടി എം ഹര്‍ഷന്‍
(അസ്സോസിയേറ്റ് എസ്‌ക്യൂട്ടീവ് എഡിറ്റര്‍, 24 ന്യൂസ്)

കൊവിഡ് പ്രതിസന്ധികൊണ്ട് മാധ്യമങ്ങളും വായനക്കാരും പല തിരിച്ചറിവുകളും നേടിയിട്ടുണ്ട്.വായനക്കാര്‍ക്ക് ലഭിച്ച വലിയൊരു തിരിച്ചറിവ് കുത്തക സമാന്തര പത്രങ്ങളിലൂടെയും പത്രങ്ങള്‍ക്കുണ്ടായിരുന്ന കനം വാര്‍ത്തയുടേതല്ല പരസ്യത്തിന്റേതായിരുന്നു എന്നതാണ്. തീര്‍ച്ചയായും പത്രങ്ങളുടെ നിലനില്‍പിന് പരസ്യങ്ങള്‍ കൂടിയേ തീരൂ. പക്ഷേ താരതമ്യേന കനക്കുറവുള്ള ചെറുകിട സമാന്തര പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളേക്കാള്‍ കൂടുതലൊന്നും കുത്തക പത്രങ്ങള്‍ തരുന്നില്ല.മാത്രമല്ല പലപ്പോഴും അവയൊക്കെ കോര്‍പ്പറേറ്റ് ഭരണകൂട താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലപാടെടുക്കുന്നു എന്നതാണ് സത്യം.

ഒരു രാഷ്ട്രീയജീവി എന്ന നിലയ്ക്ക് മാധ്യമപ്രവര്‍ത്തകനാകുന്നതിനും എത്രയോ മുമ്പുതന്നെ ജീവിതത്തിന്റെ ഭാഗമാണ് പത്രവായന.കൊവിഡിന് മുമ്പുതന്നെ പത്രങ്ങള്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു.കൊവിഡ് വന്നതോടെ പ്രതിസന്ധി രൂക്ഷമായി,വലിയ തൊഴില്‍ നഷ്ടമുണ്ടായി. പക്ഷേ അതിജീവനത്തിന്റേതുതന്നെയാണ് സൂചനകള്‍. പ്രത്യേകിച്ച് സമാന്തര പത്രങ്ങളുടേയും ഡിജിറ്റല്‍ പത്രങ്ങളിലൂടെയും വെബ്‌സീനുകളിലൂടെയും ടെക്സ്റ്റ് സ്റ്റോറികള്‍ നിലനില്‍ക്കും. തല്‍ക്കാലം എഴുത്തിനാണ് പ്രതിസന്ധി,വായനക്കല്ല.

—-

തയ്യാറാക്കിയത്: റാശിദ് പൂമാടം

---- facebook comment plugin here -----

Latest