ജാഗ്രതക്കുറവുണ്ടാകരുത്; നിറവേറ്റേണ്ടത് മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള ചരിത്രപരമായ കടമ: മുഖ്യമന്ത്രി

Posted on: September 15, 2020 6:56 pm | Last updated: September 15, 2020 at 8:58 pm

തിരുവനന്തപുരം | കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള ചരിത്രപരമായ കടമ നാം നിറവേറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് വര്‍ഷത്തോളം നീണ്ടുനിന്ന 1918 ലെ സ്പാനിഷ് ഫ്‌ളൂ അഞ്ച് കോടി മനുഷ്യരുടെ ജീവനാണ് കവര്‍ന്നെടുത്തത്. 50 കോടി ആളുകളെയാണ് രോഗം ബാധിച്ചത്. ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അസാധാരണ പ്രശ്‌നങ്ങളാണ് കൊവിഡ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. ഇത് അപകടകരമായ സ്ഥിതിയുണ്ടാക്കും. ചില സംഘടനകള്‍ അനാവശ്യ സമരങ്ങള്‍ സ്ഥിതി വഷളാക്കുന്നുണ്ട്. നടത്തി പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ജാഗ്രത കാണിക്കുകയും വേണം. കൂടുതല്‍ അപകടത്തിലേക്കു പോകാതിരിക്കുന്നതിനും രോഗവ്യാപനം കുറയ്ക്കുന്നതിനുമാണ് മുന്നറിയിപ്പ് നല്‍കുന്നത്.

മാസ്‌ക് ധരിക്കാത്തത്തിന് 5,901 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ച ഒമ്പതുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. രോഗവ്യാപനം അനിയന്ത്രിതമായിട്ടുണ്ടെന്നും അതിനാല്‍ ഇനി മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വലിയ കാര്യമില്ലെന്നും വലിയ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്.. ഇത് അങ്ങേയറ്റം അപകടകരമാണ്.

രോഗവ്യാപനം മുമ്പത്തെക്കാള്‍ വര്‍ധിച്ചുവെന്നത് ശരിയാണ്. എന്നാല്‍, ഒരു സമൂഹം എന്ന നിലയില്‍ നല്ല രീതിയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞു. അല്ലെങ്കില്‍ കൊവിഡ് നിരക്കില്‍ നാം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുകളില്‍ പോകുമായിരുന്നു. അതില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ സാധിച്ചത് നമ്മുടെ ജാഗ്രതയുടെ ഫലമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.