മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നത് ഇ ഡിയുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കാന്‍: മന്ത്രി കെ ടി ജലീല്‍

Posted on: September 14, 2020 10:58 pm | Last updated: September 15, 2020 at 7:44 am

തിരുവനന്തപുരം |  ചോദ്യം ചെയ്യലിന് താന്‍ തലയില്‍ മുണ്ടിട്ടല്ല പോയതെന്നും ഇ ഡിയുടെ രഹസ്യസ്വഭാവം താനായിട്ട് തകര്‍ക്കേണ്ട എന്നു കരുതിയാണ് ചോദ്യം ചെയ്യല്‍ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതെന്നും മന്ത്രി കെ ടി ജലീല്‍. ചോദ്യം ചെയ്യലിന് സ്വകാര്യ വാഹനത്തിലാണ് പോയത്. ഇ ഡി വളരെ സ്വകാര്യതയോടെയാണ് ചോദ്യം ചെയ്യലിന് വിളിച്ചത്. അവര്‍ പറഞ്ഞ സമയം അവരുടെ ഓഫിസില്‍ പോയി.ഇ ഡി എല്ലാ വിവരശേഖരണവും പേഴ്‌സണല്‍ ഐ ഡിയിലാണ് നടത്തിയത്. രഹസ്യസ്വഭാവം ഞാനായിട്ട് പൊളിക്കേണ്ട എന്ന് കരുതിയാണ് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നത്. മാധ്യമങ്ങളുടെ അകമ്പടിയോടെ അത് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാണ് അവര്‍ കരുതുന്നതെന്നും കൈരളി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഏതൊരു കാര്യത്തിനും മറുപടി വേണമെന്ന് പറഞ്ഞ് സമീപിക്കുക, അവര്‍ പറഞ്ഞത് നമ്മള്‍ കേള്‍ക്കുക. ആ സമീപനം ശരിയല്ല.സ്വപ്ന സുരേഷിനെ വിളിച്ചെന്ന ആരോപണം വന്നപ്പോള്‍ ഒരുമണിക്കൂറിനുള്ളില്‍ ഞാന്‍ മാധ്യമങ്ങളെ കണ്ടതാണ്. ഒരു മുടിനാരിഴ പങ്കെങ്കിലും തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും.

ലീഗിലുളള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പറയണം. താന്‍ തെറ്റുചെയ്തന്നെ് നെഞ്ചില്‍ കൈവെച്ച് ഹൈദരലി തങ്ങള്‍ പറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും.
.കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത് അതുതന്നെയാണ് പറയാനുള്ളതെന്നും കെ ടി ജലീല്‍ പറഞ്ഞു