കോഴിക്കോട്ടുകാരന്റെ റഫി പാട്ടുകളില്‍ വിസ്മയം തൂകി ആനന്ദ് മഹീന്ദ്ര

Posted on: September 14, 2020 7:07 pm | Last updated: September 14, 2020 at 7:07 pm

കോഴിക്കോട് | മുഹമ്മദ് റഫിയുടെ ഗാനത്തിലൂടെ വ്യവസായി ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ച് കോഴിക്കോടിന്റെ ‘ഛോട്ടാ റഫി’. കോഴിക്കോട് സ്വദേശിയായ സൗരവ് കിഷനാണ് റഫിയുടെ പാട്ട് പാടി യുട്യൂബില്‍ അപ്ലോഡ് ചെയ്തത്. ഇതുകണ്ട ആനന്ദ് മഹീന്ദ്ര കിഷനെ മുക്തകണ്ഠം പ്രശംസിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ്.

പതിറ്റാണ്ടുകളായി പുതിയ മുഹമ്മദ് റഫിയെ കാത്തിരിക്കുകയാണെന്നും കാത്തിരിപ്പ് അവസാനിക്കുകയാണെന്നും ഈ ക്ലിപ്പ് ഓഫാക്കാന്‍ സാധിക്കില്ലെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. 1969ല്‍ ഇറങ്ങിയ ചിരാഗ് എന്ന സിനിമയിലെ തേരി ആംഖോം കെ സിവ റാഫി ഗാനമാണ് സൗരവ് കിഷന്‍ ആലപിച്ചത്. റഫിയുടെ ശബ്ദത്തോട് ഏറെ സാമ്യമുള്ളതാണ് കിഷന്റെത്.

അതാണ് ആനന്ദ് മഹീന്ദ്രയെ അടക്കമുള്ളവരെ വിസ്മയിപ്പിച്ചത്. മൂന്ന് ദിവസം മുമ്പ് ജുദിഷ് രാജ് എന്നയാള്‍ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് കിഷന്റെ പാട്ട് വൈറലായത്. പത്താം വയസ്സില്‍ ഒരു സ്റ്റേജ് പരിപാടിയില്‍ റാഫിയുടെ നിത്യഹരിത ഗാനം സൗരവ് പാടിയിരുന്നു. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിനെ സാക്ഷിയാക്കിയായിരുന്നു ആ പാട്ട്. തുടര്‍ന്ന് റാഫി പാട്ടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പിതാവാണ് സൗരവിനോട് ഉപദേശിച്ചത്.

ALSO READ  ഐ സി യുവില്‍ വെച്ച് കൊവിഡ് രോഗിയുടെ മിന്നുകെട്ട്