രാജ്യത്തെ കൊവിഡ് കേസ് 50 ലക്ഷത്തിലേക്ക്; പൊലിഞ്ഞത് 80,766 ജീവനുകള്‍

Posted on: September 15, 2020 10:36 am | Last updated: September 15, 2020 at 4:45 pm

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കുതിക്കുന്നു. 24 മണിക്കൂറിനിടെ 83,809 കേസും 1054 മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ആഗോളതലത്തില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും രോഗബാധ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ദിനേനയുള്ള കേസുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകത്ത് ഏറ്റവും ഉയര്‍ന്നതാണ്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്തെത്തി. കൃത്യമായി കണക്ക് പ്രകാരം 49,30,236 കേസുകളാണ് ഇതുവരെ വരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം 80,766 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. രാജ്യത്ത് രോഗമുക്തി നിരക്ക് 78 ശതമാനമാണ്.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൊവിഡ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതിനകം 10,77,374 കേസും 29,894 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 17066 കേസും 363 മരണവുമാണ് മഹാരാഷ്ട്രയിലുണ്ടായത്. ആന്ധ്രയില്‍ 4972, തമിഴ്‌നാട്ടില്‍ 8434, കര്‍ണാടകയില്‍ 7384 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.