പരിമിതികളുണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തിനും

രാഷ്ട്രീയാധിപത്യവും അധികാരവും നേടിയെടുക്കാന്‍ സ്വന്തം അണികളില്‍ സഹോദര സമുദായങ്ങളോട് അടങ്ങാത്ത വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുകയും സവര്‍ക്കറെ ഹിന്ദുത്വ ആചാര്യനായി കാണുകയും ചെയ്യുന്നവര്‍ക്ക് സ്വാമി അഗ്നിവേശിന്റെ നിലപാടുകളെ വിമര്‍ശിക്കാം. അതിനു പക്ഷേ ചില അതിര്‍ വരമ്പുകളുണ്ട്.
Posted on: September 15, 2020 4:01 am | Last updated: September 15, 2020 at 12:36 pm

അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ എന്തും വിളിച്ചു പറയാനുള്ള അപരിമിതമായ അവകാശമല്ലെന്ന ബോംബെ ഹൈക്കോടതി വിധി വന്ന അതേ ദിവസം തന്നെയാണ് വെള്ളിയാഴ്ച അന്തരിച്ച സ്വാമി അഗ്നിവേശിനെ നിന്ദ്യമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടുള്ള സി ബി ഐ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ ട്വീറ്റ് വന്നത്. കാവി വേഷധാരിയായ ഹിന്ദുവിരുദ്ധന്‍, ആട്ടിന്‍ തോലണിഞ്ഞ ചെന്നായ, ഒരു തെലുങ്ക് ബ്രാഹ്മണനായി സ്വാമി ജനിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു, സ്വാമിയെ കൊണ്ടുപോകാന്‍ കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നു തുടങ്ങി വളരെ നിന്ദ്യവും മാന്യതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിക്കുന്നതുമായ അധിക്ഷേപങ്ങളാണ് മുന്‍ ഹരിയാന വിദ്യാഭ്യാസ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന സ്വാമി അഗ്നിവേശിനെതിരെ റാവു നടത്തിയത്. ഇതിനെതിരെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, ഐ പി എസ് ഓഫീസര്‍ ആര്‍ കെ വിജ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ തുടങ്ങി പ്രമുഖരില്‍ നിന്നുള്‍പ്പെടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും ട്വീറ്റ് പിന്‍വലിക്കാന്‍ സന്നദ്ധനായില്ലെന്നു മാത്രമല്ല, തന്റെ നിലപാടില്‍ അയാള്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. എങ്കിലും തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച് ട്വിറ്റര്‍ ഇന്നലെ അത് നീക്കം ചെയ്തു. നേരത്തേയും ഇത്തരം വിഷലിപ്തമായ ട്വീറ്റുകള്‍ ചെയ്തിരുന്നു റാവു.

നാഗേശ്വര റാവു അധിക്ഷേപിക്കുന്നതു പോലെ ഒരു ഹിന്ദു വിരുദ്ധനായിരുന്നില്ല സ്വാമി അഗ്നിവേശ്. ഒരു തികഞ്ഞ ഹിന്ദു മത വിശ്വാസിയായിരുന്നു. എങ്കിലും ഹിന്ദുയിസവും ആര്‍ എസ് എസും സംഘ്പരിവാര്‍ സംഘടനകളും ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വവും രണ്ടാണെന്ന് തിരിച്ചറിയുകയും അത് വെട്ടിത്തുറന്നു പറയുകയും ചെയ്തു അദ്ദേഹം. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള മത, ആത്മീയ, ജീവിത രീതിയാണ് ഹിന്ദുയിസം. മതനിരപേക്ഷതയാണ് അതിന്റെ പര്യായം. നീതിക്കും സഹിഷ്ണുതാ ബോധത്തിനും സമന്വയ രീതിക്കും ഊന്നല്‍ നല്‍കുന്ന സനാതന ധര്‍മമാണത്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നു അത്. അതേസമയം, വിദ്വേഷത്തിന്റെയും ഫാസിസത്തിന്റെയും പ്രത്യയശാസ്ത്രമാണ് സംഘ്പരിവാറിന്റെ ഹിന്ദുത്വം.
മറ്റു മതങ്ങളോട് സൗഹൃദപരമായ സമീപനമാണ് ഹിന്ദുയിസത്തിന്റേത്. ഇന്ത്യയിലേക്ക് കടന്നുവന്ന ക്രിസ്തീയ, ഇസ്‌ലാം മതപ്രചാരകരെ അത് കൈനീട്ടി സ്വീകരിക്കുകയും അവയിലെ പല ആശയങ്ങളും സ്വാംശീകരിക്കുകയും ചെയ്തു. ആനോ ഭദ്രാ ക്രതവോ യന്തു വിശ്വത (ശുഭ ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍ നിന്നും വന്നു ചേരട്ടെ) എന്നാണ് ഹൈന്ദവ വേദങ്ങള്‍ പഠിപ്പിക്കുന്നത്. 1995ല്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് പി ബി ഗജേന്ദ്ര ഗാഡ്കര്‍ ഹിന്ദു മതത്തെ നിരീക്ഷിച്ചത് ഇങ്ങനെയായിരുന്നു. “ലോകത്തിലെ മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഹിന്ദു മതം ഒരു പ്രത്യേക പ്രവാചകനെ അവകാശപ്പെടുന്നില്ല. ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല. ഒരു പ്രത്യേക സിദ്ധാന്തമോ തത്വമോ പിന്തുടരുന്നില്ല. ഒരു പ്രത്യേക ദാര്‍ശനിക ആശയത്തില്‍ മാത്രം വിശ്വസിക്കുന്നില്ല. ഒരു പ്രത്യേക രീതിയില്‍ മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല. യഥാര്‍ഥത്തില്‍ അത് ഒരു മതത്തിന്റെ പരമ്പരാഗത ലക്ഷണങ്ങള്‍ ഒന്നും തന്നെ പൂര്‍ത്തീകരിക്കുന്നില്ല. ഒരു വിശാലമായ ജീവിത രീതി എന്നതിനെ വിശദീകരിക്കാം. അതിലപ്പുറം ഒന്നുമല്ല’.
ഇതായിരുന്നു സ്വാമി അഗ്നിവേശ് ഉള്‍ക്കൊണ്ട ഹിന്ദു മതം. ഹിന്ദുയിസത്തെ ബ്രാഹ്മണ്യത്തിലേക്കു ചുരുട്ടിക്കൊണ്ടു പോകാനുള്ള ആര്‍ എസ് എസിന്റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദു മതത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരായ ബോധവത്കരണവുമായി ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച ഈ സന്യാസി പാര്‍ശ്വവത്കൃതരുടെ പ്രവാചകനായാണ് അറിയപ്പെട്ടിരുന്നത്. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ശബ്ദിച്ചു. രാജ്യസ്‌നേഹം സംഘ്പരിവാറിന്റെ പിതൃ സ്വത്തല്ലെന്നും, തോക്കിന്‍ മുനയില്‍ നിര്‍ത്തി വന്ദേമാതരം പാടണമെന്ന് ശാഠ്യം പിടിക്കുന്ന സംഘ്പരിവാറിന് മുന്നില്‍ മുട്ട് മടക്കില്ലെന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. അസഹിഷ്ണുതയുടെയും അകല്‍ച്ചയുടെയും അക്രമണോത്സുകതയുടെയും സിദ്ധാന്തങ്ങള്‍ മുന്‍വെക്കുന്ന സവര്‍ക്കറുടെ ഹിന്ദുത്വത്തെ നിരാകരിക്കുകയും ചെയ്തു. ഫാസിസ്റ്റ് ഇന്ത്യയിലെ മതനിരപേക്ഷ ആത്മീയതയുടെ ആളിക്കത്തുന്ന അഗ്നിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കപ്പെടുന്നത്.

ALSO READ  കത്തില്‍ കുരുങ്ങി കോണ്‍ഗ്രസ്

രാഷ്ട്രീയാധിപത്യവും അധികാരവും നേടിയെടുക്കാന്‍ സ്വന്തം അണികളില്‍ സഹോദര സമുദായങ്ങളോട് അടങ്ങാത്ത വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുകയും സവര്‍ക്കറെ ഹിന്ദുത്വ ആചാര്യനായി കാണുകയും ചെയ്യുന്നവര്‍ക്ക് സ്വാമി അഗ്നിവേശിന്റെ നിലപാടുകളെ വിമര്‍ശിക്കാം. അതിനു പക്ഷേ ചില അതിര്‍ വരമ്പുകളുണ്ട്. മരണപ്പെട്ട വ്യക്തിയെക്കുറിച്ച് പരമാവധി നല്ലതു പറയുക എന്നതാണ് മര്യാദ. അഥവാ മറിച്ചെന്തെങ്കിലും പറയുകയാണെങ്കില്‍ തീര്‍ത്തും മാന്യമായിരിക്കണം. ഒരു ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് സേവനമനുഷ്ഠിച്ച വ്യക്തിയെന്ന നിലയില്‍ നാഗേശ്വര റാവുവിനെ പോലുള്ളവര്‍ വിശേഷിച്ചും. ഇര്‍ഫാന്‍ ഹബീബ് അഭിപ്രായപ്പെട്ടതു പോലെ മരിച്ച വ്യക്തികളെ അപമാനിക്കുന്നത് ഹിന്ദുത്വമാകാം, അത് ഹിന്ദുയിസമല്ല. തികച്ചും സത്യസന്ധതയും നിഷ്പക്ഷതയും മുഖമുദ്രയാക്കേണ്ട പോലീസ് സേനക്കും കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും അപമാനമാണ് ഇത്തരം വിഷലിപ്തമായ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന ആളുകള്‍. റാവുവിന്റെ ഈ പ്രസ്താവന അദ്ദേഹം ജോലി ചെയ്തിരുന്ന കാലത്തെ നിഷ്പക്ഷതയില്‍ തന്നെ സംശയം ജനിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും ആദിത്യ താക്കറെക്കുമെതിരെ സുനൈന ഹോലി എന്ന വനിത നടത്തിയ അധിക്ഷേപകരമായ പ്രസ്താവന സംബന്ധിച്ച കേസിലാണ് ബോംബെ ഹൈക്കോടതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ടെന്നോര്‍മിപ്പിച്ചത്. നാഗേശ്വര റാവുവിനെപ്പോലുള്ളവര്‍ക്കും ബാധകമാണിത്.