24 മണിക്കൂർ, 700 കിലോമീറ്റർ യാത്ര; പത്ത് മിനുട്ട് വൈകിയതിന് നീറ്റ് പരീക്ഷ എഴുതാനാകാതെ വിദ്യാർഥി

Posted on: September 14, 2020 7:38 pm | Last updated: September 14, 2020 at 7:38 pm

പാറ്റ്‌ന | ഒരു ദിവസം മുഴുവൻ യാത്ര ചെയ്ത് 700 കിലോമീറ്റർ സഞ്ചരിച്ച് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിക്ക് 10മിനുട്ട് വൈകിയെന്ന പേരിൽ അവസരം നിഷേധിച്ച് അധികൃതർ. ബിഹാറിലെ ദർബംഗ ജില്ലക്കാരനായ സന്തോഷ് കുമാർ യാദവി(19)നാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. കൊൽക്കത്ത സാൾട്ട് ലേക്കിലെ സ്വകാര്യ സ്‌കൂളായിരുന്നു സന്തോഷിന്റെ പരീക്ഷാകേന്ദ്രം. രണ്ട് മണിക്ക് നടക്കേണ്ട പരീക്ഷക്ക് കേന്ദ്രത്തിൽ പ്രവേശിക്കാനുള്ള സമയപരിധി 1.30 ആയിരുന്നു. രണ്ട് ദിവസമായി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. ഒടുവിൽ ശനിയാഴ്ച ബുക്കിംഗ് കിട്ടിയപ്പോൾ സന്തോഷിച്ചു. ബിഹാറിലെ കർഷക കുടുംബാംഗമായ സന്തോഷ് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള ക്യാബ് യാത്രക്ക് മാത്രം ചെലവിട്ടത് 300 രൂപയാണ്.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെ അമ്മാവനുമൊപ്പം വീട്ടിൽ നിന്ന് പുറപ്പെട്ട സന്തോഷിന് മുസാഫർപൂരിനും പാറ്റ്‌നക്കുമിയിലുള്ള ഗതാഗതതടസ്സം മൂലം ആറ് മണിക്കൂറാണ് നഷ്ടമായത്. തുടർന്ന് രാത്രി ഒമ്പതോടെ പാറ്റ്‌നയിൽ നിന്ന് ബസ് കയറി ഇന്നലെ ഉച്ചക്ക് ഒന്നോടെ കൊൽക്കത്തയിലെത്തി. അവിടെ നിന്ന് ക്യാബ് സംഘടിപ്പിച്ച് 1.40 ഓടെ പരീക്ഷാ കേന്ദ്രത്തിലെത്തുകയായിരുന്നു. എന്നിട്ടും പത്ത് മിനുട്ട് വൈകിയെന്നതിന്റെ പേരിൽ അവസരം നിഷേധിക്കുകയായിരുന്നു. ഞാൻ ഗാർഡിനോട് അഭ്യർഥിച്ചു. പ്രിൻസിപ്പലിനെ പോയി കണ്ടു. പക്ഷേ ആരും ദയ കാണിച്ചില്ല. സന്തോഷ് കുമാർ സങ്കടത്തോടെ പറഞ്ഞു.  എനിക്ക് ജീവിതത്തിലെ ഒരു നിർണായക വർഷമാണ് നഷ്ടമായത്. ഇനി അടുത്ത വർഷത്തെ പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ വീണ്ടും ആരംഭിക്കേണ്ടതുണ്ട്. വീട്ടിലേക്ക് മടങ്ങവേ സന്തോഷ് പറഞ്ഞു.

ALSO READ  നീറ്റ് , ജെ ഇ ഇ പരീക്ഷ:  കേന്ദ്രതീരുമാനത്തിന് പിന്തുണയുമായി വിദ്യാഭ്യാസ വിദഗ്ധർ