Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികളുടെ റിമാന്‍ഡ് നീട്ടി

Published

|

Last Updated

പത്തനംതിട്ട | പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 28 വരെ നീട്ടി. തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണത്തിനുമായി സെപ്റ്റംബര്‍ ഏഴിന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ തോമസ് ഡാനിയേലിനെയും ഡയറക്ടര്‍മാരായ പ്രഭാ തോമസ്, മക്കളായ റിനു മറിയം തോമസ്, റേബ മേരി എന്നിവരെ ഇന്നലെ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെളിവെടുപ്പും അന്വേഷണവും നടത്തി ഒട്ടേറെ രേഖകളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് മറ്റു പേരുകളില്‍ രൂപീകരിച്ച കമ്പനികളുടെ അക്കൗണ്ടിലേക്കും മറ്റും നിക്ഷേപങ്ങള്‍ വകമാറ്റിയതും തിരിമറികള്‍ നടത്തിയതും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെ, ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസ് കോന്നി പോലീസിന് കൈമാറിയതായും അവിടെ കേസ് എടുത്തതായും ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. ഏഴര കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ചുള്ളതാണ് പുതിയ പരാതി. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കേസെടുത്ത് അന്വേഷണം തുടങ്ങിയതായും ഈ കേസില്‍ അന്വേഷണം നടത്തുന്നതിന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇനി അറസ്റ്റിലാവാനുള്ള അഞ്ചാം പ്രതി, സ്ഥാപന ഉടമയുടെ മകള്‍ റിയാ തോമസിനെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.