Connect with us

Kerala

ജലീലിനും ജയരാജനുമെതിരെ വ്യാപക പ്രതിഷേധം; അക്രമം, ലാത്തിച്ചാര്‍ജ്

Published

|

Last Updated

തിരുവനന്തപുരം | കെ ടി ജലീലിനും ഇ പി ജയരാജനുമെതിരെ വ്യാപക പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷ സംഘടനകള്‍. പ്രതിപക്ഷ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ എസ് യു കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നിഹാല്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരുക്കേറ്റു.

വയനാട് കലക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡുകള്‍ മറിച്ചിട്ട പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു. പത്തനംതിട്ട കലക്ടറേറ്റിലേക്കും കെ എസ് യു മാര്‍ച്ച് നടന്നു. യുവമോര്‍ച്ച പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. ബാരിക്കേഡ് തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. പ്രവര്‍ത്തകര്‍ അറസ്റ്റിനു വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് പോലീസ് വീണ്ടും ലാത്തിവീശി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ പി നന്ദകുമാര്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്കും മാര്‍ച്ച് നടത്തി.

മന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. മാര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ബി ജെ പി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. സന്ദീപ് വാര്യരെ കൊണ്ടുപോയ പോലീസ് വാഹനത്തിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് മുന്നില്‍ യു ഡി എഫ് സംഘടിപ്പിച്ച സത്യഗ്രഹം കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിനു മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറിച്ചിട്ട് അകത്തു കയറാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായതോടെ ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയില്‍ മഹിളാ മോര്‍ച്ചയും എ ബി വിപി യും നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പോലീസ് ജനപീരങ്കി പ്രയോഗിച്ചു.

Latest